ADVERTISEMENT

ബഹിരാകാശത്ത് വീണ്ടും ചരിത്രമെഴുതിയതിൽ അഭിമാനിച്ചപ്പോഴും ഇന്ത്യ ഒട്ടുമേ അഹങ്കരിക്കാതെ മണ്ണിൽച്ചവിട്ടിനിന്നു. കാരണം, നമ്മുടെ ആകാശസ്വപ്നങ്ങൾക്കു രൂപം നൽകുന്ന ‘ഇസ്രോ’യുടെ ചുക്കാൻ പിടിക്കുന്ന കൈകൾ സാധാരണക്കാരന്റേതാണ്. സർക്കാർ സ്കൂളിൽ പഠിച്ചു വളർന്ന, കർഷകന്റെ മകനാണ് ഇസ്രോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) ചെയർമാൻ ഡോ. കെ.ശിവൻ. ഇന്ത്യ സ്വന്തമായി നിർമിച്ച ക്രയോജനിക് എൻജിൻ ഉപയോഗിച്ച് ഒരേസമയം 104 ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചതിന്റെ പിന്നിലെ ബുദ്ധിയും കഠിനാധ്വാനവും ഇദ്ദേഹത്തിന്റേതായിരുന്നു. ആ മികവുമായി ഇസ്രോ ചെയർമാനായി അധികാരമേറ്റ ശിവന് ചന്ദ്രയാൻ–2 ദൗത്യവും വിജയാകാശത്ത് വിക്ഷേപിക്കാനായി,

ശിവൻ എന്നാൽ മംഗളകരമായത്, സത്യമായത്, സുന്ദരമായത് എന്നെല്ലാമാണ് അർഥം. ഉപഗ്രഹങ്ങളെ കൃത്യമായി ബഹിരാകാശത്ത് എത്തിക്കാൻ ശേഷിയുള്ള വിക്ഷേപണ വാഹനങ്ങൾ നിർമിക്കുന്നതിൽ വിദഗ്ധനാണു ശിവൻ. അണിയറയിൽ ഒരുങ്ങുന്ന ചൊവ്വാദൗത്യവും സൗരദൗത്യവും മംഗളകരമാക്കാനും ഈ ചെയർമാനു സാധിക്കും. 2011ൽ ജിഎസ്എൽവിയുടെ വിക്ഷേപണം തുടർച്ചയായി രണ്ടുതവണ പരാജയപ്പെട്ടപ്പോൾ ജിഎസ്എൽവി പ്രൊജക്ട് ഡയറക്ടർ സ്ഥാനം ഏറ്റെടുത്ത ശിവൻ, തദ്ദേശീയമായ ഉപഗ്രഹ വിക്ഷേപണ വാഹനത്തിൽ ക്രയോജനിക് എൻജിൻ ഉപയോഗിച്ച് ചരിത്രവിജയം കുറിച്ചു.

1982ൽ ആണ് ശിവന്‍ ഐഎസ്ആർഒയിൽ പിഎസ്എൽവി പ്രോജക്ടിൽ ചേർന്നത്. പടിപടിയായി ഉയർച്ച. വൈകാതെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറായി. 2014 ജൂലൈ മുതൽ 2015 മേയ് വരെ എൽപിഎസ്‌സി ഡയക്ടറായിരുന്നു. ആ വർഷം തന്നെ ജൂണിൽ വിഎസ്എസ്‌സി ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു. 2016 വരെ രാജ്യത്തെ സ്പേസ് കമ്മിഷൻ അംഗമായിരുന്നു. 2018 ജനുവരിയിൽ ഐഎസ്ആർഒ അധ്യക്ഷനായി. സത്യഭാമ സർവകലാശാലയുടെ ഡോക്ടർ ഓഫ് സയൻസ്, വിക്രം സാരാഭായ് റിസർച് അവാർഡ് ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചു.

തീരാത്ത കടപ്പാടും ഈശ്വരാനുഗ്രഹവും

കേരളത്തോട് ചേർന്ന് കന്യാകുമാരിയിലെ തരക്കൻവിളയിൽ ജനിച്ച ശിവൻ, സ്വന്തം ഗ്രാമത്തിലെ തമിഴ് മീഡിയം സ്കൂളിലാണു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നാഗർകോവിൽ ഹിന്ദു കോളജിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കി കുടുംബത്തിലെ ആദ്യ ബിരുദധാരിയായി. ട്യൂഷനോ മറ്റു കോച്ചിങ് ക്ലാസുകൾക്കോ പോകാതെ സ്വന്തം നിലയ്ക്കായിരുന്നു പഠനം. മദ്രാസ് ഐഐടിയിൽനിന്ന് 1980ൽ എയ്റോനോട്ടിക്കൽ എൻജിനീയറിങ് ബിരുദവും ബെംഗളൂരു ഐഐഎസ്‍സിയിൽ നിന്ന് 1982ൽ എയ്റോസ്പേസ് എൻജിനീയറിങ് ബിരുദാനന്തര ബിരുദവും ബോംബെ ഐഐടിയിൽ നിന്ന് 2006ൽ പിഎച്ച്ഡിയും സ്വന്തമാക്കി. 

