ADVERTISEMENT

ഇന്ത്യയുടെ കണ്ണീരിന്റെ പേരാണ് കഠ്‌‍വ. ജമ്മുവിലെ കഠ്‌വയിൽ നീറ്റലായൊടുങ്ങിയ ആ എട്ടു വയസ്സുകാരിയെ ഓർത്ത് മനുഷ്യപ്പറ്റുള്ളവരുടെയെല്ലാം കണ്ണുനിറഞ്ഞു. മരണാനന്തരമെങ്കിലും അവൾക്കു നീതി വേണമെന്നു മുദ്രാവാക്യം വിളിച്ചു രാജ്യമെങ്ങും തെരുവിലിറങ്ങി. 2012 ഡിസംബറിലെ ഡൽഹി നിർഭയ മാനഭംഗ–കൊലക്കേസിനുശേഷം രാജ്യത്തെ നടുക്കിയ സംഭവത്തിൽ ദേശവ്യാപകമായി പ്രതിഷേധം ഉയർന്നു.

ബാലികയെ കാണാതായത് 2018 ജനുവരി പത്തിന്. വനത്തിൽ മേയാൻ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെൺകുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത പ്രതികളിലൊരാൾ, ബലമായി ലഹരി നൽകി പീഡിപ്പിച്ചു. പിന്നീടു തൊട്ടടുത്ത ചെറുക്ഷേത്രത്തിലെ മുറിക്കുള്ളിൽ ഒരാഴ്ച തടവിൽവച്ചും പീഡിപ്പിച്ചു. ഈ സമയത്തു ഭക്ഷണം നൽകാതെ ലഹരി നൽകി മയക്കിക്കിടത്തി. മൃതപ്രായയായ പെൺകുട്ടിയെ പിന്നീടു ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയിൽ ഒളിപ്പിച്ചു. പ്രതികളിലൊരാൾ കൊലപ്പെടുത്തും മുൻപു പെൺകുട്ടിയെ ഒരിക്കൽക്കൂടി ക്രൂരമായി പീഡിപ്പിച്ചു.

Kathua Rape Case Victim Village
ഇവിടെയാണ് ആ എട്ടു വയസ്സുകാരി അന്ത്യവിശ്രമം കൊള്ളുന്നത്.

പിന്നീട്, കല്ലുകൊണ്ടു പെൺകുട്ടിയുടെ തലയിൽ ഇടിച്ചാണു കൊന്നത്. മൃതദേഹം അടുത്തുള്ള വനത്തിൽ ഉപേക്ഷിച്ചു. ജനുവരി 12ന് കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഹിരാനഗർ പൊലീസ് എഫ്ഐആര്‍ റജിസ്റ്റർ ചെയ്തു. ജനുവരി 17ന് മൃതദേഹം കണ്ടെത്തി. ഈ സമയമെല്ലാം കാണാതായ പെൺകുട്ടിക്കു വേണ്ടി തിരച്ചിൽ തുടരുകയായിരുന്നു. പെൺകുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. പ്രാദേശിക പൊലീസിന്റെ അന്വേഷണത്തിൽ പരാതി ഉയർന്നതോടെ ജനുവരി 23നു ക്രൈംബ്രാഞ്ചിനു കൈമാറി. കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണു വിവരങ്ങൾ പുറത്തുവന്നത്. ജമ്മു കശ്മീർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനെതിരെ അഭിഭാഷകർ രംഗത്തെത്തിയതും വിവാദമായി. സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികൾ.

Read: കല്ലെറിഞ്ഞുകൊല്ലും മുൻപ് വീണ്ടും മാനഭംഗപ്പെടുത്തി

നാടോടി സമുദായമായ ബഖർവാലകളെ കഠ്‍വയിലെ രസാന ഗ്രാമത്തില്‍ നിന്ന് പുറന്തള്ളുക എന്ന ലക്ഷ്യത്തോടെ ബാലികയെ തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു കൊന്നെന്നാണു പ്രോസിക്യൂഷന്‍ കേസ്. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സാൻജിറാമാണു മുഖ്യ ഗൂഢാലോചകന്‍. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണു പീഡനം നടന്നത്. സാന്‍‍ജിറാമിന്റെ മകന്‍ വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയെത്താത്ത അനന്തരവന്‍ (15), സുഹൃത്ത് പർവേഷ് കുമാർ, സ്പെഷല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജൂരിയ എന്നിവര്‍ കൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തു. കേസ് ആദ്യം അന്വേഷിച്ച എസ്ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്പെഷല്‍ പൊലീസ് ഓഫിസര്‍ സുരീന്ദര്‍ കുമാർ എന്നിവര്‍ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നു.

Kathua Rape Case
പെൺകുട്ടിയെ ഒരാഴ്ച തടവിൽ പാർപ്പിച്ചു പീഡിപ്പിച്ചത് ഈ കെട്ടിടത്തിൽ.

