ADVERTISEMENT

കൊച്ചി ∙ എറണാകുളം നെട്ടൂരിൽ കൊല്ലപ്പെട്ട അർജുനെ കാണാതാകുന്നതിനു നാലു ദിവസം മുമ്പാണ്, ‘നീ നിബിൻ വിളിച്ചാൽ ഒപ്പം പോകരുത്’ എന്ന് അമ്മ സിന്ധു മുന്നറിയിപ്പു നൽകിയത്. അന്ന് എന്തിനാണത് പറഞ്ഞതെന്നു ചോദിച്ചാൽ, ദൈവം പറയിച്ചതാകുമെന്നു സിന്ധു പറയുന്നു. അപകടത്തിൽപെട്ട് ആശുപത്രിയിൽ കിടക്കുമ്പോൾ ഐസിയുവിൽ നിന്നെല്ലാം പുറത്തിറങ്ങിയ ശേഷമാണു നിബിൻ കാണാൻ വന്നത്. അന്ന് അർജുന്റെ ആരോഗ്യത്തെക്കുറിച്ചു ചോദിക്കുന്നതിനുപകരം, എന്റെ ചേട്ടനെ നീ എന്താ പറഞ്ഞ് ഹെൽമറ്റ് വയ്പിക്കാതിരുന്നത് എന്നു മാത്രമാണ് ചോദിച്ചത്.

‘ഞാൻ പറഞ്ഞാലും കേൾക്കില്ലാരുന്നെടാ’ എന്ന അർജുന്റെ മറുപടിക്കു പോലും കാത്തുനിൽക്കാതെ അവൻ പുറത്തേയ്ക്കു പോയി. അന്നേ അവന്റെ ദേഷ്യം ശ്രദ്ധയിൽ പെട്ടതുകൊണ്ടാകും, നാലു ദിവസം മുമ്പ് നിബിൻ വന്ന് വിളിച്ചുകൊണ്ടു പോയപ്പോൾ ഇങ്ങനെ പറഞ്ഞത്. അവൻ പാവമാണമ്മേ, ചേട്ടനെ അവന് അത്ര ഇഷ്ടമായിരുന്നു എന്നായിരുന്നു മകന്റെ മറുപടി’– സിന്ധു കണ്ണീരോടെ ഓർക്കുന്നു.

ജ്യേഷ്ഠൻ മരിച്ചതിന്റെ പക തീർക്കാനായിരുന്നെങ്കിൽ കയ്യോ കാലോ എടുത്തിട്ട് എനിക്കെന്റെ മകനെ തിരികെ തരാമായിരുന്നില്ലേ? കൂട്ടുകാർ വിളിച്ചാൽ ഏതുനേരത്തും ഇറങ്ങിപ്പോകുന്നവനായിരുന്നു അവൻ. അതാണ് രാത്രി പതിനൊന്നുമണി കഴിഞ്ഞ് പെട്രോൾ തീർന്നെന്നു പറഞ്ഞു കൂട്ടുകാരൻ വിളിച്ചപ്പോൾ ഇറങ്ങിച്ചെന്നത്. രണ്ടു മാസം മുമ്പാണ്, പുതിയ രണ്ട് ഉടുപ്പു വാങ്ങിയത്. കൂട്ടുകാർ വന്ന് ചോദിച്ചപ്പോൾ അവർക്കു കൊടുത്തു. നീ ഇങ്ങനെ ചെയ്താൽ എങ്ങനെയാണെന്നു ചോദിച്ചപ്പോൾ അവർക്ക് ഇല്ലാഞ്ഞിട്ടല്ലേ എന്നായിരുന്നു മറുപടി.

