ADVERTISEMENT

ഒരു ദിവസം സോളങ്കിയെ ഞാൻ അഴികൾക്കുള്ളിലാക്കും. ഇല്ലെങ്കിൽ എന്റെ മകന്റെ രക്‌തസാക്ഷിത്വത്തിന് എന്തു വില, അല്ലേ - വർഷങ്ങൾക്കു മുൻപ് അമിത് ജത്വയുടെ പിതാവ് ബിക്കു ഭായിയെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഈ ചോദ്യം മൃദുവായിരുന്നെങ്കിലും വാക്കുകൾ ദൃഢമായിരുന്നു. വിദൂര ഗ്രാമത്തിൽ നിന്നുള്ള ബിക്കുഭായിക്കും സഹപ്രവർത്തകർക്കും നീതി നേടിയെടുക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കാനേ അന്നു കഴിയുമായിരുന്നുള്ളൂ. ബിക്കുഭായിയുടെ വാക്കുകൾ ശരിവച്ചുകൊണ്ട് അമിതിന്റെ ഒപ്പം പ്രവർത്തിച്ചിരുന്ന ഗ്രാമീണരും അവിടെ ഉണ്ടായിരുന്നു.

ആ എൺപത്താറുകാരന്റെ പോരാട്ടങ്ങൾ ലക്ഷ്യം നേടിയിരിക്കുന്നു. മകന്റെ ഘാതകരെ ജയിലഴിക്കുള്ളിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ആകെയുള്ള ഒരു മോട്ടോർ സൈക്കിളിൽ അംറേലി ജില്ലയിലെ ഖാമ്പ എന്ന ഗ്രാമത്തിൽ നിന്ന് നീതി തേടി അദ്ദേഹം നടത്തിയ അനന്തമായ യാത്രകളിലൂടെ ഒരു നീതിമാന്റെ രക്തത്തിന് നിയമത്തിലൂടെ പകരം ചോദിക്കാൻ സാധിച്ചു.

ഒൻപതു വർഷം മുമ്പ്, 2010 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതിക്കു പുറത്തുവച്ച് കൊല്ലപ്പെടുമ്പോൾ 31 വയസേ ഉണ്ടായിരുന്നുള്ളൂ അമിതിന്. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ഗീർ വനങ്ങളിലെ സിംഹങ്ങളുടെ സംരക്ഷണത്തിനു വേണ്ടി വിവരാവകാശ നിയമം ബലമാക്കി പ്രവർത്തിച്ചുവരികയായിരുന്ന അമിത്. കാട്ടിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചുവന്ന ഖനികൾക്കെതിരെ പോരാട്ടം നീണ്ടപ്പോഴാണ് ഭീഷണികളുണ്ടായത്.

പ്രാദേശിക പത്രപ്രവർത്തകനായിരുന്ന ബിക്കുഭായി രൂപം നൽകിയ നാച്വർ യൂത്ത് ക്ലബിന്റെ കൺവീനറായിരുന്ന അമിത്. അംറേലി ജില്ലയിലെ ഖാമ്പ എന്ന ഗ്രാമത്തിൽ നിന്ന് അഹമ്മദാബാദിലേക്ക് അമിത് താമസം മാറ്റിയത് കോടതി വഴി ഖനന മാഫിയയ്ക്കെതിരെ പൊരുതാനായിരുന്നു. നിർണായകമായ തെളിവുകൾ കോടതിയിൽ നൽകിയ ദിവസമാണ് അമിത് വെടിയേറ്റുവീണത്.

gir-nature-club
ഗീർ നാച്വ‍ർ ക്ലബിന്റെ പ്രവ‍ർത്തകർ. ചിത്രം – കെ.ആർ. വിനയൻ

ബിക്കുഭായിയുടെ ദീർഘമായ പോരാട്ടമാണ് പൊലീസ് തേച്ചുമാച്ച് കളയാൻ പലവട്ടം ശ്രമിച്ച കേസ് നിയമത്തിനു മുന്നിലെത്തിച്ചത്. ആദ്യ രണ്ടു പൊലീസ് അന്വേഷണങ്ങളും ദിനു സോളങ്കിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. . 195 സാക്ഷികളിൽ 105 പേരും കൂറുമാറിയെങ്കിലും ഒടുവിൽ ബിക്കുഭായിയുടെ പോരാട്ടം ജയിച്ചു. 2017 ജൂണിൽ വീണ്ടും വിചാരണ നടത്തണമെന്ന് ബിക്കുഭായി ആവശ്യപ്പെട്ടു. ആ ആവശ്യം കോടതി അംഗീകരിച്ചു. ഹൈക്കോടതിയുടെ നിലപാടിനെതിരെ പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. ഒക്ടോബറിൽ വിചാരണ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതിയും അംഗീകരിച്ചു. 26 സാക്ഷികളെയും വീണ്ടും വിസ്തരിക്കണമെന്ന് നിർദേശിച്ചു.

കന്യാദാനം നടത്തി; പിന്നീട് ശത്രു
വർഷങ്ങൾക്കു മുമ്പ് അമിതിന്റെ കല്യാണത്തിന് ദിനു സോളങ്കി പങ്കെടുത്തിരുന്നു. അക്കാലത്ത് ഖാണ്ട ഗ്രാമമുൾപ്പെട്ട കോഡിനാർ മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു ദിനു സോളങ്കി. കല്യാണത്തിനു മുന്നോടിയായി കന്യാദാനം എന്ന ചടങ്ങുണ്ട്. കന്യാദാനം നടത്തിയത് ദിനു സോളങ്കിയായിരുന്നു. 

2002ൽ നിയമസഭയിലേക്കു ജയിച്ച സോളങ്കി 2009ൽ ജുനാഗഢിൽ നിന്ന് ജയിച്ച് എംപിയായി. നിരവധി ക്രിമിനൽ കേസുകൾ അലങ്കാരമായി കൊണ്ടുനടക്കുന്ന രാഷ്‌ട്രീയക്കാരൻ. വനത്തിനു സമീപം പ്രവർത്തിക്കുന്ന ഒരു സിമന്റ് ഫാക്‌ടറിയുടെ സംരക്ഷകൻ അദ്ദേഹമാണെന്ന് അമിതിന്റെ സംഘടന കണ്ടെത്തി. ദിനു സോളങ്കിയുടെ ഇടപെടലുകൾ പുറത്തുകൊണ്ടുവരാനായി ആറ് വിവരാവകാശ അപേക്ഷകൾ അമിത് നൽകി. വിവരങ്ങൾ പുറത്തുവരികയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്‌തപ്പോൾ ഗുണ്ടകൾ അമിതിനെ ആക്രമിച്ചു. 

amits-wife-daugher-and-mother
അമിതിന്റെ ഭാര്യ അൽപയും അമ്മയും മകളും. ചിത്രം – കെ.ആർ. വിനയൻ

പിന്നാലെ ഖനി മാഫിയയുടെ വക്‌താക്കൾ അമിതിനെ തേടി വന്നു. ഒരു മുന്നറിയിപ്പുമായാണ് അവർ വന്നത്. പിന്മാറണം. കോടിനാ എന്ന ചെറുനഗരത്തിൽ  വച്ചായിരുന്നു മുഖാമുഖം. പിന്മാറുമോ എന്ന ചോദ്യത്തിന് തയാറല്ല എന്ന സൗമ്യമായ മറുപടിയായിരുന്നു അമിത് നൽകിയത്.

രണ്ടും കൽപ്പിച്ചാണ് സംഘടന പിന്നീട് നിന്നത്.  പോരാട്ടം ഏറ്റുമുട്ടലിന്റെ ഘട്ടത്തിലേക്കു കടന്നതായി അമിത് ഒപ്പമുള്ളവരോടു പറഞ്ഞു. ഇനി എന്തു ചെയ്യണമെന്ന് ഖാമ്പയിലെ പഴയൊരു കെട്ടിടത്തിലെ രണ്ടാം നിലയിലെ കുടുസു മുറിയിലെ സംഘടനയുടെ ഓഫിസിൽ സംഘം ചേർന്ന് അവർ ആലോചിച്ചു.

2009 ജനുവരി 26. കോടിനയിൽ മുഖ്യമന്ത്രിയും മറ്റും പങ്കെടുക്കുന്ന സർക്കാർ ആഘോഷം നടക്കുകയാണ്. എംപിയെന്ന നിലയിൽ ദിനു സോളങ്കിയുമുണ്ട്. അന്ന് അമിതിനെ കണ്ടപ്പോൾ സോളങ്കി പറഞ്ഞു: പിന്മാറണം, ഒരു മാസം സമയം തരും. വനത്തിൽ നിന്ന് കുഴിച്ചെടുക്കുന്നത് നിധിയാണ്. അതിന് ഇടങ്കോലിടരുത്. കേസ് ഉപേക്ഷിച്ചാൽ അഞ്ചുകോടി തരാം. അമിത് ചിരിച്ചു തള്ളി. കാട് കോടികൾക്കപ്പുറം വിലമതിക്കുന്നതാണെന്ന സംഘടനയുടെ നിലപാട് അമിത് സോളങ്കിക്ക് വിവരിച്ചുകൊടുത്തു. ജുനഗഢിലും അംറേലിയിലുമായാണ് ഗീർ വനങ്ങൾ. ഏഷ്യാറ്റിക് ലയൺ ഉള്ള ഏക കാട്. ഇവ സംരക്ഷിത മൃഗങ്ങളുടെ പട്ടികയിൽ വരുന്നു. 2010ൽ ആകെ 411 എണ്ണം മാത്രം. 

അമിത് ജുനാഗഡ് കലക്‌ടറെ കണ്ട് കാര്യം പറഞ്ഞു. താൻ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്നും അങ്ങനെ സംഭവിച്ചാൽ ദിനു സോളങ്കിയാവും ഉത്തരവാദിയെന്നും എഴുതി നൽകി.

Bhikhu-Jethva
അമിത് ജത്വയുടെ പിതാവ് ബിക്കുഭായി. ചിത്രം – കെ.ആർ. വിനയൻ

സോളങ്കിക്കെതിരെയുള്ള വാർത്തകളും നീക്കങ്ങളും ഫലിക്കാതെ വന്നപ്പോൾ 2010ൽ സോളങ്കിയുടെയും ബന്ധുക്കളുടെയും ഖനിമാഫിയയുമായുള്ള ബന്ധങ്ങളുടെ തെളിവുകൾ സഹിതം അമിത് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി. അവസാനത്തെ പോരാട്ടം. അതിന്റെ തുടർ നീക്കങ്ങൾക്കായി അഹമ്മദാബാദിലേക്ക് താൽക്കാലികമായി താമസം മാറ്റി. ഭാര്യ അൽപയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും അമിതിനോടൊപ്പം അഹമ്മദാബാദിലെ വീട്ടിലേക്കു പോന്നു. 

