ADVERTISEMENT

താനെ∙ ദൈവത്തിന്റെ കൈ- അതീവ ആസൂത്രണ മികവ് ദൃശ്യമാകുന്ന കുറ്റകൃത്യങ്ങളിൽ പോലും കുറ്റവാളി ബോധപൂർവമല്ലാതെ വരുത്തുന്ന പിഴവുകളെ കുറ്റാന്വേഷണ വിദഗ്ധർ പേരിട്ടു വിളിക്കുന്ന ‘ലൂപ്‌ഹോൾ‌’. കുറ്റവാളി കാണാമറയത്താണെങ്കിലും കാലത്തെ അതിജീവിച്ചു മറഞ്ഞിരിക്കുന്ന കുറ്റകൃത്യങ്ങളില്ലെന്നുളളതാണ് കുറ്റാന്വേഷകരുടെ സാക്ഷ്യം. മുഖം തിരിച്ചറിയാനാകാത്ത നിലയിൽ യുവതിയെ കത്തിച്ചിട്ടും പരുത്തിച്ചാക്കിൽ പറ്റിപ്പിടിച്ച കോഴിത്തൂവലൂകൾ വഴി െകാലപാതകിയെ പിടികൂടിയ അനുഭവം പറയുകയാണ് മഹാരാഷ്ട്ര പൊലീസ്.

ജൂൺ 23 ഞായറാഴ്ചയാണ് താനെ തിത്വാലയിലെ കല്യാൺ ടൗണിൽ റയാ പാലത്തിനു സമീപം ചാക്കിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. പെട്രോൾ ഒഴിച്ചു കത്തിച്ച നിലയിലൊരു മൃതദേഹമായിരുന്നു ചാക്കുകെട്ടിൽ. കൊലപാതകശേഷം കുറ്റം ഒളിപ്പിക്കുന്നതിനായി ശരീരം കത്തിച്ചതാകാമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിനും തെളിവു നശിപ്പിക്കലിനും കേസ് റജിസ്റ്റർ ചെയ്ത പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും അന്വേഷണം തെല്ലും മുന്നോട്ടു പോയതുമില്ല. 

പരുത്തിച്ചാക്കിൽ പറ്റിപ്പിടിച്ച നിലയിൽ കണ്ടെത്തിയ കോഴിത്തൂവലും ശരീരത്തിൽ ധരിച്ചിരുന്ന രക്ഷാത്തകിടും മാത്രമായിരുന്നു കൊല്ലപ്പെട്ട യുവതിയിലേക്കും ഘാതകനിലേക്കും വിരൽ ചൂണ്ടാവുന്ന ഒരേയൊരു തെളിവ്. യുവതി ധരിച്ചിരുന്ന തകിടിൽ ബംഗാളിയിൽ എന്തോ കുറിച്ചിട്ടിരുന്നു. മേഖലയിൽ ബംഗാളി സംസാരിക്കുന്നവരെയും  കോഴി സ്റ്റാൾ നടത്തുന്നവരെയും മാത്രം കേന്ദ്രീകരിച്ചായി പിന്നീടുള്ള പൊലീസ് അന്വേഷണം. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ സമീപപ്രദേശത്തുള്ള ചിക്കൻ സ്റ്റാളിൽ ഒരു യുവതി ദിവസവും സന്ദർശനം നടത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. എന്നാൽ നാളുകളായി അവരെ കാണാനില്ല. അതോടെ അന്വേഷണം ആ വഴിക്കായി. കൊല്ലപ്പെട്ടത് മോനിയെന്ന ഇരുപത്തിയഞ്ചുകാരിയാണെന്നു വൈകാതെ പൊലീസ് സ്ഥിരീകരിച്ചു. 

താനെയിൽ ചിക്കൻ സ്റ്റാൾ നടത്തിയിരുന്ന അലാം ഷെയ്ക്ക് (33) എന്ന യുവാവ് മോനിയുടെ മൃതദേഹം കണ്ടെടുത്തതിന്റെ പിറ്റേദിവസം ബാംഗാളിലേക്കു കടന്നതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കൊലപാതകി അലാം ഷെയ്ക്കാണെന്ന് ഉറപ്പിച്ച പൊലീസ് കുരുക്കു മുറുക്കി. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചു. ബംഗാളിലെ സെയ്ദ്‌പൂർ ഗ്രാമത്തിലേക്ക് താനെയിൽ നിന്നുള്ള പൊലീസ് സംഘം ഉടനെ പുറപ്പെടുകയും അലാം ഷെയ്ക്കിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. 

ചോദ്യം ചെയ്യലിനൊടുവിൽ ഷെയ്ക്ക് കുറ്റം സമ്മതിച്ചു. െകാല്ലപ്പെട്ട മോനിയുമായി അടുപ്പത്തിലായിരുന്നുവെന്നും കടമായി വാങ്ങിയ 2.5 ലക്ഷം രൂപ തിരികെ നൽകാത്തതാണ് െകാലപാതകത്തിൽ കലാശിച്ചതെന്നും ഷെയ്ക്ക് പറഞ്ഞു. പണം തിരികെ ചോദിക്കാൻ ജൂൺ 22ന് രാത്രി ഏറെ വൈകി അടുത്ത സുഹൃത്തിനൊപ്പം മോനിയുടെ വീട്ടിലെത്തി. ഇരുവരും തമ്മിൽ വാക്‌തർക്കത്തിനൊടുവിൽ മോനിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. 

സുഹൃത്തിനൊപ്പം മൃതദേഹം ബൈക്കിനു നടുവിലിരുത്തി വിജനമായ സ്ഥലത്ത് എത്തിച്ച് പെട്രോൾ ഒഴിച്ചു കത്തിച്ചു. കോഴിഫാമിൽ ഉപയോഗിക്കുന്ന തരം പരുത്തിച്ചാക്കാണ് ഷെയ്ക്കിനെ കുരുക്കിയത്. തിങ്കളാഴ്ച രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷെയ്ക്കിന്റെ കൂട്ടാളിക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. 

English Summary: Chicken feathers stuck on a gunny bag  helped Thane police  crack the case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com