ADVERTISEMENT

ലണ്ടൻ∙ വെറും മൂന്നടി മാത്രമകലെ 3,500 അടി ഉയരത്തിൽ നിന്നെത്തിയ മരണത്തിൽ നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ജോൺ ബാൾഡോക്. ഞായറാഴ്ച ഉച്ചക്കഴിഞ്ഞ്, അവധി ദിവസത്തിന്റെ ആലസ്യത്തിൽ സണ്‍ബാത്ത് ചെയ്യുമ്പോഴുണ്ടായ സംഭവം ഇപ്പോഴും ഞെട്ടലോടെയാണ് ബാൾഡോക് ഓർക്കുന്നത്. ഭീകരമായിരുന്നു ആ കാഴ്ച, ആകാശത്തു നിന്ന് ഒരു മനുഷ്യശരീരം താഴേയ്ക്ക് വീഴുന്നു. ഒരു നിമിഷം സത്ബധനായി തരിച്ചിരുന്നുപോയ ബാൾഡോക് പിന്നെ സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്നം പോലെയാണ് ഓർക്കുന്നത്. കെനിയൻ വിമാനത്തിന്റെ ലാൻഡിങ് ഗിയർ കംപാർട്ട്മെന്റിൽ പതിയിരുന്നെത്തിയ യാത്രക്കാരൻ വീണത് ബാൾഡോക്കിന്റെ മുന്നിൽ.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ലണ്ടനെയാകെ ഞെട്ടിച്ച സംഭവമുണ്ടായത്. നെയ്റോബിയിൽനിന്നു ബ്രിട്ടനിലേക്കുള്ള കെനിയൻ വിമാനമായ ബോയിങ് 787ന്റെ ലാൻഡിങ് ഗിയറിനുള്ളിൽ ഒളിച്ചിരുന്നെത്തിയ യാത്രക്കാരൻ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിനു സമീപമുള്ള വീടിന്റെ മുറ്റത്തേയ്ക്ക് വീഴുകയായിരുന്നു. ലണ്ടനിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ജോൺ ബാൾഡോക്കിന്റെ സുഹൃത്ത് ബോബ് റെൻ‌വിക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. വർഷങ്ങളായി ഒരുമിച്ചു ജോലി ചെയ്യുന്ന ഇരുവരും കഴിഞ്ഞ നവംബറിലാണ് ഈ വീട്ടിൽ താമസം ആരംഭിച്ചത്. വീട്ടുമുറ്റത്ത് കോൺക്രീറ്റ് സ്ലാബുകൾ പതിച്ചിരിക്കുന്നതിനിടയിലെ പുൽത്തകിടിയിലേക്കാണ് യാത്രക്കാരന്റെ ശരീരം വീണത്. സംഭവസമയം പൂന്തോട്ടത്തിൽ വെയിൽ കായുകയായിരുന്ന ബാൾഡോക്കിനു മൂന്നടി മാത്രം അകലത്തിലാണ് ശരീരം വീണത്.

ഭയത്തോടെ വീടിനുവെളിയിലേക്ക് ഇറങ്ങിയോടിയ ബാൾഡോക് അയൽക്കാരെ വിവരം അറിയിച്ചു. ബാൾഡോക്കിന്റെ വാക്കുകളിൽ വിശ്വാസം വരാത്ത അയൽക്കാരി സ്വന്തം വീടിന്റെ മട്ടുപ്പാവിൽ കയറി നോക്കിയപ്പോൾ കണ്ടത് പുൽത്തകടിയിൽ കമഴ്ന്നുകിടക്കുന്ന മനുഷ്യശരീരവും. ഉടൻ പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹം വിമാനത്തിൽ നിന്നു വീണതാണെന്നു സ്ഥരീകരീകരിക്കുകയും ചെയ്തു. ഉച്ചക്കഴിഞ്ഞ് 3:36 നാണ് വിമാനം വീടിനു മുകളിലൂടെ പറന്നത്. യുകെയിലേക്ക് അനധികൃതമായി കുടിയേറുക എന്ന ലക്ഷ്യത്തോടെ ഗിയർ കംപാർട്ടുമെന്റിൽ കയറിക്കൂടിയതാകാം ഇയാൾ എന്നാണ് നിഗമനം. ഇതു സംബന്ധിച്ചു പൊലീസും വിമാനത്താവള അധികൃതരും കെനിയൻ എയർവേയ്സും അന്വേഷണം തുടരുകയാണ്.

വിമാനത്തിന്റെ ലാൻഡിങ് ഗിയർ കംപാർട്ടുമെന്റിൽനിന്നു ചെറിയ ബാഗും വെള്ളക്കുപ്പിയും ഭക്ഷണപദാർഥങ്ങളും കണ്ടെടുത്തിട്ടുണ്ട്. ജീൻസും ടീ ഷർട്ടുമായിരുന്നു മൃതദേഹത്തിൽ. കംപാര്‍ട്ട്‌മെന്റിന്റെ തണുപ്പില്‍ മരവിച്ചാണ് മരണം. മൃതദേഹത്തിന്റെ കഴുത്ത് ഒടിഞ്ഞും ശരീരം തണുത്തു മഞ്ഞുകട്ടപോലെയുള്ള അവസ്ഥയിലായിരുന്നെന്നും ബാൾഡോക്കിന്റെ അയൽവാസികൾ ഓർമിക്കുന്നു. ദിവസവും വൈകിട്ട് നൂറുകണക്കിന് ആളുകൾ അന്തിവെയിൽ കൊള്ളുന്ന ക്ലഫാം കോമണിനു മുന്നൂറ് അടി മാത്രം അകലെയാണ് മൃതദേഹം പതിച്ചത്.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമെ ആളുടെ പ്രായമുൾപ്പെടെ സ്ഥിരീകരിക്കാനാകൂവെന്നു അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 2015 ജൂണിൽ ജൊഹാനസ്ബർഗിൽ നിന്നു ബ്രിട്ടിഷ് എയർവേയ്സിലെത്തിയ വിമാനത്തിലും 2012 ഓഗസ്റ്റിൽ കേപ്ടൗണിൽ നിന്നുമെത്തിയ മറ്റൊരു വിമാനത്തിലും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ചു നെയ്റോബി വിമാനത്താവളവും സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com