ADVERTISEMENT

കൊച്ചി ∙ എറണാകുളം മാർഷലിങ് യാഡിൽ പുതിയ റെയിൽവേ ടെർമിനൽ സ്ഥാപിക്കുന്നതിനു വിശദ രൂപരേഖ തയാറാക്കാൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കു റെയിൽവേ ബോർഡ് നിർദേശം നൽകി. ഈ ആവശ്യമുന്നയിച്ചു ഹൈബി ഈഡൻ എംപി കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. പദ്ധതിയുമായി ബന്ധപ്പെട്ടു റെയിൽവേ  ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ നേതൃത്വത്തിൽ ശനിയാഴ്ച എറണാകുളം ഗെസ്റ്റ് ഹൗസിൽ ചേരും.

കേന്ദ്ര സർക്കാർ കേരളത്തിനനുവദിക്കുന്ന പല പ്രധാന റെയിൽ വികസന പദ്ധതികളും യാഥാർഥ്യമാകാതിരിക്കുന്നതിനു കാരണം സ്ഥലമേറ്റെടുപ്പിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വിമുഖതയാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. നിലവിൽ പുതിയ ടെർമിനലിനായി നിർദ്ദേശിച്ചിരിക്കുന്ന സ്ഥലം റെയിൽവേയുടെ ഉടമസ്ഥതയിലായതിനാൽ അത്തരത്തിലൊരു പ്രതിസന്ധി ഈ വിഷയത്തിൽ ഉണ്ടാകില്ലെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

വൈറ്റില മൊബിലിറ്റി ഹബിനു സമീപം നിലവിൽ മാർഷലിങ് യാർഡ് സ്ഥിതി ചെയ്യുന്ന പ്രദേശം ഉൾപ്പെടുന്ന റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 110 ഏക്കർ സ്ഥലത്തു പുതിയ റെയിൽവേ ടെർമിനൽ സ്ഥാപിക്കണമെന്നാണ് ആവശ്യം. കോട്ടയം, ആലപ്പുഴ റൂട്ടുകളിൽ പാത ഇരട്ടിപ്പിക്കലും അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതിയും വരുന്നതിനാൽ എറണാകുളം ജംക്‌ഷനു താങ്ങാനാവുന്നതിലും അധികം യാത്രക്കാരും ട്രെയിനുകളും മൂലം ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണു പുതിയ ടെർമിനലിനായി ശ്രമിക്കുന്നതെന്നു ഹൈബി ഈഡൻ എംപി പറഞ്ഞു.

hibi-eden-piyush-goyal
ഹൈബി ഈഡൻ എംപി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ സന്ദർശിച്ചപ്പോൾ

പുതിയ ടെർമിനലിനായി മുറവിളി തുടങ്ങിയിട്ടു വർഷങ്ങളായിട്ടും പദ്ധതി ശുപാർശ ബോർഡ് തലത്തിൽ എത്തിയിരുന്നില്ല. അടുത്ത 50 വർഷത്തെ കൊച്ചി നഗരത്തിന്റെ വളർച്ച കൂടി മുന്നിൽക്കണ്ടു കൊണ്ടു മധ്യകേരളത്തിന്റെ യാത്രാ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ആധുനിക ടെർമിനലാണു വേണ്ടതെന്നു നിവേദനത്തിൽ  പറയുന്നു.

15 പ്ലാറ്റ്‌ഫോമുകളും അറ്റകുറ്റപ്പണിക്കുള്ള 6 പിറ്റ് ലൈനുകളും ഉൾപ്പെടുത്തി ഇവിടെ ടെർമിനൽ പ്രവർത്തനം തുടങ്ങാനായാൽ തൊട്ടടുത്തായി വൈറ്റില മൊബിലിറ്റി ഹബ്, വാട്ടർ മെട്രോ ജെട്ടി, മെട്രോ റെയിൽ എന്നിവയുമായി ബന്ധിപ്പിച്ചു സംയോജിത ഗതാഗത സംവിധാനത്തിന്റെ മാതൃകയാക്കി മാറ്റാൻ കഴിയും. പദ്ധതിക്കായി ആവശ്യമെങ്കിൽ പിപിപി മാതൃകയും പ്രയോജനപ്പെടുത്താവുന്നതാണെന്നും എംപി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.  

English Summary: Railway ready to make new terminal in Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com