ADVERTISEMENT

കൊച്ചി ∙ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ ഇൻസ്പെക്ടർ വി.എസ്.നവാസിന്റെ തിരോധാനത്തിനു കാരണമായത് പൊലീസിലെ തമ്മിലടിയും ജോലിസമ്മർദവുമെന്നു സൂചന. എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്.നവാസിനെ പുലര്‍ച്ചെ മുതല്‍ കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

ഔദ്യോഗിക വാഹനവും വയര്‍ലെസ് സെറ്റും പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച ശേഷമാണ് സിഐ വ്യാഴാഴ്ച പുലര്‍‌ച്ചെ മടങ്ങിയത്. യാത്രപോകുന്നെന്ന് ഭാര്യയെ അറിയിച്ച ശേഷം വീട്ടില്‍ നിന്നിറങ്ങിയ നവാസിനെ മൊബൈല്‍ഫോണിലും ലഭിക്കുന്നില്ല. അസിസ്റ്റന്റ് കമ്മിഷണറുമായി ഫോണില്‍ വാക്കേറ്റമുണ്ടായതിന് തുടര്‍ച്ചയായാണ് നവാസിനെ കാണാതായതെന്ന് ഭാര്യ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കുത്തിയതോട് സ്വദേശിയായ നവാസിനെ കാണാതായത് സംബന്ധിച്ച് കമ്മിഷണര്‍ വിജയ് സാഖറെ അന്വേഷണം തുടങ്ങി. അസിസ്റ്റന്റ് കമ്മിഷണറുമായുണ്ടായ വാഗ്വാദത്തെ തുടർന്നാണ് ഇദ്ദേഹം ഔദ്യോഗിക സിംകാർഡും വയർലസും തിരിച്ചൽപിച്ച് പോയതെങ്കിലും ഏതാനും മാസങ്ങളായി നവാസ് ജോലിയിൽ നേരിടുന്ന കടുത്ത സമ്മർദവും മാറിനിൽക്കാൻ പ്രേരിപ്പിച്ചെന്നാണ് കരുതുന്നത്.

ഏതാനും മാസങ്ങൾക്കു മുൻപ് ഒരു പ്രമുഖ ജ്വല്ലറിയുടമ ഐജി റാങ്കിലുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവിൽ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നത്രെ. ഈ തുക തിരികെ വാങ്ങും മുമ്പ് കടം നൽകിയ ആൾ മരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ പണം തിരികെ ചോദിച്ചെങ്കിലും നൽകാൻ ജ്വല്ലറിയുടമ തയാറായില്ല. ഇതോടെ പരാതി ഐജിയുടെ മുമ്പിലെത്തി. എന്നിട്ടും പണം നൽകാൻ തയാറാകാതെ വന്നതോടെ ജ്വല്ലറി ഉടമയ്ക്കെതിരെ കേസെടുക്കാൻ ഐജി കമ്മിഷണറെ ചുമതലപ്പെടുത്തി.

കമ്മിഷണർ ഈ ഉത്തരവാദിത്തം ഏൽപിച്ചതാകട്ടെ എറണാകുളം സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ നവാസിനെയും. നവാസ് ജ്വല്ലറിയുടമയ്ക്കെതിരെ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ജ്വല്ലറിയുടമയാകട്ടെ സ്വർണം, വെള്ളി വ്യാപാരി സംഘടനയിലെ ഉന്നതനാണ്. ഇതോടെ സംഘടനാ നേതാക്കൾ മന്ത്രിസഭയിലെ ഒരംഗത്തെ സ്വാധീനിച്ച് കേസ് പിൻവലിപ്പിക്കാനുള്ള ശ്രമമായി.

കേസ് കോടതിയിൽ വരുമ്പോൾ പ്രോസിക്യൂട്ടറോട് ജാമ്യം എതിർക്കരുതെന്ന് മന്ത്രി കർശന നിർദേശം നൽകിയെന്നാണു സൂചന. മന്ത്രിസഭാംഗത്തിന്റെ ഇടപെടലോടെ മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കേസിൽ കൈ ഒഴിഞ്ഞു. ഒടുവിൽ പ്രതിയെ അറസ്റ്റു ചെയ്ത് റിമാൻഡിലാക്കിയ നവാസ് പുലിവാൽ പിടിച്ച അവസ്ഥയിലുമായി.

ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നുണ്ടായ കേസും അറസ്റ്റുമെല്ലാം തന്റെമേലായ സമ്മർദത്തിൽ നിൽക്കുന്നതിനിടെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. ഇതിനിടയിൽ കഴിഞ്ഞദിവസം ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിലെ പ്രതിയെ അറസ്റ്റു ചെയ്ത വിവരം ഇൻസ്പെക്ടർ നവാസ് അസിസ്റ്റന്റ് കമ്മിഷണറെ അറിയിക്കാൻ വിട്ടുപോയത്രേ. ഇത് വലിയ തെറ്റായി വ്യാഖ്യാനിച്ച് അസിസ്റ്റന്റ് കമ്മിഷണർ നവാസിനെ വയർലസിലൂടെ ശാസിച്ചു.

വയർലസിലൂടെയുള്ള ശാസന എന്നാൽ കണ്ണുപൊട്ടുന്ന തെറിയായിരുന്നെന്നാണ് ഇതു കേട്ട മറ്റു പൊലീസുകാർ പറയുന്നത്. സ്വകാര്യ വയർലസിനു പകരം എല്ലാ പൊലീസ് ഉദ്യോഗസ്ഥരും കേൾക്കുന്ന നെറ്റ്‍വർക്കിലായിരുന്നു തെറിവിളി. കുറച്ചു നേരം ഇതെല്ലാം കേട്ട് സഹിച്ച നവാസ് അസിസ്റ്റന്റ് കമ്മിഷണറെ തിരിച്ചും തെറിപറഞ്ഞുവെത്രെ. പൊലീസ് ഉദ്യോഗസ്ഥരുടെ ഗ്വാഗ്വാ വിളികളും തമ്മിലുള്ള തെറിവിളിയും പരിധി വിട്ടതോടെ മറ്റ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്. എന്നാൽ അസിസ്റ്റന്റ് കമ്മിഷണറെ തെറിവിളിച്ച ഇൻസ്പെക്ടറുടെ കാക്കിയൂരുമെന്നായിരുന്നു വെല്ലുവിളി.

ഇതു സഹിക്കാനാവാതെയാണ് കാക്കിയുരിക്കും മുമ്പ് ഔദ്യോഗിക വയർലസും സിംകാർഡും തിരികെയേൽപിച്ച് ഇൻസ്പെക്ടർ വീട്ടിലേയ്ക്കു പോയത്. ഉയർന്ന ഉദ്യോഗസ്ഥർ, കൈക്കൂലി വാങ്ങാറില്ലാത്ത തന്നെ ദുരുപയോഗം ചെയ്യുന്നെന്ന പരാതി ഇദ്ദേഹം നേരത്തെ തന്നെ സഹപ്രവർത്തകരും സുഹൃത്തുകളുമായി പങ്കുവച്ചിരുന്നു. സബ് ഇൻസ്പെക്ടർ ആയിരിക്കെ തന്നെ കൈക്കൂലി വാങ്ങാറില്ലാത്ത ഉദ്യോഗസ്ഥരുടെ പട്ടികയിലുള്ളയാളാണ് വി.എസ്.നവാസ്. 

English Summary: Kochi central police station CI missing, case registered, police infight blammed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com