ADVERTISEMENT

ടെഹ്‌റാന്‍∙ അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ ഇസ്രയേലിനെ പൂര്‍ണമായി നശിപ്പിക്കുമെന്ന് മുന്നറിയിപ്പ്. ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷ, വിദേശനയ കമ്മിഷന്‍ ചെയര്‍മാന്‍ മൊജ്താബ സൊന്നൂറാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക ഞങ്ങളെ ആക്രമിച്ചാല്‍ ഇസ്രയേലിന്റെ ആയുസ്സ് പിന്നെ അരമണിക്കൂര്‍ മാത്രമേ നീളൂ - മൊജ്താബ വ്യക്തമാക്കി. സിറിയയിലെ ഇറാന്റെ ആയുധകേന്ദ്രങ്ങൾക്കു നേരെ ഇസ്രയേൽ ഇതുവരെ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണത്തിനു പിന്നാലെയാണ് മൊജ്താബയുടെ പ്രസ്താവന.

ഇറാനെ ആക്രമിക്കാനുള്ള നീക്കം പെട്ടെന്നു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം രാഷ്ട്രീയ നാടകമാണെന്ന് മൊജ്താബ പറഞ്ഞു. ആക്രമണം വിജയമാകുമെന്ന് അമേരിക്കയ്ക്ക് ഉറപ്പുണ്ടായിരുന്നെങ്കില്‍ അവര്‍ അതു തടയുമായിരുന്നില്ല. പ്രസിഡന്റിന്റെ ഉപദേശകര്‍ പരാജയം മണത്തിരുന്നുവെന്നും മൊജ്താബ കൂട്ടിച്ചേര്‍ത്തു. മേഖലയിലെ അമേരിക്കയുടെ 36 സൈനിക കേന്ദ്രങ്ങളും ഇറാന്റെ നിരീക്ഷണത്തിലാണെന്നും മൊജ്താബ പറഞ്ഞു.

മധ്യപൂർവദേശത്ത് യുഎസ്–ഇറാൻ സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കെ യുഎസ് സഖ്യത്തോടൊപ്പം നിൽക്കുന്ന ഇസ്രയേലിന്റെ പ്രകോപനപരമായ നിലപാട് രാജ്യാന്തരതലത്തിലും ആശങ്ക ശക്തമാക്കി. ആയുധ നിർമാണത്തിനാവശ്യമായ വിധം യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് ഇറാൻ നീങ്ങുകയാണെന്നു കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പു നൽകിയിരുന്നു.

കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ സിറിയയിലെ സൈനികത്താവളങ്ങൾ തകർത്തതാണ് ഇറാനെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഒട്ടേറെ സാധാരണക്കാരും ഇറാൻ സൈനികരും കൊല്ലപ്പെട്ടതായാണ് ഇറാന്റെ ആരോപണം. സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ ബഷാർ അൽ അസ്സദ് സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ വിമതരായ കുർദ് പോരാളികൾക്കൊപ്പം പോരാടുന്ന നയമാണ് യുഎസിനും ഇസ്രയേലിനുമുള്ളത്. അതിനാൽത്തന്നെ സിറിയയുടെ പേരിൽ ഇറാനും ഇസ്രയേലും തമ്മിലുള്ള ശീതയുദ്ധം വർഷങ്ങളായുണ്ട്.

പലസ്തീൻ പോരാളികൾക്ക് ഇറാൻ ആയുധങ്ങൾ നൽകുന്നുവെന്ന പരാതിയും ഇസ്രായേലിനുണ്ട്. ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് ഇസ്രയേൽ നടത്തിയ വ്യോമാക്രണം സിറിയയിലെ ഇറാന്റെ സുപ്രധാന ആയുധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു. തലസ്ഥാനമായ ഡമാസ്കസിനു തെക്ക് ഇറാനിയൻ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ്സിന്റെ ആസ്ഥാനമന്ദിരം, ഗവേഷണ കേന്ദ്രം, ഹിസ്ബുല്ല ക്യാംപുകൾ തുടങ്ങിയവയായിരുന്നു പ്രധാന ലക്ഷ്യം.