അർജുൻ ആശുപത്രിയിൽ കിടക്കുമ്പോൾ വീടുവിൽക്കാൻ ആലോചിച്ചതാണ്. അപകടത്തിൽ പരുക്കേറ്റ് ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്ത് മൂന്നു ദിവസമാണ് ബില്ലു തീർക്കാൻ പണമില്ലാതെ ആശുപത്രിയിൽ കാത്തിരുന്നത്. അന്ന് വീടു വിൽക്കാൻ ആലോചിച്ചെങ്കിലും നടന്നില്ല. പത്തു ലക്ഷം രൂപയിലേറെ കടത്തിലാണ് ഇപ്പോൾ’– സിന്ധു പറഞ്ഞു. അർജുനെ കൊലപ്പെടുത്തിയ കേസിൽ ഇപ്പോൾ അഞ്ചു പേരാണ് കസ്റ്റഡിയിലുള്ളത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത അടുത്ത വീട്ടിലെ കുട്ടിയാണ്. ‘എന്റെ മകനെ കൊന്നതിൽ അവനു പങ്കുണ്ടാകരുതേ എന്നാണ് പ്രാർഥന’യെന്ന് അർജുന്റെ പിതാവ് കുമ്പളം മാന്ദനാട്ട് വിദ്യൻ പറഞ്ഞു. ഏതാനും വീടുകൾക്ക് അപ്പുറത്താണ് ഈ കുട്ടിയുടെ വീട്.

രാത്രി പത്തുമണി വരെയും അർജുന്റെ ഫോണിൽ നിന്ന് കൂട്ടുകാരുമായി ചാറ്റു ചെയ്തതിനു തെളിവുണ്ട്. മകനെ കാണാതായപ്പോഴേ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാൽ കൊന്നുകളയുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. മകനോട് ശത്രുത തോന്നാൻ കാര്യങ്ങളൊന്നുമില്ല. അതുകൊണ്ടാണ് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തത്. മകനെ തിരിച്ചുകിട്ടുമെന്നു തന്നെയാണ് വിശ്വസിച്ചിരുന്നത്. എന്നാൽ അവന്റെ മൃതദേഹം പോലും നേരേ ഒന്നു കാണാൻ സാധിച്ചില്ല– പിതാവ് സങ്കടപ്പെട്ടു.

അനന്തു എന്ന കൂട്ടുപ്രതിയാണ് കൊലപാതകത്തിൽ കൂടെയുണ്ടായിരുന്നവരുടെയെല്ലാം പേരു വെളിപ്പെടുത്തിയത്. അർജുനെ കൊലപ്പെടുത്തിയ വിവരം ആദ്യമേ പുറത്തു പറഞ്ഞതും അനന്തുവാണ്. തന്റെ അടുത്ത ഏതാനും കൂട്ടുകാരോട് അനന്തു എല്ലാം തുറന്നു പറഞ്ഞിരുന്നുവത്രെ. എല്ലാവരും അന്വേഷിക്കുമ്പോഴും അനന്തുവിന്റെ ചില കൂട്ടുകാർക്ക് കൊലപാതക വിവരം അറിയാമായിരുന്നു. ഇവരിൽ നിന്ന് ഇതറിഞ്ഞാണ് അർജുന്റെ സുഹൃത്തുക്കളിൽ ചിലർ അനന്തുവിനെ ചോദ്യം ചെയ്യുകയും പൊലീസിൽ മൊഴികൊടുപ്പിക്കുകയും ചെയ്തത്. പൊലീസ് നേരത്തെ ഇവരെ ചോദ്യം ചെയ്തിരുന്നെങ്കിൽ മകന്റെ മൃതദേഹമെങ്കിലും നേരെ കിട്ടുമായിരുന്നെന്ന് പിതാവ് വിലപിക്കുന്നു. 

മകന്റെ മൃതദേഹം കണ്ടെത്തി സംസ്കാരം കഴിഞ്ഞ ശേഷം ഉന്നത അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിൽ വന്നിരുന്നു. ‘നിങ്ങളുടെ മകനെ കണ്ടുപിടിക്കാൻ ഞങ്ങൾ എന്താ കണിയാരാണോ’ എന്നു ചോദിച്ചത് ആരാണെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എന്നാൽ പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്കു വിളിച്ചപ്പോഴാണത്രെ ഇത്തരത്തിൽ ഒരു പ്രതികരണമുണ്ടായത്. അത് ആരാണെന്ന് തനിക്കറിയില്ലെന്നായിരുന്നു വിദ്യന്റെ മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com