ADVERTISEMENT

ന്യൂഡല്‍ഹി∙ ശത്രുക്കളുടെ വ്യോമമേഖലയിൽ നുഴഞ്ഞു കയറി ശത്രുകേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തുന്ന ഒരു കൂട്ടം ഇന്ത്യൻ ആയുധങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ചാണു പ്രവർത്തനം. ശത്രുപാളയങ്ങൾ തേടി കണ്ടെത്തി, ആസൂത്രണം ചെയ്ത് ആക്രമണം ചൊരിയുന്ന സംഘങ്ങളായി പ്രവര്‍ത്തിക്കുന്ന ഡ്രോണുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.  ബാലാക്കോട്ടിലെ ജയ്ഷ് ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തുവിട്ടതിനു സമാനമായ ഓപറേഷനുകൾക്ക് ഡ്രോണുകളെ ഉപയോഗിക്കാം.

ഓരോ കൂട്ടത്തിലും ഡസൻ കണക്കിന് ഡ്രോണുകളായിരിക്കും ഉണ്ടായിരിക്കുക. ഇവയെ കണ്ടെത്തിയാൽ തന്നെ കുറച്ചെണ്ണം മാത്രം എതിരാളികൾ ലക്ഷ്യം വയ്ക്കും. എന്നാൽ മറ്റു ഡ്രോണുകൾ എതിരാളികളുടെ മിസൈലുകളെ അടക്കം മറികടന്നു വിജയിക്കുക തന്നെ ചെയ്യും. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും ബെംഗളൂരുവിലെ സ്റ്റാർട്ട് അപ് സംരംഭമായ ന്യൂസ്പെയ്സ് റിസർച്ച് ആൻഡ് ടെക്നോളജീസും കൈകോർത്താണ് ഇതിനായി പ്രവർത്തിക്കുന്നത്. ഡ്രോണുകളുടെ ഈ കൂട്ടത്തിനു നൽകിയിരിക്കുന്ന പേര്– ആൽഫാ എസ്, അഥവാ എയർ ലോഞ്ച്ഡ് ഫ്ലെക്സിബിൾ അസറ്റ്. രണ്ട് വർഷത്തിനകം ആയുധത്തിന്റെ ആദ്യരൂപം തയാറാക്കി പ്രാവർത്തികമാക്കി കാണിക്കാനാണു നിർമാതാക്കളുടെ ശ്രമം.

ആകാശയുദ്ധത്തിന്റെ ഭാവിയാണ് ആൽഫയെന്നു നിർമാണത്തിനു പിന്നില്‍ പ്രവർത്തിക്കുന്ന പ്രൊജക്ട് മാനേജർമാർ ഉറപ്പുനൽകുന്നു. ഏറ്റവും അപകടകരമായ ഓപറേഷനുകളിൽ പൈലറ്റുമാരില്ലാതെ തന്നെ ചെറുവിമാനങ്ങളിൽ ആക്രമണം സാധ്യമാക്കുന്നതിനാണു ശ്രമം. 1 മീറ്റർ, 2 മീറ്റർ നീളമുള്ള മടക്കാൻ സാധിക്കുന്ന രണ്ടു ചിറകുകളായിരിക്കും ആൽഫാ എസിന് ഉണ്ടായിരിക്കുക. വിമാനത്തിന്റെ ചിറകുകൾക്ക് അടിയിലെ ചെറുപെട്ടികളിലായിരിക്കും ഡ്രോണുകളുടെ സ്ഥാനം. ശത്രുക്കളുടെ വിമാനങ്ങൾ, മിസൈലുകൾ എന്നിവയിൽനിന്നെല്ലാം സുരക്ഷിതമായ ഇടത്തുനിന്ന് ഇന്ത്യൻ വ്യോമസേനയ്ക്കു ഡ്രോൺ പ്രയോഗിക്കാൻ സാധിക്കും.

