ADVERTISEMENT

ന്യൂഡൽഹി∙ അഞ്ചു മാസമേ ഷീല ദീക്ഷിത് ഗവർണറായി കേരളത്തിലുണ്ടായിരുന്നു. 2014 മാർച്ചിൽ അധികാരത്തിലേറി ഓഗസ്റ്റിൽ യാത്ര പറയുമ്പോൾ അധികമാരുമറിയാതെ അവർ കേരളത്തോട് ഒരു ഇഷ്ടം മനസ്സിൽ സൂക്ഷിച്ചിരുന്നു. അതാകട്ടെ ആരോടും പറ‍ഞ്ഞിരുന്നുമില്ല. അമ്മയുടെ മനസ്സറിഞ്ഞ മകൾ  ലതിക സെയ്‌ദ് പക്ഷേ അക്കാര്യം വെളിപ്പെടുത്തി– ‘കേരളത്തിൽ ഒരു കൊച്ചുവീട് പണിതു താമസിക്കാൻ ആഗ്രഹിച്ചിരുന്നു ഷീല ദീക്ഷിത്’ എന്നതായിരുന്നു അത്. ഗവർണർ പദവിയൊഴിഞ്ഞ് ഡൽഹിക്കു മടങ്ങുന്നതിനു മുന്നോടിയായി ഒരുക്കിയ വിരുന്നിനിടെയായിരുന്നു മകളുടെ ഈ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കുമായിരുന്നു വിരുന്ന്. നാലു മാസം കൊണ്ടു താൻ കേരളത്തെ അത്രയേറെ ഇഷ്‌ടപ്പെട്ടുവെന്ന് സൽക്കാരവേളയിൽ ഷീല ദീക്ഷിത് പറഞ്ഞു. 

ഇവിടത്തെ പ്രകൃതിസൗന്ദര്യം, സംസ്‌കാരം, ഭക്ഷണം എല്ലാം തനിക്കു പ്രിയങ്കരമായി. കേരളത്തിലെ മിക്കവാറും എല്ലാ ഭക്ഷണത്തിന്റെയും രുചി അറിഞ്ഞു. ചിലതൊക്കെ പാചകം ചെയ്യാനും പഠിച്ചു. ഇത്ര രുചികരമായ ഭക്ഷണം വേണ്ടെന്നുവച്ചിട്ട് എന്തിനാണ് ഇവിടെയുള്ളവർ കോണ്ടിനന്റൽ ഭക്ഷണത്തിനു പിന്നാലെ പോകുന്നതെന്നു തനിക്ക് അദ്‌ഭുതം തോന്നുന്നുവെന്നും അന്ന് ഗവർണർ പറഞ്ഞു. അതിനിടെയാണ്, അമ്മയും താനും കേരളത്തിൽ ഒരു കൊച്ചു വീട് വയ്‌ക്കാൻ ആലോചിക്കുന്നുണ്ടെന്നു ലതിക മന്ത്രി കെ. ബാബുവിനോടു പറഞ്ഞത്. 

സംസാരപ്രിയരെന്നാണ് തനിക്കേറെ പ്രിയപ്പെട്ട മലയാളികളെ ഷീല വിശേഷിപ്പിച്ചിരുന്നത്. അന്യരോടു കാട്ടുന്ന പരിഗണന മലയാളികളെ വ്യത്യസ്‌തരാക്കുന്നു. സാധാരണഗതിയിൽ, ഒറ്റപ്പെടൽ ഗവർണർ പദവിയുടെ സഹചാരിയാണ്. പക്ഷേ, കേരളത്തിൽ തനിക്ക് ഒറ്റപ്പെടലോ ഏകാന്തതയോ തോന്നാതിരുന്നത് രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളിൽ നിന്നുള്ള നല്ല സുഹൃത്തുക്കളുടെ സാമീപ്യം കൊണ്ടാണ്. മലയാളികളുടേതു ശ്രദ്ധേയ സമൂഹമാണെന്നും അവർ ഒരിക്കൽ പറഞ്ഞു.

2014 ഓഗസ്റ്റിൽ തിരുവനന്തപുരം വിടുമ്പോൾ‌, ഓണക്കാലം വരെയെങ്കിലും കേരളത്തിൽ തുടരണമെന്നുള്ള ഷീലയുടെ ആഗ്രഹമാണ് നടക്കാതെ പോയത്. മാർച്ച് 11നാണ് ഗവർണറായി ചുമതലയേറ്റത്. അതിനിടെ ഡൽഹി യാത്ര ഒറ്റത്തവണ മാത്രം, അതും പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക്. പിന്നീട് പോയത് ഒരു വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു. എന്നാൽ ഓണം വരെ കേരളത്തിൽ തുടരാനുള്ള അനുവാദം വേണമെന്ന് ആ യാത്രയ്ക്കിടെ അവർ രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടു. ഇതിനായുള്ള ശ്രമം നടത്താമെന്നു രാഷ്‌ട്രപതി ഉറപ്പു നൽകുകയും ചെയ്‌തു. സ്വപ്നം പക്ഷേ യാഥാർഥ്യമായില്ല.  

