ADVERTISEMENT

തൃശൂർ∙ സംവിധായകൻ ബാബു നാരായണൻ (59) അന്തരിച്ചു. രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. സംവിധായകൻ അനിൽ കുമാറുമായി ചേർന്ന് ‘അനിൽ ബാബു’വെന്ന പേരിൽ 24 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാൽ, പട്ടാഭിഷേകം തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ. 2004ൽ ‘പറയാം’ എന്ന ചിത്രത്തിനുശേഷം സംവിധാനത്തിൽനിന്ന് വിട്ടുനിന്നു. 2013ൽ ‘നൂറ വിത്ത് ലവ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തിരിച്ചെത്തി.

ഹരിഹരന്റെ സംവിധാന സഹായിയായി മലയാള സിനിമയിലെത്തിയ ബാബുവിന്റെ ആദ്യ സിനിമ അനഘയായിരുന്നു. പിന്നീട് പൊന്നരഞ്ഞാണം എന്ന സിനിമയും പി.ആർ.എസ്. ബാബുവിന്റെതായെത്തി. അതിനു ശേഷമാണ് അനിലുമായി കൂട്ടു ചേർന്നത്. 1992ൽ മാന്ത്രികചെപ്പിലൂടെ അനിൽ ബാബു എന്ന സംവിധായകജോടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ജഗദീഷ് നായകനായ ഈ കൊച്ചു സിനിമ ഹിറ്റായതോടെ മലയാളത്തിലെ തിരക്കുള്ള സംവിധായകരായി അനിൽബാബുമാർ.

സ്‌ത്രീധനം, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, കുടുംബവിശേഷം, വെൽകം ടു കൊടൈക്കനാൽ, മന്നാടിയാർ പെണ്ണിനു ചെങ്കോട്ട ചെക്കൻ തുടങ്ങി 2005ൽ പുറത്തിറങ്ങിയ പറയാം എന്ന സിനിമ വരെ 24 സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. മമ്മൂട്ടിയും ദിലീപും ഒന്നിച്ചഭിനയിച്ച കളിയൂഞ്ഞാലും സുരേഷ് ഗോപി നായകനായ രഥോൽസവവും കുഞ്ചാക്കോ ബോബന്റെ മയിൽപ്പീലിക്കാവും ഇക്കൂട്ടത്തിൽപ്പെടും. ഇവയിൽ ഭൂരിപക്ഷവും ഹിറ്റുകളുമായിരുന്നു. എന്നാൽ പറയാം എന്ന സിനിമയ്‌ക്കു ശേഷം തങ്ങൾക്കൊരുമിച്ച് ഇനി ഒന്നും പറയാനില്ലെന്ന തിരിച്ചറിവോടെ ഇരുവരും വഴിപിരിയുകയായിരുന്നു.

English Summary: Director Babu Narayanan Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com