ADVERTISEMENT

ചെന്നൈ∙ തമിഴ്നാടിന്റെ ദേശീയ വാഹനം ടാങ്കർ ലോറിയാണോ?. ഒരു മാസമായി നഗരത്തിലെ നിരത്തുകളിലൂടെ യാത്ര ചെയ്യുന്നവർ തീർച്ചയായും സംശയിച്ചു പോകും. പുട്ടിൽ തേങ്ങയെന്ന പോലെ റോഡിലിറങ്ങിയാൽ അവിടെയും ഇവിടെയുമെല്ലാം ടാങ്കർ ലോറികൾ. ട്രിപ്ലിക്കേനിൽനിന്നു പുഴയിലേക്കുള്ള 25 കി.മീറ്റർ ദൂരത്തിൽ എത്ര ടാങ്കറുകൾ കണ്ടു. ന്യൂ ആവഡി റോഡിലെത്തിയപ്പോഴേക്കും എണ്ണം 50 കടന്നു. പിന്നെ എണ്ണിയില്ല.

റോഡരികിൽ കുടങ്ങളുമായി കൂട്ടംകൂടി നിൽക്കുന്ന സ്ത്രീകളെ പക്ഷേ, അധികമൊന്നും കണ്ടില്ല.വീടിനു സമീപത്തെ പൊതു ടാങ്കിൽ നിന്നു വെള്ളമെടുക്കുന്ന സത്യഭാമയാണു കാരണം പറഞ്ഞത്- ‘സർ, ടാങ്കറുകൾ വെള്ളവുമായി വരുന്നതു രാത്രിയാണ്. പുലർച്ചെ രണ്ടു മണിവരെയൊക്കെ ഇവിടെ ആളുകളെ കാണാം.’ ചെന്നൈയുടെ ദാഹമൊന്നു ശമിച്ചിട്ടുണ്ടെന്നതു നേര്. 200 ദിവസം നീണ്ട മഴയില്ലായ്മയ്ക്കൊടുവിൽ രണ്ടു ദിവസമായി ചന്നം പിന്നം മഴയുണ്ട്. ഇന്നലെ രാവിലെയും വൈകിട്ടും നഗരത്തിൽ പരക്കെ മഴ പെയ്തു. എന്നാൽ, കുടിവെള്ളത്തിനു വേണ്ടിയുള്ള ചെന്നൈയുടെ നെട്ടോട്ടം അവസാനിച്ചിട്ടില്ല.

പണപ്പെട്ടിയല്ല പൂട്ടിയിടാം പൈപ്പ്

സ്വർണവും പണവും സൂക്ഷിച്ച അലമാര പൂട്ടുന്നതു സ്വഭാവികം. എന്നാൽ, ടാങ്കിലേക്കു വെള്ളമടിക്കുന്ന പൈപ്പ് നല്ല ഒന്നാന്തരം ലോക്കു ഉപയോഗിച്ചു പൂട്ടിയതു കണ്ടിട്ടിട്ടുണ്ടോ? ചെന്നൈയിൽ ഇപ്പോൾ അത്തരം കാഴ്ചകൾ പുതുമയല്ല. വില്ലിവാക്കം സിയാളം തെരുവിൽ താമസിക്കുന്ന പാലക്കാട് സ്വദേശി സുരേഷ് ചീരക്കോടൻ – സൗമിനി ദമ്പതികളുടെ വീട്ടിൽ അത്തരമൊരു പൂട്ടു കണ്ടു.

