ADVERTISEMENT

ചെന്നൈ∙ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച ശരവണഭവൻ ഉടമ പി. രാജഗോപാൽ മദ്രാസ് ഹൈക്കോടതിയിൽ കീഴടങ്ങി.ആംബുലൻസിൽ കോടതി വളപ്പിലെത്തിയ രാജഗോപാൽ വീൽചെയറിലാണു കോടതി മുറിയിലെത്തിയത്. ചികിൽസ തുടരാൻ അനുവദിക്കണമെന്നു ആവശ്യപ്പെട്ടെങ്കിലും പുഴൽ ജയിലിലേക്കു അയക്കാനായിരുന്നു കോടതി ഉത്തരവ്. ജയിലിൽ ഡോക്ടർമാർ പരിശോധിച്ച ശേഷം ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും. 

ആരോഗ്യസ്ഥിതി മോശമായതിനാൽ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതു നീട്ടി വയ്ക്കണമെന്ന രാജഗോപാലിന്റെ അപേക്ഷ സുപ്രീംകോടതി നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കീഴടങ്ങൽ.

ഹോട്ടൽ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയെന്ന കേസിലാണു സുപ്രീംകോടതി രാജഗോപാലിനു ശിക്ഷ വിധിച്ചത്. വിചാരണ സമയത്ത് ഉന്നയിക്കാതിരുന്ന ആരോഗ്യ പ്രശ്നങ്ങൾ ശിക്ഷാവിധിക്കു ശേഷം ചൂണ്ടിക്കാട്ടുന്നതിലെ നിയമസാധുത ചോദ്യം ചെയ്താണു സുപ്രീംകോടതി രാജഗോപാലിന്റെ അപേക്ഷ തള്ളിയത്.

കേസിൽ 2004ൽ ആണ് കോടതി 10 വർഷം തടവുശിക്ഷ വിധിച്ചത്. കഴിഞ്ഞ മാർച്ചിൽ ശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി ഉയർത്തി. 2009ൽ ജാമ്യം നേടിയ രാജഗോപാൽ, ജീവപര്യന്തം ശിക്ഷ തുടങ്ങുന്ന ജൂലൈ ഏഴിനു കീഴടങ്ങണമെന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെ മറികടക്കാനായി, താൻ ആശുപത്രിയിൽ ആയിരുന്നെന്നും ചികിൽസയ്ക്കായി കൂടുതൽ സമയം വേണമെന്നും വിശദീകരിച്ച് രാജഗോപാൽ പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു.

ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ രണ്ടു ഭാര്യമാരുള്ള രാജഗോപാലിനെ വിവാഹം കഴിക്കാന്‍ ജീവജ്യോതി വിസമ്മതിച്ചു. 1999ല്‍ ഇവര്‍ ശാന്തകുമാറിനെ വിവാഹം കഴിച്ചു. വിവാഹബന്ധം വേര്‍പെടുത്താന്‍ രാജഗോപാല്‍ ദമ്പതിമാരെ ഭീഷണിപ്പെടുത്തി. 2001ല്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ ശാന്തകുമാറിനെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊടൈക്കനാലിലെ വനത്തിൽ ഇയാളുടെ മൃതദേഹം മറവുചെയ്തെന്നും പ്രോസിക്യൂഷൻ പറയുന്നു.

English Summary : Saravana Bhavan owner P. Rajagopal, convicted of murder, surrenders at Madras HC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com