അഹമ്മദാബാദ്. 2010 ജൂലൈ 20. ഭാര്യ അൽപയും കുട്ടികളായ ആരോയ്, അർജുൻ എന്നിവരുമടങ്ങുന്ന കുടുംബത്തെ വീട്ടിൽ നിർത്തി അന്ന് ഹൈക്കോടതിയിലേക്കാണ് അമിത് പോയത്. ആദ്യം പോയത് ഹൈക്കോടതി വളപ്പിലെ ‘അതീവ സുരക്ഷാ മേഖല’യിലുള്ള സ്‌ഥലത്താണ്. അവിടെ കേസിന്റെ കാര്യങ്ങൾ അഭിഭാഷകനായ വിജയ് നാഗേഷുമായി ചർച്ച ചെയ്‌തു. പുറത്തിറങ്ങി നടക്കുമ്പോൾ രണ്ടുപേർ ബൈക്കിൽ അമിതിന്റെ അടുത്തെത്തി. ഒരു മുഖാമുഖം. അവർ അമിതിന്റെ കഴുത്ത് ഉന്നമാക്കി വെടിവച്ചു. നീതിമാന്റെ ശരീരത്തിലൂടെ വെടിയുണ്ടകൾ സഞ്ചരിച്ചു.

വെടിയേറ്റു വീഴുന്നതിനു മുമ്പ് അക്രമികളിലൊരാളെ കടന്നു പിടിക്കാൻ അമിത് ശ്രമിച്ചു. ഒരാളുടെ ഷർട്ട് മാത്രമേ കിട്ടിയുള്ളൂ. ജുനാഗഢിൽ തയ്‌ച്ച ഷർട്ട്. അക്രമികൾ ബൈക്കിൽ കടന്നുകളഞ്ഞു. രണ്ടുപൊലീസുകാർ സ്‌ഥലത്തുണ്ടായിരുന്നെങ്കിലും വെടിവച്ചവരെ പിടിക്കാൻ അവർ ശ്രമിച്ചില്ല. അമിത് അവിടെ വീണു പിടഞ്ഞു. സത്യമേവ എന്ന പേരുള്ള കെട്ടിടത്തിനു മുന്നിലായിരുന്നു ആ മരണം. 

രണ്ടു മാസം കഴിഞ്ഞ്, സെപ്‌റ്റംബർ ആറിന് ദിനു സോളങ്കിയുടെ മരുമകനായ ശിവ സോളങ്കിയെ കേസിൽ അറസ്‌റ്റു ചെയ്‌തു. കോഡിനാർ നഗർ പാലിക അധ്യക്ഷനും ബിജെപി നേതാവുമായിരുന്നു ശിവ സോളങ്കി. ക്വട്ടേഷൻ കൊടുത്തതിനായിരുന്നു അറസ്‌റ്റ്. ശൈലേഷ് പാണ്ഡ്യ, പഞ്ചൻ ശിവ എന്നിവരെയും അറസ്‌റ്റു ചെയ്‌തു. കോൺസ്‌റ്റബിൾ ബഹാദുർ സിങ്ങിനെയാണ് ആദ്യം അറസ്‌റ്റു ചെയ്‌തത്. ശിവ സോളങ്കി ബഹാദൂർ സിങ്ങിനോട് ‘അമിതിനെ ഒഴിവാക്കണം’ എന്ന് ആവശ്യപ്പെട്ടു. ബഹാദൂർ സിങ് ഷൈലേഷ് പാണ്ഡ്യ, പഞ്ചൻ ശിവ എന്നിവരെ കൃത്യം നടത്താൻ ഏൽപ്പിച്ചു എന്നായിരുന്നു പൊലീസ് കേസ്.

gir-nature-club-office
ഗീർ നാച്വ‍ർ ക്ലബ് പ്രവർത്തിക്കുന്ന കെട്ടിടം. ചിത്രം – കെ.ആർ. വിനയൻ

അന്വേഷണം നടത്തി അധ്യായം അടയ്‌ക്കാൻ പൊലീസിന് വല്ലാത്ത താൽപ്പര്യമായിരുന്നു. പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കിയ എസ്‌പി, ദിനു സോളങ്കിക്ക് അമിതിന്റെ വധത്തിൽ പങ്കില്ലെന്ന് റിപ്പോർട്ട് നൽകി. എന്നാൽ തെളിവുകളുമായി ബിക്കുഭായി ധൈര്യത്തോടെ തന്നെ നിന്നു. അന്വേഷണം അവസാനിപ്പിക്കാൻ അനുവദിക്കില്ലെന്നും മകന്റെ പോരാട്ടം ഏറ്റെടുത്ത് ആ അച്‌ഛൻ പ്രഖ്യാപിച്ചു. പാവപ്പെട്ട ഗ്രാമീണർ ചിതറിപ്പോവുന്നതിനു പകരം സംഘടയുടെ പിന്നിൽ ഉറച്ചുനിന്നു. 