ലെബനീസ് സായുധ സംഘടന പ്രവർത്തകരായ ഹിസ്ബുല്ല പ്രവർത്തകർക്കായി ഇറാൻ ആയുധങ്ങളയയ്ക്കുന്നതു തടയുകയെന്ന ലക്ഷ്യവും ഇസ്രയേലിനുണ്ടായിരുന്നു. സിറിയയിലെ പർവത പ്രദേശങ്ങളിലുള്ള ഹിസ്ബുല്ല ആയുധ സംഭരണ കേന്ദ്രങ്ങളിൽ നടത്തിയ ഇസ്രയേല്‍ ആക്രമണത്തിൽ വൻ സ്ഫോടനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേലിനെതിരെ അടുത്തിടെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയും കടുത്ത വിമര്‍ശനം അടഴിച്ചുവിട്ടിരുന്നു. പടിഞ്ഞാറന്‍ ഏഷ്യയെ ബാധിച്ച കാന്‍സറാണ് ഇസ്രയേലെന്നും അടുത്തുതന്നെ അതു തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ഇറാൻ കരാർ ലംഘിച്ചു; സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം കൂട്ടി

രാജ്യാന്തര ആണവകരാറിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട്, സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം വർധിപ്പിച്ചതായി ഇറാൻ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സംഘടനയും ഇതു സ്ഥിരീകരിച്ചു. 2015 ലെ ആണവക്കരാറനുസരിച്ച് ഇറാന് കൈവശംവയ്ക്കാവുന്ന പരമാവധി യുറേനിയം 202.8 കിലോഗ്രാമാണ്. എന്നാൽ, 300 കിലോഗ്രാമിൽ കൂടുതൽ ആണവ ഇന്ധനം ഇറാൻ ശേഖരിച്ചതായാണ് യുഎന്നിന്റെ കീഴിലുള്ള രാജ്യാന്തര ആണവോർജ ഏജൻസി റിപ്പോർട്ട് ചെയ്തത്.

2015ൽ നിശ്ചയിച്ച പരിധി തങ്ങൾ ലംഘിച്ചതായി ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് പ്രഖ്യാപിച്ചതിനു പിന്നാലെ, തീരുമാനം പുനഃപരിശോധിക്കേണ്ടി വന്നാൽ ചെയ്യുമെന്ന് വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി ഇനിയും ചർച്ചകൾക്കു സാധ്യതയുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ആണവോർജ ഏജൻസി അധികൃതർ നടത്തിയ പരിശോധനയിൽ 200 കിലോഗ്രാമിൽ താഴെയാണ് ഇറാന്റെ യുറേനിയം ശേഖരം എന്നു കണ്ടെത്തിയിരുന്നു.

ആണവക്കരാർ വ്യവസ്ഥകളിൽ നിന്നുള്ള പിൻമാറ്റം ജൂലൈ 7 മുതൽ ആരംഭിക്കുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 2015 ലെ ആണവക്കരാറിൽ നിന്ന് യുഎസ് ഏകപക്ഷീയമായി പിൻമാറുകയും ഉപരോധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തതോടെയാണ് യൂറേനിയം സമ്പുഷ്ടീകരണം സംബന്ധിച്ച നിയന്ത്രണ വ്യവസ്ഥകളിൽ നിന്നു പിൻമാറാൻ ഇറാൻ തീരുമാനിച്ചത്.

യുഎസ് ഉപരോധത്തിൽ നിന്ന് ഇറാന് ആശ്വാസമേകാൻ യൂറോപ്യൻ യൂണിയൻ സ്വീകരിച്ച നടപടികൾ അപര്യാപ്തമാണമെന്ന് ഇറാൻ വ്യക്തമാക്കി. 2015 ലെ ആണവക്കരാറിനെ, യുഎസിന്റെ അസാന്നിധ്യത്തിലും രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യൂറോപ്യൻ യൂണിയൻ. ഇതു സംബന്ധിച്ചു പല ചർച്ചകൾ ഇറാനുമായി നടത്തി. ബദൽ കരാർ സംബന്ധിച്ചു തീരുമാനമെടുക്കാൻ ഇറാൻ നൽകിയ സമയപരിധി കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു.

English Summary : Iran official: If US attacks, Israel will be destroyed in half an hour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com