ADVERTISEMENT

ന്യൂഡൽഹി ∙ മുൻ ധനമന്ത്രി പി.ചിദംബരം പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാട് സ്വീകരിച്ചതായി രാജ്യസഭാംഗം അൽഫോൻസ് കണ്ണന്താനം. പുതിയ ഇന്ത്യക്കുള്ള സ്വപ്നങ്ങൾ നിറച്ച ബജറ്റാണ് ഇത്തവണ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്നും രാജ്യസഭയിലെ ബജറ്റ് ചർച്ചാ വേളയിൽ അദ്ദേഹം പറഞ്ഞു. 

ഏതൊരു ജനാധിപത്യ സർക്കാരും ചരിത്രത്തിൽ നടപ്പാക്കാത്ത നയപരിപാടികളാണ് പിന്നിട്ട അഞ്ചു വർഷം നടപ്പാക്കിയത്. വൻതോതിലുള്ള അടിസ്ഥാന സാമ്പത്തിക വികസനമാണു രാജ്യത്ത് ഉണ്ടായതെന്ന് സാമ്പത്തിക സർവേ കണക്കുകൾ ഉദ്ധരിച്ചു കണ്ണന്താനം പറഞ്ഞു. ധനകാര്യ മാനേജ്മെന്റിലെ കെടുകാര്യസ്ഥത വ്യക്തമാക്കുന്ന ബജറ്റാണിതെന്നു മുൻപ് പ്രതികരിച്ച പി.ചിദംബരം സഭയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നു കണ്ണന്താനം ചൂണ്ടിക്കാട്ടി.

കേരളത്തിലെയും താൻ രാജ്യസഭയിൽ പ്രതിനിധാനം ചെയ്യുന്ന രാജസ്ഥാനിലെയും കാർഷിക പ്രശ്നങ്ങൾ ബജറ്റ് ചർച്ചയിൽ സൂചിപ്പിച്ച കണ്ണന്താനം, പത്തു വർഷത്തോളമായി കിലോയ്ക്കു ശരാശരി നൂറു രൂപ മാത്രം വിപണിവില ലഭിക്കുന്ന റബറിനും വിലയിടിവ് നേരിടുന്ന നാളികേരത്തിനും മെച്ചപ്പെട്ട വില ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിച്ചു. മൽസ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം ആരംഭിക്കാനുള്ള കേന്ദ്ര തീരുമാനത്തെ കണ്ണന്താനം അഭിനന്ദിച്ചു. മികച്ച ജീവിത സാഹചര്യങ്ങൾ മൽസ്യത്തൊഴിലാളികൾക്ക് ഒരുക്കണമെന്നും ആവശ്യമായ സ്ഥലങ്ങളിൽ കടൽഭിത്തിയുടെ നിർമാണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

രാജസ്ഥാനും കേരളത്തിനും വിനോദസഞ്ചാര രംഗത്ത് മികച്ച സാധ്യതകളാണുള്ളത്. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ കുറച്ചു മാസം മുൻപ് പുറത്തിറക്കിയ റിപ്പോർട്ടിൽ വിനോദസഞ്ചാര മേഖലയിൽ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്. ഉദ്ദേശം 16.5 ലക്ഷം കോടി വരുമാനമാണ് ഈ രംഗം നൽകുന്നത്. വിനോദസഞ്ചാര മേഖലയ്ക്കു ബജറ്റിൽ വകയിരുത്തിയത് 1266 കോടി രൂപ മാത്രമാണെന്നും വരുമാനം കൂടി വിലയിരുത്തി ഈ രംഗത്തിന് കൂടുതൽ തുക വകയിരുത്തണമെന്നും കണ്ണന്താനം അഭ്യർഥിച്ചു.

English Summary: Alphons Kannanthanam refutes Chidambaram in Rajya Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com