ADVERTISEMENT

തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തില്‍ സംശയനിഴലിലുള്ള അര്‍ജുന്‍ കേരളത്തിലെത്തിയതായി ക്രൈംബ്രാഞ്ച്. ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ അസമിലുള്ളതായി ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. അര്‍ജുന്‍ കേരളത്തിലെത്തിയതായി ബന്ധുക്കള്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. എന്നാൽ ഫൊറന്‍സിക് പരിശോധന ഫലം ലഭിച്ചശേഷം അര്‍ജുനെ ചോദ്യം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്.

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 3 തവണ മൊഴിമാറ്റിയതോടെയാണ് അര്‍ജുന്‍ സംശയനിഴലിലാകുന്നത്. ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്ത് പുലര്‍ച്ചെ 3 മണിക്ക് അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ താനായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് ആദ്യം പറഞ്ഞത്.

തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം ബാലഭാസ്കറും ഭാര്യയും കുട്ടിയും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കുട്ടി സംഭവസ്ഥലത്തും ബാലഭാസ്കര്‍ ആശുപത്രിയില്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ബാലഭാസ്കര്‍ മരിച്ചതോടെ അര്‍ജുന്‍ മൊഴി മാറ്റി. അപകടസമയത്ത് ബാലഭാസ്കറാണ് വാഹനമോടിച്ചതെന്നായിരുന്നു രണ്ടാമത്തെ മൊഴി. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ ഡിവൈഎസ്പി: ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അര്‍ജുനെ ചോദ്യം ചെയ്തിരുന്നു. വാഹനമോടിച്ചത് ആരാണെന്നു ഓര്‍മയില്ലെന്നായിരുന്നു മൊഴി.

അപകടസമയത്ത് ഒരാള്‍ വാഹനത്തിന്റെ മുന്‍സീറ്റില്‍നിന്ന് രക്തം തുടച്ചുമാറ്റുന്നത് കണ്ടതായി ബാലഭാസ്കറിന്റെ കുടുംബത്തെ ചിലര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വാഹനത്തില്‍നിന്ന് മുടി, രക്തം, വിരലടയാളം എന്നിവ ശേഖരിച്ചു ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അര്‍ജുന്റെ സാമ്പിളുകളും ശേഖരിച്ചു. ബാലഭാസ്കറാണ് വാഹനമോടിച്ചതെന്നും അല്ലെന്നുമുള്ള വ്യത്യസ്ത മൊഴികളുള്ളതിനാല്‍ ഫൊറന്‍സിക് പരിശോധന ഫലത്തിന് കാക്കുകയാണ് ക്രൈംബ്രാഞ്ച്. അര്‍ജുനാണ് വാഹനമോടിച്ചതെന്നാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി. ഫൊറന്‍സിക് പരിശോധനയില്‍ അര്‍ജുനാണ് വാഹനമോടിച്ചതെന്നു വ്യക്തമായാല്‍ 3 തവണ ഇയാള്‍ മൊഴി മാറ്റിയതിന് ഉത്തരം ലഭിക്കും.

3 വര്‍ഷം മുന്‍പ് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 2 എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസില്‍ അര്‍ജുന്‍ പ്രതിയായിരുന്നു. എന്‍ജിനീയറിങ് പഠനകാലത്താണ് എടിഎം കേസില്‍ പൊലീസ് പിടിയിലാകുന്നത്. നാഗമാണിക്യം കയ്യിലുണ്ടെന്നു പ്രചരിപ്പിച്ചും ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നു. ഇതിനുശേഷമാണ് ബാലഭാസ്കറിന്റെ ഡ്രൈവറാകുന്നത്. ബാലഭാസ്കറിന്റെ സുഹൃത്തായ പാലക്കാട്ടെ ഡോക്ടറുടെ ഭാര്യയുടെ ബന്ധുവാണ് അര്‍ജുന്‍. വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ പ്രതിയായതോടെയാണ് അപകടമരണം വീണ്ടും ചര്‍ച്ചയാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com