നാലു ഫ്ലാറ്റുകളുള്ള അപ്പാർട്ട്മെന്റിലാണു കുടുംബം താമസം. ഒരു മാസം മുൻപ്, കുഴൽ കിണറിൽനിന്നു വെള്ളം ലഭിക്കാതായതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. മെട്രോ വാട്ടറിന്റെ ടാങ്കിൽ ലോറികളായി പിന്നെ ആശ്രയം. ബുക്കു ചെയ്താൽ ഒരാഴ്ച കഴിഞ്ഞു കിട്ടിയാലായി.നാലു കുടുംബങ്ങൾ താമസിക്കുന്ന അപ്പാർട്മെന്റിലേക്കു 9000 ലീറ്റർ ജലം ലഭിക്കും. പൊതു ടാങ്കിൽനിന്നു രാവിലെ അഞ്ചു മുതൽ ഒരു മണിക്കൂർ എല്ലാ കുടുംബങ്ങൾക്കും സ്വന്തം ടാങ്കിലേക്കു മോട്ടോർ അടിക്കാം. കൃത്യം ആറാകുമ്പോൾ സുരക്ഷാ ജീവനക്കാരൻ വന്നു മോട്ടോർ പൂട്ടിപ്പോകും. വെള്ളത്തിന്റെ പേരിൽ അയൽപക്കങ്ങൾ തമ്മിൽ യുദ്ധമുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ.

വെള്ളമില്ലായ്മ ജീവിത ശൈലിയെ എങ്ങിനെ ബാധിച്ചു?. ദിവസവും രണ്ടു നേരമുണ്ടായിരുന്ന കുളി ഒരു നേരമാക്കി. എന്തു ചെയ്യുമ്പോഴും ആദ്യം വെള്ളം ലാഭിക്കാനാണു ശ്രദ്ധ. വാഷിങ് മെഷീൻ പൂർണമായി ഒഴിവാക്കി.രണ്ടാഴ്ച കൂടുമ്പോൾ ഒരുമിച്ചാണ് അലക്ക്.

ചീരയെങ്കിലും വിളയട്ടെ

Chennai Drought
ഇന്നത്തെ കാര്യം കുശാൽ: ഏറെ ദൂരം പോയി ടാങ്കറിൽ നിന്നു ശേഖരിച്ച വെള്ളവുമായി മടങ്ങുന്ന സ്ത്രീകൾ. ചിത്രം: പിടിഐ

നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളിലൊന്നായ പുഴൽ തടാകത്തിലെത്തിയാൽ ഇപ്പോൾ വെള്ളം കാണില്ല. 3300 ദശലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള തടാകം ഒരു മാസം മുൻപു വറ്റി. ഇതോടെ, സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ തടാകത്തെ കൃഷിയിടമാക്കി മാറ്റിയിരിക്കുകയാണ്.ചീര, പയർ തുടങ്ങിയവയാണു കൃഷി. കുടിവെള്ള പ്രശ്നത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ചീര നടുന്ന തിരക്കു മാറ്റിവച്ചു നല്ലമ്മാൾ പറഞ്ഞു- വെള്ളമേയില്ല സർ. ദിവസം ഒരു മണിക്കൂർ പൈപ്പു വെള്ളം വരും. മിക്കപ്പോഴും കലങ്ങിയത് .തടാകം തന്നെ കിടക്കുന്നതു കണ്ടില്ലേ. പിന്നെങ്ങിനെ വീടുകളിൽ വെള്ളമുണ്ടാകും?...

കയ്യകലത്തിൽ കടൽ, പക്ഷേ

Chennai Drought
മറീന ബീച്ചിൽ സ്ഥാപിച്ച ഹാൻഡ് പമ്പിൽ നിന്നു വെള്ളമെടുക്കുന്നു.

മറീന ബീച്ചിലെ പട്ടിണപ്പാക്കത്തു നിൽക്കുമ്പോൾ ‘വെള്ളം വെള്ളം സർവത്ര’ എന്ന കവിത ഓർത്തുപോകും. കൈ തൊടാവുന്ന അകലത്തിൽ ഹുങ്കാരം മുഴക്കി ബംഗാൾ ഉൾക്കടൽ. സമീപ പ്രദേശങ്ങളിലെ നൂറു കണക്കിനു വീട്ടുകാർക്കു കുടിവെള്ളത്തിനു ആശ്രയം തീരത്തു കോർപറേഷൻ ഈയിടെ സ്ഥാപിച്ച ഹാൻഡ് പമ്പുകൾ മാത്രം. വെള്ള ക്ഷാമം കടുത്തതോടെ മെട്രോവാട്ടറിനെ ആശ്രയിക്കാൻ പറ്റാത്ത സ്ഥിതിയായി. പ്രദേശവാസികൾ പ്രതിഷേധിച്ചതോടെ മറീന കടൽക്കരയിലെ പഴയ ഹാൻഡ് പമ്പുകൾക്കു വീണ്ടും ജീവൻ വച്ചു. കുഴൽ കിണറുമായി ബന്ധിപ്പിച്ച ഹാൻഡ് പമ്പിൽ നിന്നു ഇപ്പോൾ വെള്ളം ലഭിക്കുന്നുവെന്നു പ്രദേശവാസിയായ കാർത്തിക് പറയുന്നു. മൈലാപൂരിൽ നിന്നുവരെ ഇവിടേക്കു വെള്ളമെടുക്കാൻ ആളുകളെത്തുന്നു.

