ADVERTISEMENT

തീരുമാനത്തിൽ സാമ്പത്തിക ലക്ഷ്യങ്ങളുണ്ടായിരുന്നു; അതിലേറെ രാഷ്ട്രീയ ലക്ഷ്യങ്ങളും. തങ്ങളുടെ കയ്യിലെ പാവയായിരിക്കുമെന്നു കരുതിയ ഇന്ദിര ഗാന്ധി കോൺഗ്രസിലെ സിൻഡിക്കറ്റുകളെ നിലംപരിശാക്കി ഉരുക്കുവനിതയിലേക്കു നടന്നുകയറിയ ചരിത്രത്തിന്റെ വഴിയിലെ പ്രധാന ചുവടുകളില്‍ ഒന്ന്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇന്ത്യയിലെ 14 സ്വകാര്യ കൊമേഴ്സ്യൽ ബാങ്കുകളെ ദേശസാൽക്കരിച്ചതിന്റെ അൻപതാം വാർഷികമാണ് ഈ മാസം 19ന്.

നെഹ്റുവിയൻ സോഷ്യലിസ്റ്റ് സങ്കൽപങ്ങളുടെ ചുവടുപിടിച്ച് നെഹ്റുവിന്റെ പ്രിയപ്പെട്ട പ്രിയദർശിനി ചരിത്രത്തെ തന്റെ ഒപ്പം പിടിച്ചുനിർത്തിയ നിമിഷം. 1969 ജൂലൈ 19ന് രാത്രി 8.30ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതുവരെ വിരലിലെണ്ണാവുന്നവരിൽ ഒതുങ്ങിനിന്ന രഹസ്യം.

ദേശസാൽക്കരണത്തിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ധാരാളം ഉണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാം മുകളിൽനിന്നത് സാമ്പത്തിക കാരണങ്ങൾതന്നെയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തിൽ ലോകത്ത് ആകമാനം ഒട്ടേറെ ബാങ്കുകൾ തകർന്നു. ഇന്ത്യയിലും സമാന സംഭവങ്ങളുണ്ടായി. ഒട്ടേറെ നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടു. സ്വകാര്യ ബാങ്കുകൾ തകർന്നാൽ നിക്ഷേപകരുടെ പണവും നഷ്ടപ്പെടുന്നതായിരുന്നു അവസ്ഥ.

സ്വകാര്യ ബാങ്കുകളെ നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വല്ലാതെ ബുദ്ധിമുട്ടി. കാർഷിക മേഖലയ്ക്കും വ്യവസായങ്ങൾക്കും പണം നൽകാൻ ബാങ്കുകൾക്ക് തീരെ താൽപര്യമുണ്ടായിരുന്നില്ല. കച്ചവട സ്ഥാപനങ്ങൾക്ക് പണം നൽകുന്നതിനായിരുന്നു അവർക്ക് താൽപര്യം. ബാങ്കുകൾ ഗ്രാമീണ മേഖലയെ പൂർണമായും അവഗണിച്ചു. വമ്പൻ വ്യവസായ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലായിരുന്ന ബാങ്കുകൾക്ക് രാജ്യത്തിന്റെ വിശാല താൽപര്യങ്ങളെക്കാൾ അവരുടെ സ്വകാര്യ താൽപര്യങ്ങളായിരുന്നു പ്രധാനം.

സ്വാതന്ത്ര്യാനന്തര കാലത്ത് മുന്നൂറിലേറെ ബാങ്കുകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. 1960ൽ പാലാ സെൻട്രൽ ബാങ്കും ലക്ഷ്മി കൊമേഴ്സ്യൽ ബാങ്കും തകർന്നു. അന്ന് ധനമന്ത്രിയായിരുന്ന മൊറാർജി ദേശായിയുടെ നിർദേശപ്രകാരം റിസർവ് ബാങ്ക് ചില പരിഷ്കരണങ്ങളുമായി രംഗത്തെത്തി. ബാങ്കുകളുടെ ലയനമായിരുന്നു അതിൽ പ്രധാനം.