സ്വന്തം ചിറകുകളുപയോഗിച്ച് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ഡ്രോണുകൾക്കു പറക്കാൻ കഴിയും. ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ ‍ഡ്രോൺ ചിറകുകൾക്കു കരുത്തുപകരാൻ സാധിക്കുന്ന രീതിയിലാണ് ഇവയുടെ ബാറ്ററികൾ തയാറാക്കുന്നത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിലെ ഹോക് അഡ‍്‍വാൻസ്ഡ് ജെറ്റ് ട്രെയിനർ വിമാനങ്ങളിൽനിന്നായിരിക്കും ആയുധത്തിന്റെ ആദ്യ മാതൃക പരീക്ഷിക്കുക. ചരക്കുനീക്കത്തിനും യുദ്ധത്തിനും ഉപയോഗിക്കുന്ന വ്യോമസേനയുടെ ഏതു വിമാനത്തിൽനിന്നും പ്രയോഗിക്കാൻ സാധിക്കുന്ന രീതിയിലായിരിക്കും ഡ്രോണുകളുടെ നിർമാണം.

ഇലക്ട്രോണിക് ഡാറ്റാ ലിങ്കുകൾ വഴി പരസ്പരം ബന്ധപ്പെട്ടായിരിക്കും പ്രവർത്തനം. ഇൻഫ്രാറെഡ‍്, ഇലക്ട്രോ ഒപ്റ്റിക്കൽ സെൻസറുകൾ ഉപയോഗിച്ചാണ് ഡ്രോണുകൾ ശത്രുക്കളെ കണ്ടെത്തുന്നത്. മിസൈൽ യൂണിറ്റുകൾ, ശത്രു റഡ‍ാറുകൾ, തറയിൽനിർത്തിയിട്ടിരിക്കുന്ന വിമാനങ്ങൾ എന്നിവയെല്ലാം കണ്ടെത്താൻ ഇവയ്ക്കു സാധിക്കും. കണ്ടെത്തുന്ന ലക്ഷ്യങ്ങൾ എന്തൊക്കെയെന്നു മനസ്സിലാക്കുന്നതിനും ഡ്രോണുകൾക്കു കഴിയും. വൻ സ്ഫോടക ശേഖരവുമായി ലക്ഷ്യത്തിലെത്തി അവിടെ ‘ചാവേർ സ്ഫോടനം’ നടത്തും. വിപണിയിൽ ഇല്ലാത്ത സാങ്കേതിക വിദ്യകളാണ് ഇതിനായി വികസിപ്പിക്കുന്നത്. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളും ചില യൂറോപ്യൻ രാഷ്ട്രങ്ങളും ഇത്തരം ഡ്രോണുകളുടെ നിർമാണ ഘട്ടത്തിലാണ്. ഈ സാങ്കേതിക വിദ്യയ്ക്കായി ലോകത്താകമാനം ഗവേഷണങ്ങൾ നടക്കുന്നതായും ഒരു രാജ്യവും ഈ വിവരങ്ങൾ മറ്റുള്ളവർക്കു കൈമാറില്ലെന്നുമാണ് ആൽഫാ എസിന്റെ ഡിസൈനർമാർ പറയുന്നത്.

ചൈനയിൽനിന്നുള്ള എച്ച്ക്യു 9 മിസൈൽ സംവിധാനം സ്വന്തമാക്കി വ്യോമപ്രതിരോധത്തിനു പദ്ധതിയിടുന്ന പാക്കിസ്ഥാൻ നീക്കത്തിനു ശക്തമായ മറുപടിയായിരിക്കും ഇന്ത്യയുടെ ആൽഫാ. ശത്രു വിമാനങ്ങളെ 200 കിലോമീറ്റർ ദൂരത്തുനിന്നും കണ്ടെത്താനും തടയാനും ശേഷിയുള്ളതാണ് ചൈനയുടെ എച്ച്ക്യു 9. സിഎടിഎസ് പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യ ആൽഫാ ഡ്രോണുകൾ നിർമിക്കുന്നത്. ആൽഫയ്ക്കു പുറമേ, റോബട്ടിക് വിങ്മാൻ, അൾട്രാ ഹൈ ആൾട്ടിറ്റ്യൂഡ് ഡ്രോൺ എന്നിവയാണു പദ്ധതിയുടെ ലക്ഷ്യങ്ങള്‍. മൂന്നാഴ്ചയോളം തുടർച്ചയായി പറന്ന് ചിത്രങ്ങളും വിഡിയോയും പകർത്താന്‍ സാധിക്കുന്നവയാണ് ഹൈ ആൾട്ടിറ്റ്യൂഡ് ഡ്രോണുകള്‍.

English Summary: Development of swarms of drones underway to take out airstrikes like Balakot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com