തന്നെക്കുറിച്ച് എന്തു വാർത്ത വന്നാലും മാധ്യമങ്ങളുടെ ഓഫിസിലേക്ക് കൃത്യമായി വിളിച്ചു ചോദിച്ചിരുന്നു ഷീല. എന്നാൽ മറ്റുള്ളവർ പറയും പോലും പരുക്കൻ സ്വഭാവമായിരുന്നില്ല ഷീലയ്ക്കെന്നും രാജ്ഭവൻ കംപ്ട്രോളറായി വിരമിച്ച ജയ പി.നായർ ഓർമിക്കുന്നു. അടുത്ത കാലത്തു വന്നവരിൽ ഏറ്റവും ജനകീയ ഗവർണറെന്നാണ് അന്ന് രാജ്ഭവനിലുള്ളവർ ഷീലയെ വിശേഷിപ്പിച്ചത്. ദിവസവും കലാസാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും ഗവർണർ സമയം കണ്ടെത്തി. കോട്ടയ്ക്കകത്തെ മാർഗിയിൽ കഥകളി കണ്ടും കനകക്കുന്നിലെ തനതുനൃത്തങ്ങൾ കണ്ടും തലസ്ഥാനനഗരിയിലുള്ളവർക്കും ഗവർണർ സുപരിചിതയായി.

Sheila-Dixit
2014ൽ തൃക്കാക്കര ഭാരത്‌മാത കോളജ് സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ഷീല ദീക്ഷിത് (ഫയൽ ചിത്രം)

ഓരോ ചടങ്ങിലും പങ്കെടുക്കുന്നതിനു മിനിറ്റുകൾക്കു മുൻപു മാത്രമായിരുന്നു സംഘാടകരെ പോലും വിവരം അറിയിച്ചിരുന്നത്. മുഴുവൻ സമയവുമിരുന്ന് എല്ലാം ആസ്വദിക്കുകയും ചെയ്തു. രാജ്ഭവനിലെ മുറികളിൽ നിറയെ സമ്മാനമായി ലഭിച്ച നിലവിളക്കുകളായിരുന്നു. അതിഥികൾക്കു നൽകിയിരുന്നതും വിളക്കുകളായിരുന്നു. മുൻ ഗവർണർമാരിൽ നിന്നു മാറി രാജ്ഭവനിലെത്തിയതിനു പിന്നാലെ പുതിയ കാർ വാങ്ങാനൊന്നും ഷീല മെനക്കെട്ടില്ല. യാത്രകൾക്കിടെ താമസം സർക്കാർ ഗെസ്റ്റ് ഹൗസുകളിൽ മാത്രം.

മൂന്നാർ, തേക്കടി, ആലപ്പുഴ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും ഷീല സന്ദർശിച്ചിരുന്നു. ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയിലും തൃശൂർ പൂരത്തിലും കാഴ്ചക്കാരിയായെത്തി. പൂരത്തിന്റെ കുടമാറ്റവും രാത്രി വെടിക്കെട്ടും കണ്ടാണ് ഗവർണർ മടങ്ങിയത്.  2011ൽ മേഴ്സി രവിയുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങാനെത്തിയപ്പോൾ ഷീലാ ദീക്ഷിത് കുമരകം സന്ദർശിച്ചിരുന്നു.

തിരുവനന്തപുരത്ത് ആരോഗ്യകാര്യങ്ങൾ നോക്കിയിരുന്നത് മെഡിക്കൽ കോളജിലും ഡെന്റൽ കോളജിലുമായിരുന്നു. രാജ്ഭവന്‍ ജീവനക്കാർക്കായി രണ്ട് മെഡിക്കൽ ക്യാംപുകളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്ഭവനിലേക്കു ക്ഷണം ലഭിച്ചവരിൽ സാധാരണക്കാരായിരുന്നു ഏറെയും. അവരെയാകട്ടെ ഷീല പരിചയപ്പെട്ടത് വിവിധ ചടങ്ങുകളിലും മറ്റും പങ്കെടുക്കാൻ പോയപ്പോഴും. 

ഗവർണറായിരിക്കെ കേരളവുമായി ബന്ധപ്പെട്ട് പിന്നെയുമുണ്ടായിരുന്നു ഷീലയ്ക്ക് ഓർമകൾ. 2014 ജൂണിലായിരുന്നു അതിൽ അൽപം ‘വിവാദമായ’ ഒരു സംഭവം. ഏലപ്പാറ ഫെമിനിവാലി എസ്‌റ്റേറ്റ് ബംഗ്ലാവിൽനിന്നു ഗവർണറും സംഘവും തേക്കടിയിലേക്ക് പോകുകയായിരുന്നു. ഇടയ്ക്കൊരാൾ വാഹനം തടഞ്ഞു. ഗവർണറുടെ വാഹനം നിർത്തിയപ്പോൾ അയാൾ മുന്നോട്ടു വന്നു ഷീലയുടെ കയ്യിൽ ചുംബിച്ചു. അകമ്പടി വാഹനവ്യൂഹം ഒന്നടങ്കം കുടുങ്ങിയതിനെ തുടർന്ന് പൊലീസുകാർ ഓടിയെത്തിയപ്പോഴേക്കും ആൾ ഓടി രക്ഷപ്പെട്ടു. ഇയാളെ രാത്രി വൈകി പിടികൂടി. കോൺഗ്രസ് പ്രവർത്തകനാണെന്നായിരുന്നു വാദം. പൊലീസ് അകമ്പടി വാഹനങ്ങളെല്ലാ കടന്ന് ഇയാൾ ഗവർണറുടെ അടുത്തെത്തിയതാണ് അന്നു വൻവിവാദമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com