ADVERTISEMENT

ഒരു ലോക്സഭാ കാലാവധി പൂര്‍ണ്ണമായും പൂര്‍ത്തിയാക്കി തുടര്‍ച്ചയായി ഏറ്റവും കൂടുതൽ കാലം സ്പീക്കര്‍ പദവിയിലിരിക്കുന്ന വ്യക്തിയായിരിക്കും സുമിത്ര മഹാജൻ‍. 16-ാം ലോക്സഭ മേയ് 25നു പിരിച്ചുവിട്ടെങ്കിലും ഭരണഘടന അനുസരിച്ച് 17-ാം ലോക്സഭയുടെ പ്രഥമ സമ്മേളനം ആരംഭിക്കുന്ന ജൂണ്‍ 17നു മുന്‍പു വരെ അവര്‍ ഈ പദവിയിലുണ്ടായിരിക്കും. ‘‘ലോക്സഭ പിരിച്ചുവിടുമ്പോഴെല്ലാം, ആ പിരിച്ചുവിടലിനുശേഷമുള്ള ലോക്സഭയുടെ ഒന്നാമത്തെ യോഗം ചേരുന്നതിന് തൊട്ടുമുൻപുവരെ സ്പീക്കർ തന്റെ ഉദ്യോഗം ഒഴിയുവാൻ പാടുള്ളതല്ല’’ എന്നാണ് ഭരണഘടന (94-ാം വകുപ്പ്) പറയുന്നത്. 2014 ജൂണ്‍ 6നാണ് സുമിത്ര‍ 16-ാം ലോക്സഭയുടെ സ്പീക്കര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മീരാ കുമാർ (15-ാം ലോക്സഭ) കൃത്യം 5 വർഷം സ്പീക്കറായിരുന്നു. 2019 ജൂണ്‍ 7ന് സുമിത്ര മീരയെ മറികടന്നു.

ഇതുവരെ 16 പേർ ലോക്സഭാ സ്പീക്കർ ആയിട്ടുണ്ട്. തുടർച്ചയായ രണ്ടു തവണയായി 6 മുതൽ10 വർഷം വരെ സ്പീക്കര്‍ പദവി വഹിച്ച മൂന്നു പേർ (ബൽറാം ഝക്കർ, ഗുർദയാൽ സിങ് ധില്ലൻ, എം. അനന്തശയനം അയ്യങ്കാർ) ഉണ്ടെങ്കിലും കാലാവധികൾക്കിടയിൽ ചെറിയ ഇടവേളയോടെയാണ് അവർ പദവിയിൽ തുടർന്നത്. തുടർച്ചയായി മറ്റൊരാളും (ജി.എം.സി. ബാലയോഗി) തുടർച്ചയല്ലാതെ ഒരാളും (നീലം സഞ്ജീവ റെഡ്ഡി) രണ്ടു തവണ സ്പീക്കറായെങ്കിലും 4 വർഷം പോലും തികച്ചില്ല. ആയുസു നീട്ടിക്കിട്ടിയ 5-ാം ലോക്സഭയിൽ 2 പേരാണ് സ്പീക്കറായത്.

അതേസമയം ലോക്സഭ പിരിച്ചുവിടുന്നതോടെ ഡെപ്യൂട്ടി സ്പീക്കറുടെ പദവി ഒഴിവാകും. മേയ് 25ന് സ്ഥാനമൊഴിഞ്ഞ എം. തമ്പിദുരൈയാണ് ഏറ്റവും കൂടുതൽ കാലം ഈ പദവി വഹിച്ചത്. അദ്ദേഹം 8-ാം ലോക്സഭയിലും ഈ സ്ഥാനം വഹിച്ചു. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ഡെപ്യൂട്ടി സ്പീക്കറായത് ജി.ജി. െസ്വൽ (5-ാം ലോക്സഭ; 5 വർഷം 10 മാസം) ആണ്. 4–ാം ലോക്സഭയിലും കുറെക്കാലം ഈ സ്ഥാനം വഹിച്ച അദ്ദേഹത്തിന് ആകെയുള്ള കാലാവധിയിൽ രണ്ടാം സ്ഥാനമുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് ആയുസു നീട്ടിക്കിട്ടിയ 5-ാം ലോക്സഭ (5 വർഷം 10 മാസം 3 ദിവസം) കഴിഞ്ഞാൽ 16-ാം ലോക്സഭയാണ് (5 വർഷം 7 ദിവസം) ഏറ്റവും കൂടുതൽ കാലം നിലനിന്നത്.

അന്നത്തെ ഇന്ദിരാഗാന്ധി മന്ത്രിസഭ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൻ കാലം അധികാരത്തിലിരുന്നത് മേയ് 30ന് സ്ഥാനമൊഴിഞ്ഞ നരേന്ദ്ര മോദിയുടെ ഒന്നാം മന്ത്രിസഭയാണ്. ഇതോടൊപ്പം രണ്ടാം മൻമോഹൻ സിങ് മന്ത്രിസഭയുമുണ്ടെങ്കിലും സത്യപ്രതിജ്ഞ ചെയ്ത സമയം കൂടി കണക്കിലെടുത്താൽ ഏതാനും മിനിറ്റുകളുടെ മുൻതൂക്കം നരേന്ദ്ര മോദി മന്ത്രിസഭയ്ക്ക് ലഭിക്കും.

ജവാഹർലാൽ നെഹ്‌റുവിനും (1957, 1962) ഡോ. മൻമോഹൻ സിങിനും (2009) ശേഷം അഞ്ചുവർഷ കാലാവധി തികച്ച് പൊതുതിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ് നരേന്ദ്ര മോദി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com