∙ മനുഷ്യത്വം മരവിച്ച ക്രൂരത

ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്കു കൂടിയ അളവിൽ ഉറക്കമരുന്നുകൾ നൽകിയിരുന്നുവെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പലതരം വേദനസംഹാരികളും ഉറക്കഗുളികകളും ലഹരിമരുന്നുകളും ചേർത്ത മിശ്രിതം ഉള്ളിൽച്ചെന്നു കടുത്ത മയക്കത്തിലേക്കു വീണ കുട്ടിക്കു പീഡനശ്രമങ്ങൾ ചെറുക്കാനാകുമായിരുന്നില്ലെന്ന് അന്വേഷണസംഘം പഠാൻകോട്ട് കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി. ഉറക്ക/ലഹരി/മയക്കു മരുന്നുകളുടെ കോക്ടെയിൽ എന്ന വാക്കാണു കുറ്റപത്രത്തിലുള്ളത്. കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളും മരുന്നുകളും കുഞ്ഞിനു ബലംപ്രയോഗിച്ചു നൽകി.

മയക്കുമരുന്നുകൾ അമിതമായി ശരീരത്തിലെത്തിയതോടെ അബോധാവസ്ഥയിലായ ബാലികയ്ക്കു കരയാൻ പോലും കഴിഞ്ഞിരിക്കില്ല എന്നാണു ഫൊറൻസിക് മെഡിസിൻ വിദഗ്ധരുടെ വിലയിരുത്തൽ. ചുഴലിക്കും മറ്റ് അസ്വസ്ഥതകൾക്കും കഴിക്കുന്ന മരുന്നാണു നൽകിയത്. 30 കിലോഗ്രാം മാത്രം ഭാരമുള്ള കുട്ടിക്ക് ചെറിയ ഡോസ് പോലും അധികമാണെന്നിരിക്കെ അഞ്ച് ടാബ്‌ലറ്റുകളാണു പ്രതികൾ ആദ്യദിവസം നൽകിയത്. പിന്നീടുള്ള ദിവസങ്ങളിലും മരുന്നു നൽകിയതായി കുട്ടിയുടെ ആന്തരാവയവങ്ങളുടെ പരിശോധനയിൽ കണ്ടെത്തി.

Kathua Rape Murder Case Victim House
ഇവിടെയായിരുന്നു പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്.

മരുന്നും പ്രാദേശികമായി ഉപയോഗിക്കുന്ന ലഹരിവസ്തുവും കുട്ടിയിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായം തേടിയിരുന്നു. തടവിൽ ക്രൂരപീഡനത്തിന് ഇരയായിട്ടുണ്ടെങ്കിൽ കുട്ടി കരഞ്ഞു ബഹളം വയ്ക്കുമായിരുന്നു എന്നാണു പ്രതികളുടെ അഭിഭാഷകർ വാദിച്ചത്. സമൂഹമാധ്യമങ്ങളിലും പ്രതികളെ അനുകൂലിക്കുന്നവർ ഈ അഭിപ്രായം പങ്കുവച്ചു. ഇതിനെ പ്രതിരോധിക്കാനും കുട്ടിയുടെ അപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്നതിനുമാണു ക്രൈംബ്രാഞ്ച് മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് തേടിയത്.

∙ ബിജെപി–പിഡിപി സർക്കാർ വിറച്ചു

ന്യൂനപക്ഷ വിഭാഗത്തിൽപെട്ട എട്ടു വയസ്സുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം നൽകുന്നതിൽ പ്രതിഷേധിച്ച് പ്രാദേശിക ബാർ അസോസിയേഷൻ ബന്ദ് ആഹ്വാനം ചെയ്തു. നിയമ നടപടി തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് പൊലീസ് അഭിഭാഷകർക്കെതിരെ കേസെടുത്തു. കേസിൽ പൊലീസ് പക്ഷഭേദം കാട്ടുന്നുവെന്നാരോപിച്ച് അന്നത്തെ മെഹബൂബ മന്ത്രിസഭയിലെ രണ്ടു ബിജെപി മന്ത്രിമാരും രംഗത്തെത്തി.

Read: പീഡിപ്പിക്കാനായി ആ നരാധമൻ 500 കി.മീ താണ്ടിയെത്തി

ഉന്നതർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. തുടർന്ന് കേസിൽ ഉൾപ്പെട്ട രണ്ടു സ്പെഷൽ പൊലീസ് ഓഫിസർമാരും സാൻജിറാമും ഉൾപ്പെടെ ഏഴു പേർ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങി. 2018 ഏപ്രില്‍ 9ന് കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു. ഏഴു പേരായിരുന്നു കുറ്റക്കാർ. പ്രായപൂർത്തിയാകാത്ത എട്ടാം പ്രതിക്കെതിരെ ഏപ്രിൽ 10നും കുറ്റപത്രം സമർപ്പിച്ചു. ജമ്മു കശ്മീർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള പൊലീസിന്റെ ശ്രമം അഭിഭാഷകർ തടസ്സപ്പെടുത്തി. ഇതിലും പൊലീസ് കേസെടുത്തു. ന്യൂനപക്ഷ ദോഗ്ര സമൂഹത്തെ പൊലീസ് ബലിയാടാക്കുന്നു എന്നായിരുന്നു അഭിഭാഷകരുടെ ആരോപണം.

