ADVERTISEMENT

ന്യൂഡല്‍ഹി ∙ ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുന്നു. ഡൽഹിയിൽ വരും ദിവസങ്ങളിലും താപനില 48 ഡിഗ്രിയിൽ അധികമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാനിലും ഉത്തർപ്രദേശിലും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. റെക്കോർഡ് ചൂടാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.

ഉത്തർപ്രദേശിലെ ഝാൻസി, രാജസ്ഥാനിലെ ചുരു, ബിക്കാനീര്‍, ഹരിയാനയിലെ ഹിസാർ, ബിഭാനി, പഞ്ചാബിലെ പട്യാല, മധ്യപ്രദേശിലെ ഗ്വാളിയോർ, ഭോപ്പാൽ എന്നിവിടങ്ങളിൽ 45 ഡിഗ്രിയായിരുന്നു താപനില. മഴയെത്താൻ ഇനിയും സമയമേറെ എടുക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. ചരിത്രത്തില്‍ ഏറ്റവുമധികം ചൂടു രേഖപ്പെടുത്തിയ രണ്ടാമത്തെ വർഷമാണ് ഇത്. 1991ൽ ഉണ്ടായതിനേക്കാളും മൂന്നുമടങ്ങ് ചൂടാണ് ഉണ്ടായിരിക്കുന്നത്.

കനത്ത ചൂടിനെ തുടര്‍ന്ന് ഉത്തരേന്ത്യയുടെ വിവിധയിടങ്ങളിൽ നദികളും റിസർവോയറുകളും വറ്റിവരണ്ടിരിക്കുകയാണ്. ഡൽഹിയിൽ വൈദ്യുതി ഉപയോഗം റെക്കോർഡിലെത്തി. തിങ്കളാഴ്ചയോടെ 6,686 മെഗാ വാട്ടാണ് വൈദ്യുതി ഉപയോഗം. ഉൾപ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. ടാങ്കുകളിലും പൈപ്പുകളിലും പോലും എത്തിക്കാൻ ആവശ്യമായ വെള്ളം കിട്ടാനില്ല. ഉത്തർപ്രദേശിൽ പലയിടങ്ങളിലും നദികൾക്കുള്ളിൽ കുഴികുഴിച്ച് വെള്ളം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗ്രാമവാസികൾ. എന്നാൽ ഇവയും വറ്റിവരണ്ടതോടെ പലയിടങ്ങളിലും കിലോമീറ്ററുകള്‍ താണ്ടിയാണ് ഒരു കുടം വെള്ളമെങ്കിലും എത്തിക്കുന്നത്. ഭൂഗര്‍ഭ ജലനിരപ്പ് 300 അടിയായതോടെ ഹാൻഡ് പൈപ്പുകൾ പോലും ഉപയോഗിക്കാൻ സാധിക്കുന്നില്ല.

ചൂട് കനത്തതോടെ നഗരവാസികളിൽ ഭൂരിഭാഗവും ഹിൽ സ്റ്റേഷനുകളിലേക്ക് പോകുകയാണ്. വിനോദസഞ്ചാരികളാൽ തിങ്ങിനിറഞ്ഞ സ്ഥിതിയിലാണ് പലസ്ഥലങ്ങളും. ദിവസേന 15,000ത്തിനും 20,000ത്തിനും ഇടയ്ക്ക് വിനോദസഞ്ചാരികളാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെത്തുന്നത്. ഇവിടുത്തെ 8,000ത്തോളം മുറികളും നിറഞ്ഞിരിക്കുകയാണ്. 2,000 മുറികളുള്ള മസൂറിയിലും ഇതേ അവസ്ഥയിലാണ് കാര്യങ്ങൾ.  

English Summary: India staring at longest heatwave in 3 decades

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com