50 Years of India Bank Nationalization
ഇന്ദിര ഗാന്ധി (ഫയൽ ചിത്രം)

1960ൽ 328 ബാങ്കുകൾ ഉണ്ടായിരുന്നത് 1965 ആയപ്പോഴേക്കും 94 ആയി കുറഞ്ഞു. ബാങ്കുകൾക്ക് സാമൂഹിക നിയന്ത്രണം എന്ന, കോൺഗ്രസ് പാർട്ടി മുന്നോട്ടുവച്ച ആശയത്തിനനുസരിച്ച് ഡയറക്ടർ ബോർഡുകളിൽ മികവിന് പ്രാധാന്യം നൽകാനുള്ള ചില ഇടപെടലുകൾ സർക്കാർ നടത്തിയെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. അറ്റകൈ പ്രയോഗം എന്ന നിലയിലായിരുന്നു 1969 ജൂലൈ 19ന് രാത്രിയിൽ ഇന്ദിരയുടെ പ്രഖ്യാപനം എത്തിയത്.

രാജ്യത്തെ നിക്ഷേപത്തിന്റെ 70% അന്ന് ഈ 14 ബാങ്കുകളിലായിരുന്നു. പിന്നീട്, 1980ൽ ആറ് ബാങ്കുകൾകൂടി ദേശസാൽക്കരിച്ചു. 1955ൽ ഇംപീരിയൽ ബാങ്ക് ദേശസാൽക്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ചിരുന്നു. യഥാർഥത്തിൽ ഇങ്ങനെ മൂന്നു ഘട്ടങ്ങളായാണ് ഇന്ത്യയിലെ ബാങ്ക് ദേശസാൽക്കരണം നടന്നത്. 

നാലുപേർ മാത്രം നേരത്തേ അറിഞ്ഞു

ധനകാര്യ സെക്രട്ടറി ഐ.ജി.‌പട്ടേലോ റിസർവ് ബാങ്ക് ഗവർണർ എൽ.കെ.ഝായോ പോലും ഒന്നും അറിഞ്ഞിരുന്നില്ല. ബാങ്ക് ദേശസാൽക്കരണം എന്ന രഹസ്യം 19ന് രാത്രിവരെ ഇന്ദിരയിലും രണ്ടോ മൂന്നോ വിശ്വസ്തരിലും മാത്രം ഒതുങ്ങിനിന്നു.  ലോക്സഭയുടെ മൺസൂൺ സമ്മേളനം ആരംഭിക്കുന്ന 21ന്  തൊട്ടുമുൻപായിരുന്നു ആ പ്രഖ്യാപനം. ഏതാനും ദിവസങ്ങൾക്ക് മുൻപ്, കോൺഗ്രസിന്റെ ബാംഗ്ലൂർ സമ്മേളനത്തിൽ ഇന്ദിര ബാങ്ക് ദേശസാൽക്കരണത്തിനുവേണ്ടി വാദിച്ചെങ്കിലും പാർട്ടി അംഗീകരിച്ചില്ല. അന്നേ ഇന്ദിര മനസ്സിൽ ഉറപ്പിച്ചിരുന്നു.

50 Years of India Bank Nationalization
ഇന്ദിര ഗാന്ധി (ഫയൽ ചിത്രം)

ഇന്ദിരയെക്കൂടാതെ മൂന്നുപേർക്ക് മാത്രമാണ് അക്കാര്യം അറിയാമായിരുന്നത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.എൻ.ഹസ്കർ, റിസർവ് ബാങ്കിന്റെ ഡപ്യൂട്ടി ഗവർണർമാരിൽ ഒരാളായ എ.ബക്‌ഷി, താരതമ്യേന ജൂനിയർ  ഉദ്യോഗസ്ഥനായിരുന്ന ഡി.എൻ.ഘോഷ് എന്നിവർ. ഘോഷ് തന്റെ ‘നോ റിഗ്രറ്റ്സ്’ എന്ന പുസ്തകത്തിൽ, അക്കാലത്ത് ഈ മൂവർ സംഘം ചെയ്ത കാര്യങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.

