ADVERTISEMENT

കൊച്ചി ∙ കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മാതാപിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി 10 ദിവസങ്ങൾക്കു ശേഷം പരിഗണിക്കും. കേരള പൊലീസ് അന്വേഷണം പൂർത്തിയാക്കും മുൻപു തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹർജി സമർപ്പിച്ചതു തിടുക്കത്തിലായെന്നും കോടതി ചൂണ്ടിക്കാട്ടി.

നിലവിലെ അന്വേഷണം കാര്യക്ഷമവും തൃപ്തികരവുമല്ലെന്നും സത്യം പുറത്തുവരാൻ സിബിഐ അന്വേഷണം വേണമെന്നുമുള്ള തോന്നൽ മാധ്യമവാർത്തകളിലൂടെ ഉണ്ടായതാണെന്നും കോടതി അഭിപ്രായപ്പെട്ടു. എഫ്ഐആറിൽ രാഷ്ട്രീയ കൊലപാതകമെന്നു പരാമർശിക്കപ്പെട്ട കുറ്റകൃത്യം അന്വേഷണത്തിൽ വ്യക്തി വൈരാഗ്യം മൂലം ഉണ്ടായതെന്നു മാറ്റിയത് അപ്രസക്തമായ കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ കൊലയ്ക്കു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നതായുള്ള സൂചന അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിൽ വ്യക്തമാണെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. ദൃക്‌സാക്ഷികളില്ലാത്ത കേസായതിനാൽ ശാസ്ത്രീയ അന്വേഷണമാണു നടക്കുന്നത്.
കേസന്വേഷണം ഫലപ്രദവും കാര്യക്ഷമവുമാണെന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി.

പ്രതികളെ പിടികൂടുകയല്ലല്ലോ കീഴടങ്ങുകയല്ലേ ചെയ്തതെന്നു കോടതി ചോദിച്ചു. ആദ്യം ദിവസം തന്നെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾ അടുത്ത ദിവസങ്ങളിൽ കീഴടങ്ങിയെന്നു പ്രോസിക്യൂഷൻ ബോധിപ്പിച്ചു. എന്തുകൊണ്ടാണിതു സംഭവിച്ചതെന്നു കോടതി ചോദിച്ചപ്പോൾ പ്രതികൾക്ക് അത്തരം നിയമോപദേശമാവും കിട്ടിയതെന്നു പ്രോസിക്യൂഷൻ പറഞ്ഞു.

അക്രമണത്തിനിടയിൽ പരുക്കേറ്റ പ്രതിയുടെ ഡിഎൻഎ പരിശോധനയും ആയുധങ്ങളുടെ ശാസ്ത്രീയ പരിശോധനയും നടത്തിയത് അന്വേഷണത്തിന്റെ കാര്യക്ഷമതയുടെ സൂചനയായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനി ഹർജി കൊണ്ടു കാര്യമുണ്ടെന്നു തോന്നുന്നില്ലെന്നു കോടതി വാക്കാൽ നിരീക്ഷിച്ചു.

അന്വേഷണം തൃപ്തികരമല്ലെന്നു വെറുതേ പറഞ്ഞിട്ടു കാര്യമില്ല, പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും ജാമ്യാപേക്ഷകളിലെ വിധി പകർപ്പുകളുമല്ലാതെ ഹർജിക്കൊപ്പം മതിയായ രേഖകൾ സമർപ്പിച്ചിട്ടില്ല. അന്വേഷണം സിബിഐക്കു കൈമാറണമെങ്കിൽ ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തണം. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിലെ പരാമർശങ്ങൾ മാത്രം പരിഗണിച്ച് അന്വേഷണം സിബിഐക്കു കൈമാറാൻ കഴിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം വേണമെന്ന ആവശ്യം അനുവദിച്ചാണു കോടതി 10 ദിവസങ്ങൾക്കു ശേഷം ഹർജി വീണ്ടും പരിഗണിക്കുന്നത്. കേസിലെ ചില പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നതു പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം വ്യാഴാഴ്ചയിലേക്കു മാറ്റി. ഇതിനു ശേഷം കോടതി പരിഗണിച്ച മറ്റൊരു കേസിൽ കോടതി നടപടികൾ വൈകിപ്പിക്കുന്നതിനു പിന്നിൽ രഹസ്യ അജൻഡയുള്ളതായി സംശയമുണ്ടെന്നു ഹൈക്കോടതി പരാമർശിച്ചതു പെരിയ കൊലക്കേസുമായി ബന്ധപ്പെടുത്തി പ്രചാരണമുണ്ടായി.

പെരിയ കേസ് മാറ്റിവയ്ക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതാണു കോടതിയുടെ ‘രഹസ്യ അ‍ജൻഡ’ പരാമർശത്തിനു വഴിയൊരുക്കിയതെന്ന തെറ്റിധാരണയാണു ഇത്തരത്തിലുള്ള പ്രചാരണത്തിനു കാരണമായത്. ഉച്ചയ്ക്കു ശേഷം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, പ്രോസിക്യൂഷനെതിരായല്ല പരാമർശമെന്നു കോടതി പറഞ്ഞു. പ്രോസിക്യൂഷനും കോടതി ജീവനക്കാരും കൃത്യമായി കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും മറ്റുചില വിഭാഗങ്ങളിൽ നിന്നും ഇത്തരം നീക്കങ്ങൾ നടക്കുന്നുണ്ടോയെന്ന സംശയമാണു പ്രകടിപ്പിച്ചതെന്നും കോടതി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com