ADVERTISEMENT

ന്യൂഡൽഹി ∙‌ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരായ നടപടി വീണ്ടും ഊർജിതമാക്കി കേന്ദ്ര സർക്കാർ. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസിലെ (സിബിഐസി) അഴിമതി ആരോപണത്തിനു വിധേയരായ 15 ഉദ്യോഗസ്ഥരോടു നിർബന്ധമായി വിരമിക്കാൻ നിർദേശിച്ചു. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയ ശേഷം മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ രണ്ടാമത്തെ നടപടിയാണിത്.

സിബിഐസിയിലെ 15 മുതിർന്ന ഉദ്യോഗസ്ഥരോടാണു രാജിവയ്ക്കാൻ നിർദേശിച്ചത്. നടപടിയെടുത്ത 11 പേർ സിബിഐ അന്വേഷണവും രണ്ടു പേർ റവന്യു വകുപ്പിന്റെ അന്വേഷണവും നേരിടുന്നവരാണ്. കമ്മിഷണർ റാങ്കും അതിനു മുകളിലുള്ളവരുമായ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയാണു നടപടിയെന്നതു ശ്രദ്ധേയം.

ആദായനികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥരെ പുറത്താക്കി ഒരാഴ്ച തികയുമ്പോഴാണ് പുതിയ നടപടി. ജനറൽ ഫിനാൻഷ്യൽ റൂൾസിലെ 56 (ജെ) വകുപ്പ് പ്രകാരം അഴിമതി, അനധികൃത സ്വത്തുസമ്പാദനം, ലൈംഗിക ചൂഷണം തുടങ്ങിയവയിൽ ആരോപണവിധേയരോടും അന്വേഷണം നേരിടുന്നവരോടുമാണു ധനമന്ത്രാലയം നേരത്തേ വിരമിക്കാൻ നിർദേശിച്ചത്. ഇതേ വകുപ്പ് തന്നെയാണ് ഇപ്പോഴും പ്രയോഗിച്ചത്.

സിബിഐ രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത പ്രിൻസിപ്പൽ കമ്മിഷണർ അനൂപ് ശ്രീവാസ്തവയാണു വിരമിക്കേണ്ടവരിൽ പ്രമുഖൻ. ക്രിമിനൽ ഗൂഢാലോചനയും കൈക്കൂലിയുമാണു സിബിഐ ചുമത്തിയിരിക്കുന്നത്. പീഡനം, പിടിച്ചുപറി, സർക്കാർ വസതി ഒഴിയാതിരിക്കൽ, അനധികൃത സ്വത്തുസമ്പാദനം എന്നീ ആരോപണങ്ങളുമുണ്ട്. കമ്മിഷണർ അതുൽ ദിക്ഷിതിന് എതിരെയും രണ്ട് സിബിഐ കേസുണ്ട്; തട്ടിപ്പിനും അനധികൃത സമ്പാദ്യത്തിനും.

സൻസാർ ഛന്ദ്, ജി.ശ്രീഹർഷ, വിനയ് ബ്രിജ് സിങ്, അശോക് ആർ മഹിദ, വിരേന്ദ്രകർ അഗർവാൾ, അംമരേഷ് ജെയിൻ, നളിൻ കുമാർ, എസ്.എസ്.പബന, എ.എസ്.ബിഷ്ത്, വിനോദ് കുമാർ സംഗ, രാജു ശേഖർ, അശോക് കുമാർ അസ്‌വാൾ, മുഹമ്മദ് അൽത്താഫ് എന്നിവരാണ് നടപടി നേരിട്ട മറ്റുള്ളവർ. ഒന്നാം മോദി സർക്കാർ 2014 ജൂലൈ ഒന്നിനും 2017 ഒക്ടോബർ 31 നും മധ്യേ ഇത്തരത്തിൽ 176 സർക്കാർ ജീവനക്കാരോട് നിർബന്ധിത വിരമിക്കലിനു നിർദേശിച്ചിരുന്നു.

English Summary: 15 More Senior Tax Officials, Accused Of Corruption, Made To Retire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com