Kathua Case sanji ram culprit
കേസിലെ പ്രതികളിലൊരാളായ സാൻജി റാം.

അഭിഭാഷകരുടെ പ്രതിഷേധത്തിനു ബന്ദാഹ്വാനത്തിനും ബിജെപി ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണയുണ്ടായിരുന്നു. എന്നാൽ, കുറ്റക്കാർക്കു മാതൃകാപരമായ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടു നാഷനൽ കോൺഫറൻസ് പ്രകടനം നടത്തി. ജമ്മുവിലെ വ്യാപാരി സംഘടനയും അഭിഭാഷകർ നിയമവാഴ്ച തടസ്സപ്പെടുത്തുന്നതിനെതിരെ രംഗത്തെത്തി.

പ്രതികൾക്ക് അനുകൂലമായി ഹിന്ദു ഏകതാ മഞ്ച് ഫെബ്രുവരി 16നു നടത്തിയ റാലിയിൽ ബിജെപി മന്ത്രിമാരായ ലാൽ സിങ്, ചന്ദർ പ്രകാശ് എന്നിവർ പങ്കെടുത്തത് വൻ വിവാദമായി. തുടർന്നു മാർച്ച് 1ന് ഇവർ രാജി പ്രഖ്യാപിച്ചു, ഏപ്രിലിൽ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ബിജെപി മന്ത്രിമാർ രാജിവയ്ക്കുന്നില്ലെങ്കിൽ പുറത്താക്കാൻ അന്നത്തെ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കു മേൽ സമ്മർദമുണ്ടായിരുന്നു. സഖ്യം അവസാനിപ്പിക്കണമെന്നും പിഡിപിക്കുള്ളിൽ വികാരമുയർന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സംഭവത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു രംഗത്തു വന്നതോടെ കേന്ദ്രത്തിനു മേൽ സമ്മർദമേറി.

Read: അവർ ആ കുരുന്നിനോടു ചെയ്തത് അതിക്രൂരപീഡനം; ഞെട്ടിച്ച് ഫൊറൻസിക് റിപ്പോർട്ട്

അതിനിടെ, ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷനെതിരെ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഒഴിവാക്കി. കശ്മീരിലെ കോടതിയിൽ അഭിഭാഷകർ നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചതു ശ്രദ്ധയിൽവന്നതോടെയാണു സുപ്രീം കോടതി കേസെടുത്തത്. എന്നാൽ, പഠാൻകോട്ട് കോടതിയിലേക്കു വിചാരണ മാറ്റിയതോടെ കേസിനു പ്രസക്തിയില്ലെന്ന ബാർ അസോസിയേഷന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു.

കേസിന്റെ വിചാരണ പഞ്ചാബിലെ പഠാൻകോട്ട് ജില്ലാ സെഷൻസ് കോടതിയിലേക്കു മാറ്റാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടത് മേയ് ഏഴിനാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലായിരുന്നു നടപടി. ജമ്മുവിലെ വർഗീയാന്തരീക്ഷം കണക്കിലെടുത്ത് കേസിന്റെ വിചാരണ ചണ്ഡിഗഡിലേക്കു മാറ്റണമെന്നായിരുന്നു ആവശ്യം. വിചാരണ രഹസ്യമായി വേണമെന്നു കോടതി നിർദേശിച്ചു. ദിവസവും വിചാരണ നടത്തി വേഗത്തിൽ പൂർത്തിയാക്കണം.

കേസിലെ പ്രതികളെ പഞ്ചാബിലെ ഗുർദാസ്പുർ ജയിലിലേക്കു മാറ്റാനും സുപ്രീം കോടതി ജൂലൈ 9ന് ഉത്തരവിട്ടു. കേസിന്റെ വിചാരണ രഹസ്യമായി നടത്തണമെന്നും സാക്ഷികളെ വിസ്തരിക്കുമ്പോൾ ന്യായാധിപനും ജീവനക്കാർക്കും പുറമേ, പ്രോസിക്യൂട്ടർമാരും പ്രതികളുടെ ഓരോ അഭിഭാഷകരും മാത്രമേ പാടുള്ളൂവെന്നും കോടതി നിഷ്കർഷിച്ചിരുന്നു.. 275 തവണ വാദം കേള്‍ക്കല്‍ നടന്നു. 132 സാക്ഷികളെ വിസ്തരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ സാൻജിറാമിനെയും മകനെയും പൊലീസ് ഉദ്യോഗസ്ഥരെയും കേസില്‍ പെടുത്തി എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പ്രായം സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രായപൂര്‍ത്തിയെത്താത്ത ഒരു പ്രതിയുടെ വിചാരണ ആരംഭിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com