ADVERTISEMENT

ന്യൂഡൽഹി ∙ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ തടഞ്ഞ രാജ്യാന്തര കോടതിവിധി സത്യത്തിന്റെയും നീതിയുടേയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നു. വസ്തുതകളെ കുറിച്ച് വിപുലമായ പഠനം നടത്തി വിധി പ്രസ്താവിച്ച രാജ്യാന്തര കോടതിയെ അഭിനന്ദിക്കുന്നു. കുൽഭൂഷൺ ജാദവിന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്. എല്ലാ ഇന്ത്യക്കാരന്റെയും സുരക്ഷയ്ക്കായി എല്ലായ്പ്പോഴും തന്റെ സർക്കാർ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ചാരനെന്ന് മുദ്രകുത്തി കുൽഭൂഷൺ ജാദവിന് പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ ഹേഗിലെ രാജ്യാന്തര കോടതി തടഞ്ഞിരുന്നു. വധശിക്ഷ പുനപരിശോധിക്കാൻ പാക്കിസ്ഥാനു നിർദേശം നൽകിയ കോടതി, ജാദവിന് നയതന്ത്ര സഹായം നൽകണമെന്നും ആവശ്യപ്പെട്ടു. കുൽഭൂഷൺ ജാദവ് ചാരനാണെന്നതിന് തെളിവില്ലെന്ന നിലപാടെടുത്ത കോടതി  സൈനികക്കോടതിവിധി റദ്ദാക്കുകയോ ജാദവിനെ വിട്ടയയ്ക്കാൻ  നിർദേശിക്കുകയോ ചെയ്തില്ല.

പാക്കിസ്ഥാൻ നടപടി ക്രമങ്ങൾ വിയന്ന കരാറിന്റെ നഗ്നമായ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫാണ് വിധിപ്രസ്താവം വായിച്ചത്. 16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചിൽ 15 പേരും ഇന്ത്യയുടെ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു. ലോകനീതിദിനത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 6:30നാണ് കോടതി വിധി പറഞ്ഞത്. കേസിലെ വിജയം ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയാണ്.

അതേ സമയം, കോടതിവിധി പാക്ക് സർക്കാരിന്റെ വലിയ വിജയമാണെന്ന് പാക്കിസ്ഥാൻ  അവകാശപ്പെട്ടു. കുൽഭൂഷൺ ജാദവിനെ മോചിപ്പിക്കണമെന്നും സ്വദേശത്തേക്കു കൊണ്ടുപോകാൻ അനുവദിക്കണമെന്നുമുള്ള ഇന്ത്യയുടെ ആവശ്യം രാജ്യാന്തര കോടതി തള്ളിയെന്നും പാക്ക് സർക്കാർ ട്വിറ്ററിൽ പ്രതികരിച്ചു. 

കോടതിവിധി പാക്കിസ്ഥാന്റെ വിജയമാണെന്നു പ്രതികരിച്ച പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി, കുൽഭൂഷൺ ജാദവ് പാക്കിസ്ഥാനിൽ തുടരുമെന്നും പാക്ക് നിയമപ്രകാരം അദ്ദേഹത്തോട് ഇടപെടുമെന്നും ട്വിറ്ററിൽ കുറിച്ചു.

കൗൺസിലേറ്റുമായോ എംബസി ഉദ്യോഗസ്ഥരുമായോ ബന്ധപ്പെടാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ മാത്രമാണ് ഇന്ത്യയ്ക്ക് അനുകൂലമായ വിധിയുണ്ടായതെന്നും മറ്റെല്ലാ തലത്തിലും ഇന്ത്യയുടെ പരാജയമാണ് ഈ വിധിയെന്നും വധശിക്ഷ പുനപരിശോധിക്കാനുള്ള മാർഗങ്ങൾ ഉപയോഗപ്പെടുത്തും വരെ ശിക്ഷ നടപ്പാക്കുന്നതു തടയുക മാത്രമാണ് കോടതി ചെയ്തിരിക്കുന്നതെന്നും പാക്ക് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീൻ മസാരി ട്വിറ്ററിൽ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com