ADVERTISEMENT

കൊച്ചി ∙ കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണ പദ്ധതിയിട്ട ആറംഗ ഇസ്‌ലാമിക് സ്റ്റേറ്റ് ഘടകത്തിനെതിരെ എൻഐഎ കേസ്. ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്രാൻ ഹാഷിമുമായി ഈ ഘടകത്തിന് ബന്ധമുണ്ടായിരുന്നെന്നാണ് കണ്ടെത്തൽ. ഇവരിൽ പ്രധാനിയും ഐഎസ് ഘടകം രൂപീകരിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്ത മുഹമ്മദ് അസറുദീൻ, സഹ്രാൻ ഹാഷിമിന്റെ ഫെയ്സ്ബുക് സുഹൃത്താണ്.

എൻഐഎ കോടതിയിൽ നേരത്തെ ഫയൽ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂരിൽ ഏഴ് കേന്ദ്രങ്ങളിൽ എൻഐഎ ഇന്ന് പരിശോധന നടത്തി. കൊച്ചിയിൽ നിന്നും കോയമ്പത്തൂരിൽ നിന്നുമുള്ള എൻഐഎ ഉദ്യോഗസ്ഥരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന.

കേസിൽ കോയമ്പത്തൂരിൽ നിന്നുള്ള മുഹമ്മദ് അസറുദീൻ, പോതന്നൂർ നഞ്ചുണ്ടാപുരം സ്വദേശി ടി.അസറുദീൻ, സൗത്ത് ഉക്കാടം അൽഅമീൻ കോളനി സ്വദേശി ഷെയ്ക് ഹിദായത്തുല്ല, കണിയാമുത്തൂർ സ്വദേശി എം.അബൂബക്കർ, കരിമ്പുകടൈ ആസാദ്നഗർ സദാം ഹുസൈൻ, മനിയത്തോട്ടം ഇബ്രാഹിം ഷാഹിൻ എന്നിവരെയാണ് പ്രതി ചേർത്ത് ചോദ്യം ചെയ്തത്. സംശയമുള്ള ഏതാനും ആളുകളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു.

ശ്രീലങ്കൻ സ്ഫോടനങ്ങളുടെ ഇന്ത്യൻ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് തമിഴ്നാട്ടിലും കേരളത്തിലും ആക്രമണം നടത്തുന്നതിനു പദ്ധതിയിട്ട ഐഎസിന്റെ കോയമ്പത്തൂർ ഘടകത്തെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിക്കുന്നത്. ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും വിവരം കിട്ടി.

ഈ ഗ്രൂപ്പ് അംഗങ്ങളുടെ സമൂഹമാധ്യമ ഇടപടലുകളിലൂടെ നടത്തിയ പരിശോധനയിലാണ് സഹ്രാൻ ഹാഷിമിന്റെ ഫെയ്സ്ബുക് സുഹൃത്താണ് മുഹമ്മദ് അസറുദീൻ എന്ന് കണ്ടെത്തുന്നത്. തമിഴ്നാട്ടിലെയും കേരളത്തിലെയും ആരാധനാലയങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനായി ഘടകം രഹസ്യയോഗങ്ങൾ ചേർന്നിരുന്നതായും ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. 

മുഹമ്മദ് അസറുദീനുമായി ബന്ധപ്പെട്ടിരുന്ന ഏതാനും മലയാളി യുവാക്കൾക്കായും എൻഐഎ അന്വേഷണം തുടരുകയാണ്. ദക്ഷിണേന്ത്യയിലെ ഭാവി പരിപാടികൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് സമാന മനസ്കർക്കായി ഓൺലൈനിൽ ഇവർ ക്യാംപെയ്ൻ നടത്തിയതിനും തെളിവുകൾ ലഭിച്ചു. നേരത്തെ സഹ്രാൻ ഹാഷിമിനെ പിന്തുടർന്നിരുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

English summary: NIA register case against ISIS branch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com