ADVERTISEMENT

തിരുവനന്തപുരം ∙ ലേലത്തിൽ ഭീമൻ തുക പ്രതീക്ഷിച്ച സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള വാഹന ഫാൻസി നമ്പറിനു ലേലം ഇല്ലാതെ വെറും ഒരു ലക്ഷം രൂപയ്ക്കു മോട്ടർ വാഹന വകുപ്പിനു നൽകേണ്ടി വന്നു.

KL 01 CM 01 എന്ന നമ്പറാണ് തിരുവനന്തപുരം സ്വദേശിയായ വ്യവസായി കെ.എസ്. ബാലഗോപാൽ സ്വന്തം ബെൻസ് കാറിനു വേണ്ടി സ്വന്തമാക്കിയത്. CM 01 എന്ന നമ്പറിനെക്കാൾ ആവശ്യക്കാർ‌ കുറവായ KL 01 CK 01 എന്ന നമ്പർ ബാലഗോപാൽ തന്നെ 31 ലക്ഷം രൂപ മുടക്കി കഴിഞ്ഞ ഫെബ്രുവരിയിൽ തന്റെ പോർഷെ 718 ബോക്സ്റ്റർ കാറിനായി വാങ്ങിയിരുന്നു. ആ 31 ലക്ഷമാണ് ഇപ്പോഴും റെക്കോർഡ്.

അടുത്തിടെ ഏർപ്പെടുത്തിയ വാഹൻ സാരഥി എന്ന സോഫ്റ്റ്‌വെയറാണു ഫലപ്രദമായി ലേലം നടത്തുന്നതിനു വിലങ്ങുതടിയാകുന്നത്. ഡീലർമാരാണ് ഇപ്പോൾ നമ്പർ ബുക്ക് ചെയ്യുന്നത്. ഒരു ഡീലർ ബുക്ക് ചെയ്യുന്ന നമ്പർ മറ്റു ഡീലർമാർ ആവശ്യപ്പെടാറില്ല. കൃത്യസമയത്ത് ഓൺലൈനായി ലേലത്തിൽ പങ്കെടുത്തില്ലെങ്കിൽ ആഗ്രഹിക്കുന്ന നമ്പർ കിട്ടുകയുമില്ല. ഇതുകാരണം കോടികളുടെ നഷ്ടമാണു അഞ്ചു മാസമായി മോട്ടർ വാഹന വകുപ്പിനുണ്ടാകുന്നത്.

മുഖ്യമന്ത്രിയുടെ കാറിന്റെ നമ്പറുമായി സാമ്യമുള്ള CM 01 എന്ന നമ്പറിന് ഒരു ലക്ഷം രൂപയാണ് മോട്ടർ വാഹന വകുപ്പ് നിശ്ചയിച്ച അടിസ്ഥാന വില. ഈ നമ്പറിനായി ബാലഗോപാൽ മാത്രം ആവശ്യമുന്നിച്ചതോടെ ലേലം ഒഴിവാകുകയായിരുന്നു. 2017 ൽ തന്റെ ലാൻഡ്ക്രൂസറിനു വേണ്ടി 'KL 01 CB 01' എന്ന നമ്പർ 18 ലക്ഷം രൂപ മുടക്കിയാണ് ബാലഗോപാൽ വാങ്ങിയത്. 2004 ൽ മൂന്നു ലക്ഷം രൂപ മുടക്കി KL 01 AK 1 എന്ന നമ്പറും സ്വന്തമാക്കി. അൻപതോളം വാഹനങ്ങൾക്ക് ഒന്നാം നമ്പർ വലിയ തുക മുടക്കി സ്വന്തമാക്കിയ ബാലഗോപാലിന്റെ മൊബൈൽ നമ്പറുകളും ഫാൻസി നമ്പറുകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com