18ന് പുലർച്ചെ ആയപ്പോഴേക്കും ഏതാണ്ട് ഉറച്ച തീരുമാനത്തിൽ എത്തി. നാഷനൽ ആൻഡ് ഗ്രിൻഡ്‌ലേസ് ഉൾപ്പെടെ 15 ബാങ്കുകളെ സർക്കാരിന്റേതാക്കാനായിരുന്നു തീരുമാനം. ഈ ബാങ്കുകളിലായിരുന്നു രാജ്യത്തെ നിക്ഷേപത്തിന്റെ 85 ശതമാനവും. പിന്നീട് ഗ്രിൻഡ്‌ലേസിനെ ഒഴിവാക്കി 14 ബാങ്കുകളുടെ പട്ടിക തയാറാക്കി. രാവിലെ ഒൻപതോടെ പദ്ധതിക്ക് പ്രധാനമന്ത്രിയുടെ അംഗീകാരം ലഭിച്ചു.

ബാങ്കുകൾക്ക് നഷ്ടപരിഹാരം നൽകിക്കൊണ്ടുള്ള ഏറ്റെടുക്കൽ ഫോർമുലയാണ് തയാറാക്കിയത്. ഇതനുസരിച്ച് 14 ബാങ്കുകൾക്കുംകൂടി നൽകേണ്ടിയിരുന്നത് 87.4 കോടി രൂപ. 19ന് വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രി കാബിനറ്റിനെ വിവരം അറിയിച്ചു. രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ആ സുപ്രധാന പ്രഖ്യാപനം നടത്തി.

ഓർഡിനൻസായാണ് തീരുമാനം പുറത്തിറങ്ങിയത്. ഇതിനെ ചിലർ കോടതിയിൽ നേരിട്ടു. ചില കാര്യങ്ങൾക്ക് സ്റ്റേ ലഭിച്ചു. ഒരു മാസത്തിലേറെ നീണ്ട വാദത്തിന് ഒടുവിൽ സർക്കാർ തീരുമാനത്തിന് സുപ്രീംകോടതിയുടെയും അംഗീകാരം ലഭിച്ചു. പിന്നീട് ചെറിയ മാറ്റങ്ങളോടെ ബില്ലവതരിപ്പിച്ച് പാസാക്കുകയും ചെയ്തു.

ബാങ്ക് ദേശസാൽക്കരണം ലക്ഷ്യം കണ്ടോ എന്ന കാര്യത്തെക്കുറിച്ച് ധാരാളം തർക്കങ്ങൾ നടക്കുന്നുണ്ട്. ബാങ്കുകളിൽ സ്വകാര്യ പങ്കാളിത്തം കൂട്ടണമെന്ന വാദവും ഉയരുന്നു. ഇതൊക്കെയാണെങ്കിലും ചില യാഥാർഥ്യങ്ങളുണ്ട്. ദേശസാൽക്കരണത്തിനു മുൻപ് കൃഷി മേഖലയെ അവഗണിച്ചിരുന്ന ബാങ്കുകൾ ഇന്ന് 40% വായ്പ കൃഷി, ചെറുകിട – ഇടത്തരം വ്യവസായങ്ങൾ എന്നിവയ്ക്കായി മാറ്റിവയ്ക്കുന്നു. ഗ്രാമീണ മേഖലയിൽ ബാങ്ക് ശാഖകളുടെ എണ്ണത്തിലും വർധനവുണ്ടായി. 1969ൽ 8261 ഗ്രാമീണ ശാഖകളുണ്ടായിരുന്നത് 2000 ആയപ്പോഴേക്കും 65,521 ആയി.

English Summary: 50 years of bank nationalisation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com