സംഭവം വിവാദമായപ്പോൾ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണം വെറുതെ ആയപ്പോൾ ബിക്കുഭായ് ഹൈക്കോടതിയെ സമീപിച്ചു. 2011 ഒക്‌ടോബറിൽ കേസ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്‌ഥൻ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സോളങ്കിയെപ്പറ്റി അന്വേഷിക്കുന്നില്ല എന്ന് ബിക്കുഭായി ആരോപിച്ചതിനെത്തുടർന്നായിരുന്നു കോടതി ഉത്തരവ്.

ദിനു സോളങ്കിയുടെ പങ്ക് അന്വേഷിച്ചോ എന്ന് കോടതി ആരാഞ്ഞപ്പോൾ തൃപ്‌തികരമായ മറുപടി നൽകാൻ സർക്കാരിനായില്ല. തുടർന്നാണ് ആഴത്തിലുള്ള അന്വേഷണം വേണമെന്ന് കോടതി പറഞ്ഞത്.  എന്നാൽ സർക്കാർ ഒഴിഞ്ഞു മാറി. പകരം ജില്ലാ പൊലീസ് സൂപ്രണ്ടിനെക്കൊണ്ട് അന്വേഷിച്ചു. നവംബറിൽ ഗുജറാത്ത് ഹൈക്കോടതി പൊലീസ് അന്വേഷണം തൃപ്‌തികരമല്ലെന്ന് പറഞ്ഞുകൊണ്ട് കൂടുതൽ അന്വേഷണം നടത്താൻ ഉത്തരവിട്ടു.  എന്നാൽ 2012 ഫെബ്രുവരിയിൽ 200 പേജുള്ള അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. സോളങ്കിക്കെതിരെ തെളിവൊന്നും കിട്ടിയില്ലെന്നാണ് പൊലീസ് അറിയിച്ചത്.

amit-jethva-s-mother
അമിതിന്റെ അമ്മ. ചിത്രം – കെ.ആർ. വിനയൻ

മകൻ കൊല്ലപ്പെട്ടതോടെ ബിക്കുഭായി അദ്ദേഹത്തിനുണ്ടായിരുന്ന ഒരു ചെരിപ്പുകട പൂട്ടി തുടർന്നുള്ള പോരാട്ടം ഏറ്റെടുത്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ  ബിജെപി സ്‌ഥാനാർഥിയായിട്ടുള്ള ബിക്കുഭായി സർക്കാരിനെതിരെ തെളിവുകൾ നിരത്തി നിയമയുദ്ധം നയിക്കാൻ തുടങ്ങി.  2012 ഏപ്രിൽ ആറിന് ഗുജറാത്ത് ഹൈക്കോടതി കേസിൽ സിബിഐ അന്വേഷണം വേണമെന്ന ബിക്കുഭായിയുടെ അപേക്ഷ സ്വീകരിച്ചു.