Dr K Sivan
ഡോ. കെ.ശിവൻ

‘പഠനമായാലും ജോലിയായാലും നൂറുശതമാനം ആത്മാർഥത വേണം. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പഠിക്കാനയച്ച രക്ഷിതാക്കൾ, നാഗർകോവിലെ സർക്കാർ സ്കൂൾ മുതൽ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിവരെയുള്ള സ്ഥാപനങ്ങളിലെ അധ്യാപകർ, ഐഎസ്ആർഒയിലെ ഡോ.ജി. മാധവൻ നായർ ഉൾപ്പെടെ മുതിർന്ന ശാസ്ത്രജ്ഞർ, സഹപ്രവർത്തകർ എന്നിവരോടൊക്കെ തീർത്താൽ തീരാത്ത കടപ്പാടുണ്ട്. എല്ലാത്തിനുമുപരി ഈശ്വരാനുഗ്രഹവും. ശാസ്ത്രം ഇത്ര വികസിച്ചിട്ടും നമുക്ക് അറിയാത്ത എത്രയോ കാര്യങ്ങൾ പ്രപഞ്ചത്തിൽ നടക്കുന്നില്ലേ? അതു നടത്തുന്ന ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു, ആ ശക്തിയെ ബഹുമാനിക്കുന്നു’– ഇസ്രോ ചെയര്‍മാനായ ശേഷം നല്‍കിയ അഭിമുഖത്തില്‍ ശിവൻ പറഞ്ഞു.

ഉറക്കമില്ലാത്ത ശാസ്ത്രജ്ഞൻ

കർഷക കുടുംബത്തിൽ പിറന്ന് ഐഎസ്ആർഒയുടെ മേധാവിസ്ഥാനം വരെയെത്താൻ ഡോ. കെ.ശിവനു കഴിഞ്ഞത് എങ്ങനെയെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ– കഠിനാധ്വാനം. ‘ഉറക്കമില്ലാത്ത ശാസ്ത്രജ്ഞൻ’ എന്നാണ് ഐഎസ്ആർഒയിലെ സഹപ്രവർത്തകർ കെ.ശിവനെ ബഹുമാനപൂർവം വിശേഷിപ്പിക്കുന്നത്. പകൽ മുഴുവൻ ജോലിചെയ്തു സഹപ്രവർത്തകർ മടങ്ങിയാലും വിക്രം സാരാഭായി സ്പേസ് സെന്ററിലെ ഡയറക്ടറുടെ ഓഫിസിൽ കെ.ശിവൻ ഉണ്ടാകുമെന്നു സഹപ്രവർത്തകർ ഓർമിക്കുന്നു. പാതിരാത്രിയോടടുത്താണ് അദ്ദേഹം ജോലിതീർത്തു മടങ്ങുക. വലിയ ബഹിരാകാശ ദൗത്യങ്ങൾ ഏറ്റെടുത്താൽ സമയം പിന്നെയും നീളും. ഈ സമയത്തു നാലു മണിക്കൂറൊക്കെയാണു പരമാവധി ഉറക്കം. ഐഎസ്ആർഒ ചെയർമാനായപ്പോഴും ആ ശീലങ്ങളൊന്നും വലുതായി മാറിയില്ല.

ജനനം തമിഴ്നാട്ടിലാണെങ്കിലും മൂന്നു പതിറ്റാണ്ടിലേറെ തനി മലയാളിയായാണു ശിവൻ ജീവിച്ചത്. 1983ൽ ഐഎസ്ആർഒയിൽ ജോലി ലഭിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതം തിരുവനന്തപുരത്തായി. കരമന തളിയൽ ഹരിശ്രീ റസിഡന്റ്സ് അസോസിയേഷനിലായിരുന്നു അന്നത്തെ വീട്. മാലതിയാണു ഭാര്യ. സുശാന്ത്, സിദ്ധാർഥ് എന്നിവരാണു മക്കൾ. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ ബഹിരാകാശ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭ്യമാക്കുക എന്നതാണ് ഐഎസ്ആർഒയുടെ ലക്ഷ്യമെന്നാണ് ചെയർമാനായപ്പോൾ ശിവൻ പറഞ്ഞത്. ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ ഗുണമേന്മയുള്ള സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് ഊന്നലെന്നും അദ്ദേഹം വ്യക്തമാക്കി.

