ADVERTISEMENT

കൊച്ചി∙ എറണാകുളത്ത് ചികിത്സയിലുള്ള നിപ്പ രോഗിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറായി യുവാവിനെ പനിച്ചിട്ടില്ല. പരസഹായമില്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും നന്നായി ഉറങ്ങുകയും ചെയ്യുന്നുണ്ടെന്ന് ഡോക്ടർ അറിയിച്ചതായി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ മെഡിക്കല്‍ കോളജില്‍ ഐസലേഷന്‍ വാര്‍ഡിലുള്ള ഏഴ് രോഗികളുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ആരോഗ്യ നിലയും തൃപ്തികരമാണ്. മറ്റു ചികിത്സകൾ തുടരുന്നതിന് ഇവരിൽ ഒരാളെ വാർഡിലേക്കും മറ്റൊരാളെ ഐസിയുവിലേക്കും മാറ്റിയിട്ടുണ്ട്. എറണാകുളം മെഡിക്കൽ കോളജിൽ തിങ്കളാഴ്ച പരിശോധിച്ച 5 സാംപിളുകളുടെയും ഫലം നെഗറ്റീവാണ്. 10 സാംപിളുകളുടെ പരിശോധന പുരോഗമിക്കുകയാണ്. 

നിപ്പ രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ പട്ടികയിലുള്ള 329 പേരിൽ ആലപ്പുഴ സ്വദേശിയായ ആളെ പനി കണ്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റിയിട്ടുണ്ട്. ഇവരിൽ 52 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 277 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമുൾപ്പെട്ടവരാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. 

വിദഗ്ധ സംഘം ചൊവ്വാഴ്ച ആലുവ പാലസിൽ 45 വവ്വാലുകളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. ബുധനാഴ്ച പറവൂർ മേഖലയിൽ നിന്നുള്ള വവ്വാലുകളുടെ സാംപിളുകൾ ശേഖരിക്കും. 

നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ട് പറവൂർ നഗരസഭയുടെ കീഴിൽ പറവൂർ മുൻസിപ്പൽ ടൗൺ ഹാളിൽ 300 പേര്‍ക്ക് പരിശീലനം നല്‍കിയതായി കലക്ടറേറ്റിൽ നിന്ന് അറിയിച്ചു. മുൻസിപ്പാലിറ്റി, പഞ്ചായത്ത് പ്രദേശങ്ങളിൽ അങ്കണവാടി - ആശ വർക്കർമാർക്ക് നൽകുന്ന പരിശീലനം 13ന് പൂർത്തിയാകും. മെഡിക്കൽ ഓഫിസർമാരാണ് പരിശീലനം നൽകുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com