റിസർവ് ഫോറസ്‌റ്റ് ആയ 2500 ഏക്കർ സ്‌ഥലം എംപി കൈയേറിയിരുന്നു. ഇതിനെതിരെ പരാതി നൽകിയപ്പോൾ ദിനു സോളങ്കി ഫോണിൽ വിളിച്ചിരുന്നു. ഇക്കാര്യം അമിത് റെക്കോർഡ് ചെയ്‌തിരുന്നു. അതിൽ ദിനു സോളങ്കി പറഞ്ഞത് ഇങ്ങനെ ‘എനിക്കെതിരെ ഒരു കാര്യവും ചെയ്യരുത്. എന്തെങ്കിലും വേണമെങ്കിൽ ജ്യേഷ്‌ഠന്റെ മകനുമായി സംസാരിക്കണം. അല്ലെങ്കിൽ ഫിനിഷ് ചെയ്യും. അമിത് പറഞ്ഞു: ‘ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. ഇക്കാര്യം റെക്കോർഡ് ചെയ്‌തിരുന്നു. തെളിവിന്റെ കൂട്ടത്തിൽ പൊലീസിന് ഇതും നൽകിയിരുന്നു.. എഴുന്നൂറോളം പേപ്പറുകൾ, രണ്ട് സിഡി, ഫോൺ വിളിച്ചതിന്റെ വിശദവിവരങ്ങൾ എന്നിവയാണ് തെളിവുകളായി സംഘടന നൽകിയത്.

സിബിഐ അന്വേഷണം നേരായ വഴിക്കു നീങ്ങി. കേസിൽ ബിജെപി എംപി ദിനു സോളങ്കിയെ 2013 നവംബറിൽ സിബിഐ അറസ്‌റ്റു ചെയ്‌തു. കേസിൽ ചോദ്യം ചെയ്യാനായി ഡൽഹി ഓഫിസിൽ വിളിച്ചുവരുത്തിയ സോളങ്കിയെ മൊഴികളിലെ പൊരുത്തക്കേടുകളെ തുടർന്നാണ് അറസ്‌റ്റു ചെയ്‌തത്.

ജന്മനാലേ അമിത് പോരാളി

amit-jatva-dinu-solanki
കൊല്ലപ്പെട്ട അമിത് ജത്വ, ശിക്ഷിക്കപ്പെട്ട മുൻ എംപി ദിനു സോളങ്കി.

രാജ്യത്തെ മുന്നോട്ടു നയിക്കുന്ന പ്രമുഖ വ്യക്‌തികൾക്ക് എൻഡിടിവി ഏർപ്പെടുത്തിയ എൽഐസി അൺസങ് ഹീറോ അവാർഡ് മരണാനന്തരം അമിതിന് കിട്ടി. ജീവിച്ചിരിക്കുമ്പോൾ അവാർഡുകളോട് വിമുഖത കാട്ടിയിരുന്നു അമിത്. ഭാര്യ അൽപയാണ് അവാർഡ് വാങ്ങിയത്.

ഖാമ്പ ഗ്രാമത്തിലെ അമിതിന്റെ വീട്ടിലാണ് അൽപയും മക്കളും ഇപ്പോൾ താമസിക്കുന്നത്. മകന്റെ വേർപാടിനു ശേഷം മാതാപിതാക്കൾ അൽപയെയും മക്കളെയും ഒപ്പം നിർത്തി. അമിതിന്റെ വിവാഹത്തിന് കന്യാദാനം നടത്തിയത് സോളങ്കിയായിരുന്നു എന്ന് അമ്മ നന്ദേൻ ബെൻ മൃദു ശബ്ദത്തിൽ എടുത്തുപറഞ്ഞു. 

അമിതിനെ പറ്റി അൽപയോട് ചോദിച്ചു. അമിത് പറയാറുള്ള കാര്യം അൽപ എടുത്തുപറഞ്ഞു: താൻ ജന്മനാലേ ഒരു പോരാളിയാണ് എന്നാണ് അമിത് സ്വയം പരിചയപ്പെടുത്തിയിരുന്നത്. ആ പോരാളി തുടങ്ങിവച്ച യുദ്ധം തന്നെയാണ് അഭിമാനിയായ ആ പിതാവ് നിയമയുദ്ധത്തിലൂടെ മുന്നോട്ടുകൊണ്ടുപോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com