ADVERTISEMENT

കൊച്ചി∙  പ്രിയപ്പെട്ടവരുടെ കാത്തിരിപ്പിനും ആശങ്കകള്‍ക്കും വിരാമമിട്ട് പ്രസന്നവദനനായി സിഐ വി.എസ്.നവാസിന്‍റെ തിരിച്ചുവരവ്. തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തിയ നവാസിനെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. നവാസിന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തെ ബന്ധുക്കള്‍ക്കൊപ്പം അയച്ചു. നവാസ് നാട്ടില്‍ നിന്ന് മാറിനില്‍ക്കാനിടയായ സാഹചര്യത്തെ പറ്റിയുള്ള വകുപ്പുതല അന്വേഷണം തുടരും. 

കാണാതായി 48 മണിക്കൂറിനു ശേഷം നാഗര്‍കോവിലിനും കോയമ്പത്തൂരിനുമിടയിലുള്ള കരൂരില്‍ വച്ചാണ് നവാസിനെ കണ്ടെത്തിയത് . തമിഴ്നാട്ടില്‍ ജോലി ചെയ്യുന്ന മലയാളി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നവാസിനെ തിരിച്ചറിഞ്ഞ ശേഷം കേരള പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പാലക്കാട് നിന്നുള്ള പൊലീസ് സംഘം കരൂരിലെത്തി ഏറ്റുവാങ്ങി കൊച്ചി പൊലീസിന് കൈമാറി. 

ci-navas-3
വി.എസ്.നവാസ് വീട്ടിലെത്തിയപ്പോൾ

സന്ധ്യയോടെ കൊച്ചിയിലെത്തിച്ച നവാസിനെ മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കിയതോടെ അദ്ദേഹത്തെ കാണാതായതുമായി ബന്ധപ്പെട്ട കേസ് നടപടികളും അവസാനിച്ചു. വ്യാഴാഴ്ച പുലർച്ചെ പുറപ്പെടും മുൻപു ഭാര്യയ്ക്ക് മെസേജ് അയച്ചതു പോലെ ഒരു ദീർഘയാത്ര ആയിരുന്നു പദ്ധതിയെന്നും തന്നെച്ചൊല്ലി നാട്ടിലുണ്ടായ കോലാഹലമൊന്നും അറിഞ്ഞില്ലെന്നുമാണ് അദ്ദേഹം ഉദ്യോഗസ്ഥരോടു പറഞ്ഞത്. എന്നാൽ സിഐയെ കാണാതായ ശേഷം ഭാര്യ നല്‍കിയ പരാതിയിലെ ആരോപണങ്ങളെ സംബന്ധിച്ചു വകുപ്പുതല അന്വേഷണം നടക്കും.

രണ്ട് കാര്യങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. വ്യാഴാഴ്ച പുലർച്ചെ സിഐയെ കാണാതാകുന്നതിനു തൊട്ടുമുൻപ് അദ്ദേഹത്തെ വയർലെസിൽ ശകാരിച്ച അസിസ്റ്റന്റ് കമ്മിഷണറുടെ നടപടി, കള്ളക്കേസ് എടുക്കാനും മറ്റും സമ്മർദം ചെലുത്തി മറ്റു ചില മേലുദ്യോഗസ്ഥരും പീഡിപ്പിച്ചുവെന്ന ഭാര്യയുടെ ആരോപണം എന്നിവ അന്വേഷിക്കും.  നവാസ് ഈ പരാതികളെ പിന്തുണയ്ക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും അന്വേഷണത്തിന്റെ ഭാവി.

മനസ് നഷ്ടപ്പെടുമെന്നായപ്പോൾ ശാന്തി തേടി ഒരു യാത്ര പോയതാണെന്നും ഇപ്പോൾ തിരികെ യാത്രയെന്നും നവാസ് സമൂഹമാധ്യമത്തില്‍ കുറിച്ചു. സുഹൃത്തുക്കൾക്കു മാത്രം കാണാവുന്ന വിധം ഇട്ടിട്ടുള്ള പോസ്റ്റിനോടു പലരും ഐകദാർഢ്യം അറിയിക്കുന്നുണ്ട്.

English summary: CI V.S. Navas presented before magistrate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com