ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ വിധി അൽപസമയത്തിനകം. ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിയാണ് വിധി പ്രഖ്യാപിക്കുക. ലോക നീതി ദിനത്തില്‍ കുല്‍ഭൂഷണനെ കാത്തിരിക്കുന്ന വിധിയെന്താണെന്ന് അറിയാന്‍ ഇനി നിമിഷങ്ങൾ മാത്രം. രാജ്യാന്തര നീതിന്യായ കോടതി ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 6:30നാണ് വിധി പ്രസ്താവിക്കുന്നത്.

ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫ് വിധി വായിക്കുമ്പോള്‍ പ്രാര്‍ഥനകളോടെ ഇന്ത്യന്‍ ജനത കാത്തിരിക്കും. ഇന്ത്യന്‍ ചാരനെന്ന് മുദ്രക്കുത്തി 2017 ഏപ്രിലിലാണ് പാക്കിസ്ഥാന്‍ പട്ടാള കോടതി കുല്‍ഭൂഷനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഏതൊരു വിദേശതടവുകാരനും ലഭിക്കേണ്ട നയതന്ത്ര പരിരക്ഷ നിഷേധിച്ചതോടെ പാക്കിസ്ഥാനെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.

തുടർന്ന് കേസില്‍ അന്തിമ തീരുമാനമുണ്ടാകുന്നതു വരെ ശിക്ഷ നടപ്പാക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഫെബ്രുവരിയില്‍ നാല് ദിവസം തുറന്ന കോടതിയില്‍ വാദം കേട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി ഹാജരാകുന്നത്. കുല്‍ഭൂഷന്റെ ഇന്നത്തെ വിധിക്കൊപ്പം ഇന്ത്യ–പാക് നയതന്ത്ര ബന്ധത്തിന്റെ ഭാവി കൂടിയായിരിക്കും നിശ്ചയിക്കപ്പെടുക.

2016 മാര്‍ച്ച് മൂന്നിനാണ് കുല്‍ഭൂഷന്‍  അറസ്റ്റിലായത്. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍  ചാരപ്രവര്‍ത്തനത്തിന് ശ്രമിക്കുമ്പോള്‍ അറസ്റ്റ് ചെയ്തെന്നാണ് പാക് വാദം.  എന്നാല്‍ ബിസിനസുകാരനായ കുല്‍ഭൂഷനെ ഇറാനില്‍ നിന്ന് പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടു പോയതാണെന്ന് ഇന്ത്യ ആരോപിക്കുന്നു. രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന കുല്‍ഭൂഷനെ സന്ദര്‍ശിക്കാന്‍ 2017ല്‍ ഭാര്യയെയും അമ്മയെയും പാക്കിസ്ഥാന്‍ അനുവദിച്ചിരുന്നു.

English Summary : World Court To Pronounce Verdict In Kulbhushan Jadhav Case Today

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com