ഇവിടെയൊരു തടാകം ഉണ്ടായിരുന്നു

Chennai Drought
പോരൂർ തടാകം വറ്റിവരണ്ട നിലയിൽ

മൂന്നു നദികളാൽ അനുഗ്രഹിക്കപ്പെട്ട നഗരമാണു ചെന്നൈ. കൂവം, അഡയാർ, കൊസത്തലയാർ. എന്നിട്ടും ഒരിറ്റു വെള്ളത്തിനു വേണ്ടി പരക്കം പായേണ്ട അവസ്ഥ എങ്ങിനെയുണ്ടായി?. ജല സ്രോതസ്സുകൾ സംരക്ഷിക്കുന്നതിലുള്ള അനാസ്ഥയാണു പല കാരണങ്ങളിലൊന്ന്. ഒരു പതിറ്റാണ്ടിനിടെ നഗരത്തിലെ 33 % ജല സ്രോതസ്സുകൾ കയ്യേറിയും മറ്റും ഇല്ലാതായെന്നു അണ്ണാ സർവകലാശാലയുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു. തടാകങ്ങൾ ഇല്ലാതാകുന്നതിന്റെ ലക്ഷണങ്ങൾ ഇന്നലെ അമ്പത്തൂർ തടാകത്തിൽ കണ്ടു. തടാകത്തിന്റെ ഒരു ഭാഗം കുപ്പികളും പ്ലാസ്റ്റിക്കും കയ്യേറിക്കഴിഞ്ഞു. 440 ഏക്കർ വിസ്തൃതിയിൽ കിടക്കുന്ന തടാകം ചെന്നൈയിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളിലൊന്നാണ്. സമീപ പ്രദേശങ്ങളിലെ ഭൂഗർഭ ജലനിരപ്പു നിലനിർത്തുന്നതിലും തടാകം നിർണായക പങ്കുവഹിക്കുന്നു.

വ്യാപാരമേഖലയെ ഗുരുതരമായി ബാധിച്ച് ശുദ്ധജല ക്ഷാമം

Chennai Drought
മഴക്കുറവിനെ തുടർന്നു വറ്റിവരണ്ട റെഡ്ഹിൽസ് ജല സംഭരണി.

ജല വിതരണത്തിലെ കുറവ് വ്യാപാര മേഖലയെ ബാധിക്കുന്നു. മേഖലയിൽ മലയാളികളുടേതായി മാത്രം ആയിരത്തോളം കടകളുണ്ടെന്ന് ഒഎംആർ മലയാളി ബിസിനസ് കൂട്ടായ്മ ജനറൽ സെക്രട്ടറി റഫീഖ് വെമ്പാല പറഞ്ഞു. പൊതുജീവിതത്തെയും വ്യാപാരത്തെയും ബാധിക്കുന്ന ജലക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും റഫീഖ് പറഞ്ഞു. സംഘടനയുടെ നേതൃത്വത്തിൽ തദ്ദേശ വകുപ്പിനും സർക്കാരിനു നിവേദനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

പല കടകളും, ചെറുകിട ഹോട്ടലുകളും കുഴൽ കിണറുകളെയും സ്വകാര്യ ടാങ്കർ ലോറികളെയും ആശ്രയിച്ചാണു മുന്നോട്ടുപോകുന്നത്. നഗരത്തിലെ പ്രധാന വാണിജ്യ, വ്യവസായ മേഖലായി ഒഎംആർ വളർന്നിട്ടും മെട്രോ വാട്ടർ കണക്‌ഷൻ ഇനിയും എത്തിയിട്ടില്ല. സ്വകാര്യ ടാങ്കർ ലോറികളെ സഹായിക്കാനുള്ള രാഷ്ട്രീയ താൽപര്യങ്ങളും ഇതിനു പിന്നിലുണ്ട്. വാട്ടർ കണക്‌ഷൻ ഇല്ലാത്തതിനാൽ പൂർണമായും സ്വകാര്യ ടാങ്കറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണു ജനങ്ങൾ.

മഴയെത്തിയിട്ടും ബിപിജി അവന്യു, സുലൈമാൻ നഗർ, കണ്ണകി നഗർ തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെള്ള ക്ഷാമം ഇപ്പോഴും രൂക്ഷമാണ്. ഇവിടങ്ങളിൽ സൗജന്യമായി ശുദ്ധജലം എത്തിക്കാനുള്ള ശ്രമങ്ങൾ ഒഎംആർ മലയാളി ബിസിനസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.

ചെന്നൈയുടെ വെള്ളക്കഥ

Chennai Drought
അമ്പത്തൂർ തടാകത്തിലെ ജലം ഉപയോഗിക്കാനാവാത്ത വിധം മലിനപ്പെട്ടനിലയിൽ.

1870 വരെ ∙ കുടിവെള്ളത്തിനു പ്രധാനമായി ആശ്രയിച്ചിരുന്നതു സ്വന്തം കിണറുകൾ, പൊതു കിണറുകൾ, കമ്യൂണിറ്റി ടാങ്കുകൾ.

1872 ∙ നഗരത്തിലെ ആദ്യത്തെ തടയണ താമരപ്പക്കത്തിനു സമീപം കൊശത്തലയാറിനു കുറുകെ നിർമിച്ചു. 1.8 മീറ്ററായിരുന്നു ഉയരം. ഷോളാവരം തടാകം വഴി റെഡ്ഹിൽസ് തടാകത്തിലും ഇവിടെ നിന്നു കിൽപോക്കിലുമെത്തിച്ചു പൈപ്പ് വഴി സമീപ പ്രദേശങ്ങളിലേക്കു വിതരണം ചെയ്തു.

1914 ∙ ഒന്നാം ലോക മഹായുദ്ധ കാലത്ത് ആദ്യത്തെ ശുദ്ധീകരണ സംവിധാനം. നാലു ഭൂഗർഭ ടാങ്കുകളിലേക്കു ജലമെത്തിച്ചാണു ശുദ്ധീകരണം നടത്തിയത്. പദ്ധതിയുടെ ചെലവ് 18.5 ലക്ഷം

1944 ∙ രണ്ടാം ലോക മഹായുദ്ധ കാലത്താണു പൂണ്ടി ജലസംഭരണി നിർമിച്ചത്. ഇതോടെ, ആകെ സംഭരണ ശേഷി ഷോളാവരം (583), റെഡ്ഹിൽസ് (2440), പൂണ്ടി (2573) എന്നിങ്ങനെ 5596 ടിഎംസിയായി.

1978 ∙ നഗരത്തിലെ ജലവിതരണത്തിനായി ആദ്യത്തെ സമഗ്ര കർമപദ്ധതി. 1973 മുതലാണു ഭൂഗർഭ ജലം ഉപയോഗിക്കാൻ തുടങ്ങിയത്. തിരുവാൺ‌മിയൂർ, ഒക്കിയം, തൊരൈപ്പാക്കം എന്നിവിടങ്ങളിലെ തമിഴ്നാട് ചേരി നിർമാർജന ബോർഡ് കോളനികൾ എന്നിവിടങ്ങളിലാണു ഭൂഗർഭ ജലം വിതരണം ചെയ്തത്.

47% ∙ നഗരത്തിലെ ആകെ ഉപഭോഗത്തിന്റെ 47% ഇപ്പോൾ കണ്ടെത്തന്നതു കുഴൽ കിണറുകളിൽ നിന്നാണ്.

