sections
MORE

അഖിലിന് ശസ്ത്രക്രിയ; വധശ്രമത്തിനു കേസ്; 5 പേരെ സസ്പെൻഡ് ചെയ്ത് എസ്എഫ്ഐ

university-college-protest
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ബിരുദ വിദ്യാർഥി അഖിലിനു കുത്തേറ്റതിനെത്തുടർന്ന് പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കോളജിനു മുന്നിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ. ചിത്രം: മനോജ് ചേമഞ്ചേരി
SHARE

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിന് കുത്തേറ്റ സംഭവത്തിൽ വധശ്രമത്തിനു കേസ്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നസീം ഉൾപ്പെടെ ആറു പേർക്കെതിരെയാണ് പൊലീസ് കേസ്. പൊലീസുകാരെ മര്‍ദിച്ച മറ്റൊരു കേസിലും പ്രതിയാണ് നസീം. സംഭവവുമായി ബന്ധപ്പെട്ട് നസീം, ശിവരഞ്ജിത്, ഇബ്രാഹിം, അദ്വൈത്, ആരോമൽ എന്നിവരെ സസ്പെൻഡ് ചെയ്തതായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.

കുത്തേറ്റ വിദ്യാർഥിയെ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചു. ജനറൽ ആശുപത്രിയിൽ നിന്നാണ് അഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. രണ്ട് ഡിപാര്‍ട്ട്‌മെന്റുകളിലെ എസ്എഫ്‌ഐക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് വിദ്യാർഥികള്‍ പറഞ്ഞു. രണ്ട് ദിവസം മുന്‍പ് കോളജില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് വെള്ളിയാഴ്ചയും പ്രശ്‌നമുണ്ടായതെന്നാണു വിവരം.

കലാലയങ്ങളിൽ സമാധാനം നിലനിർത്താൻ എല്ലാ വിദ്യാർഥി സംഘടനകളും ശ്രമിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ പുതുമയില്ല. അത് സ്ഥിരം പതിവാണ്. നിയമത്തിന്റെ നൂലാമാലകൾ ഉള്ളതുകൊണ്ടാണ് പ്രതികൾ രക്ഷപെടുന്നത്. ശിക്ഷാ നടപടികളും നീളുന്നു. ഇങ്ങനെ മതിയോ എന്നു ചിന്തിക്കണമെന്നും കാനം പറഞ്ഞു.

സംഭവം എസ്എഫ്ഐയുടെ ഭീകരമുഖത്തെ ഒരിക്കൽ കൂടി പുറത്തു കൊണ്ടുവന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. യൂണിവേഴ്‌സിറ്റി കോളജിൽ ഗുണ്ടാപ്രവർത്തനമാണ് എസ്എഫ്ഐ നടത്തുന്നത്. മറ്റു വിദ്യാർഥി സംഘടനകളെയൊന്നും പ്രവർത്തിക്കാൻ അനുവദിക്കാത്ത ഫാഷിസ്റ്റ് ശൈലി സ്വീകരിക്കുന്ന എസ്എഫ്ഐ ഇപ്പോൾ സ്വന്തം സംഘടനയിലുള്ള കുട്ടികളെപ്പോലും മർദിച്ചൊതുക്കുന്ന ഭീകരപ്രവർത്തനരീതിയിലേക്കു മാറി– ചെന്നിത്തല പറഞ്ഞു.

ക്യാംപസുകളെ എസ്എഫ്ഐ കലാപഭൂമിയാക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്കു കുത്തേറ്റ സംഭവം ഞെട്ടിക്കുന്നതാണ്. അധോലോക ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും വളര്‍ത്തിയെടുക്കുന്ന പരിശീലന കളരിയായി സിപിഎം കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കലാശാലകളെ മാറ്റിയതായി മുല്ലപ്പള്ളി ആരോപിച്ചു.

കോളജിൽ നടന്ന സംഭവം വ്യക്തിപരമായ വിഷയമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.സച്ചിൻ ദേവ് പറഞ്ഞു. എസ്എഫ്ഐയുടെ പ്രവർത്തകർക്ക് ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ നാളെ അവർ സംഘടനയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥികൾക്കു പഠനാന്തരീക്ഷം ഒരുക്കണമെന്നു യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA