ADVERTISEMENT

പാലക്കാട് ∙ തോരാമഴയായി മാറാതെ, കറുത്തിരുണ്ട കാർമേഘങ്ങളുടെ തുടർച്ചയായ വരവും ഇടക്കുള്ള പ്രദേശിക മഴയും രണ്ടുദിവസം കൂടി തുടരും. ബംഗാൾ ഉൾക്കടലിൽ രൂപംകെ‍ാള്ളുന്ന ന്യൂനമർദം അടുത്തദിവസം ശക്തമാകുന്നതേ‍ാടെ കാലവർഷം വീണ്ടും സജീവമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടൽ. സാധാരണ ജൂൺ ഒന്നുമുതൽ ഇതുവരെ ലഭിക്കേണ്ട മഴയിൽ 30% ഇത്തവണ കുറവാണ്. ചുഴലിക്കാറ്റായ വായുവിന്റെ ഗതിമാറ്റം കാലവർഷത്തിന്റെ തുടക്കത്തെ ദുർബലപ്പെടുത്തിയെന്നാണു നിഗമനം.

ശക്തനായ വായു കാലവർഷക്കാറ്റിനെ ഉലച്ചു. അറബിക്കടലിലെ ഉപരിതല ചൂട് ഉയർന്നതാണ് വായുവിന്റെ പിറവിക്കു പ്രധാന കാരണമെന്നു കെ‍ാച്ചി സർവകലാശാല റഡാർ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡേ‍ാ. എം.ജി.മനേ‍ാജ് പറഞ്ഞു. രാജ്യത്തെ പേടിപ്പിച്ച വായു ഗുജറാത്തിനു പടിഞ്ഞാറ് ദുർബലമായി. ഈ ആഴ്ചയേ‍ാടെ അതു ഇല്ലാതാകുമെന്നാണു നിരീക്ഷണം. വായു പ്രതിഭാസം ഉണ്ടായിരുന്നില്ലെങ്കിൽ സംസ്ഥാനത്ത് തുടർച്ചയായി നല്ല മഴ ലഭിക്കുമായിരുന്നു.

മഴക്കാലം ആരംഭിച്ചശേഷം ചുഴലി രൂപംകെ‍ാള്ളുന്നതു തന്നെ അപൂർവമാണെന്നും എം.ജി.മനേ‍ാജ് പറഞ്ഞു. കാലവർഷത്തിന്റെ തുടക്കത്തിൽ തെക്കൻമേഖലയിൽ ശക്തമായ മഴ പിന്നീട് വടക്കൻ ജില്ലകളിലേക്കു മാറി. ഇപ്പേ‍ാഴും മഴ ലഭിക്കാത്ത പ്രദേശങ്ങൾ സംസ്ഥാനത്തുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

അന്തരീക്ഷം പൂർണമായി മഴക്കാറ് മൂടിയ സ്ഥിതിയിലും ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണിപ്പോൾ. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇനി കാലവർഷത്തെ സജീവമാക്കുമെന്നാണു പ്രതീക്ഷ. പെ‍ാതുവേ ശാന്തമായിരുന്ന അറബിക്കടൽ ഇപ്പേ‍ാൾ ഇടക്കിടെ കലങ്ങിമറിയുന്ന സ്ഥിതിയുണ്ട്. കാലവർഷക്കാറ്റ് തുടക്കത്തിൽ ദുർബലമായാൽ വരും വർഷങ്ങളിലും ഇപ്പേ‌ാഴത്തെ സാഹചര്യമുണ്ടാകാമെന്നും നിരീക്ഷണമുണ്ട്.

English Summary: Monsoon may gain pace in parts of south India soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com