39 ലക്ഷം ∙ 1991 -ലെ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം നഗരത്തിലെ ജനസംഖ്യ

79 ലക്ഷം ∙ നിലവിലെ നഗരത്തിലെ ഏകദേശ ജനസംഖ്യ

1300 ദശലക്ഷം ലീറ്റർ ∙ ദിനംപ്രതി നഗരത്തിൽ ആവശ്യമായ ശുദ്ധജലം

825 ദശലക്ഷം ലീറ്റർ ∙ കോർപറേഷനു കീഴിലെ ചെന്നൈ മെട്രോ വാട്ടർ സാധാരണ വിതരണം ചെയ്യുന്ന ജലത്തിന്റെ അളവ്

525 ദശലക്ഷം ലീറ്റർ ∙ രണ്ടുമാസമായി ചെന്നൈ മെട്രോ വാട്ടർ വിതരണം ചെയ്യുന്ന ജലത്തിന്റെ അളവ്

1400 മില്ലിമീറ്റർ ∙ ചെന്നൈയിൽ വർഷം ശരാശരി ലഭിക്കുന്ന മഴയുടെ അളവ്

മാനം കനിഞ്ഞു, മനം നിറ‍ഞ്ഞു; ചെന്നൈയിൽ മഴയെത്തി

ശുദ്ധജലക്ഷാമത്തിന്റെ ആശങ്കകൾക്ക് അവധി നൽകി ചെന്നൈയിൽ മഴ. വൈകിട്ട് ആരംഭിച്ച മഴ രാത്രി വരെ തുടർന്നു. 3 ദിവസം കൂടി മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സെൻട്രൽ, എഗ്‌മൂർ, നുങ്കംപാക്കം, റോയപ്പേട്ട, അഡയാർ, സെയ്ദാപെട്ട്, തേനാംപേട്ട, നന്ദനം, വടപളനി, അശോക് നഗർ, കെ.കെ.നഗർ, താംബരം, പെരുങ്കളത്തൂർ, ഒഎംആർ, തിരുവാൺമിയൂർ തുടങ്ങി നഗരപ്രദേശങ്ങളിൽ പരക്കെ മഴ ലഭിച്ചു. എന്നാൽ നഗരാതിർത്തി പ്രദേശങ്ങളിൽ കാര്യമായ മഴ ലഭിച്ചില്ല.

മഴയെ തുടർന്നു നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പൂനമല്ലിയിലാണു കൂടുതൽ മഴ രേഖപ്പെടുത്തിയത്, 49 മില്ലിമീറ്റർ. ഗിണ്ടി (32), ചെമ്പരമ്പാക്കം (32), നുങ്കംപാക്കം (31), കാട്ടുപ്പാക്കം (29), ഷോലിംഗനല്ലൂർ (21), കൊളപ്പാക്കം (21), കേളമ്പാക്കം (17) എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. തമിഴ്നാട്ടിൽ ഇത്തവണ മൺസൂൺ മഴയിൽ 35 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 25 വരെ സംസ്ഥാനത്ത് 30.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

47 മില്ലിമീറ്റർ മഴയാണു ലഭിക്കേണ്ടത്. വടക്കുകിഴക്കൻ മൺസൂണിലാണു തമിഴ്നാട്ടിൽ 60 ശതമാനം മഴയും ലഭിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ സേലത്താണു കൂടുതൽ മഴ രേഖപ്പെടുത്തിയത്. 28.4 മില്ലിമീറ്റർ. വാൽപാറ (12.8), പറങ്കിപ്പേട്ട (8) എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. സംസ്ഥാനത്തെ 23 ജില്ലകളിൽ 3 ദിവസം കൂടി മഴ തുടരുമെന്നു കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.

ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ഇടിയോടുകൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് തമിഴ്നാട്ടിൽ മഴ എത്തിച്ചത്. വരും ദിവസങ്ങളിൽ ഇതു ദുർബലമാകുന്നതോടെ മഴ കുറയുമെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com