Sivan3
ഡോ. കെ.ശിവൻ

സഹപ്രവർത്തകരുടെ ഊർജസ്രോതസ്സ്

ചന്ദ്രയാൻ–2 ആദ്യവിക്ഷേപണം മാറ്റിവച്ചതിനെത്തുടന്ന് ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നെങ്കിലും ഡോ. ശിവൻ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ ആത്മവിശ്വാസത്തിലായിരുന്നു. ഒരു പിഴവും ഇത്തവണ ഉണ്ടാകില്ലെന്ന‌് അവർക്ക് ഉറപ്പായിരുന്നു. ശ്രീഹരിക്കോട്ടയിലെ ഗാലറിയിൽ തടിച്ചുകൂടിയ ആയിരക്കണക്കിനു പേരെ അഭിവാദ്യം ചെയ്യാൻ വിക്ഷേപണത്തിനു മുൻപ് ശിവൻ നേരിട്ടെത്തി. അവസാനഘട്ട കൗണ്ട്ഡൗൺ  നടക്കുന്നതിനു മുൻപ് മിഷൻ കൺട്രോൾ സെന്ററിലെത്തിയ അദ്ദേഹം വിഎസ്‌എസ്‌സി ഡയറക്ടർ എസ്.സോമനാഥ്, മിഷൻ ഡയറക്ടർ റിതു കരിദൽ, പ്രോജക്ട് ഡയറക്ടർ എം.വനിത, ജിഎസ്എൽവി മിഷൻ ഡയറക്ടർ ജെ.ജയപ്രകാശ്, ഇസ്രോ സാറ്റലൈറ്റ് സെന്റർ ഡയറക്ടർ പി.കുഞ്ഞികൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് ആശംസ നേർന്നാണ് ഇരിപ്പിടത്തിലെത്തിയത്.

അവസാനഘട്ട കൗണ്ട് ഡൗൺ തുടങ്ങിയതോടെ എല്ലാവരുടെയും കണ്ണുകൾ ആകാശത്തായി. നിമിഷങ്ങൾക്കു യുഗങ്ങളുടെ താമസം. 3,2,1,0... ഇതാ ആ നിമിഷം. ഇന്ത്യൻ പതാക ആലേഖനം ചെയ്ത ജിഎസ്എൽവിയുടെ അഗ്രഭാഗം ആകാശത്തേയ്ക്ക് ഉയർന്നു. സ്വർണനിറമാർന്ന അഗ്നിഗോളങ്ങൾ അകമ്പടിയായി. തൊട്ടടുത്ത നിമിഷം കാതടപ്പിക്കുന്ന ഹുങ്കാരശബ്ദം.. ഓരോ ഇന്ത്യക്കാരനും അഭിമാനപൂർവം കയ്യടിച്ചു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രാർഥനകളുമായി ജിഎസ്എൽവി കുതിച്ചുയർന്നു, കാർമേഘപാളികളിൽ മറഞ്ഞു. ഓരോ തുടർഘട്ടത്തിലെയും ഇന്ധനജ്വലനം വിജയകരമാണെന്ന അറിയിപ്പ് വന്നുകൊണ്ടേയിരുന്നു.

K Sivan ISRO
ക്ഷേത്രദർശനം നടത്തുന്ന ഡോ. കെ.ശിവനും കുടുംബവും.

16.14–ാം മിനിറ്റിൽ ജിഎസ്എൽവി ദൗത്യത്തിന്റെ വിക്ഷേപണഘട്ടം വിജയകരമായി പൂർത്തിയായി. മിഷൻ സെന്ററിലും സന്ദർശകഗാലറിയിലും  മീഡിയസെന്ററിലും  ആഹ്ലാദാരവം. ചന്ദ്രയാൻ പേടകത്തെ വേർപെടുത്തുന്ന ചിത്രം സ്ക്രീനിൽ തെളിഞ്ഞു. പേടകത്തിൽ നിന്നുള്ള അറിയിപ്പുകൂടി വന്നതോടെ ഡോ. കെ.ശിവൻ സഹപ്രവർത്തകരെ  സ്നേഹപൂർവം ആലിംഗനം ചെയ്തു. തുടർന്നു വേദിയിൽ കയറി പ്രഖ്യാപിച്ചു: ‘ഇതാ, ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നു. ചന്ദ്രയാൻ 2 വിക്ഷേപണത്തോടെ  ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിന്റെ ശേഷി 15% വർധിച്ചതായി തെളിഞ്ഞു. 4 ടൺ ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കരുത്ത് ഇന്ത്യ നേടി. ലോകം മുഴുവൻ കാത്തിരുന്ന ദൗത്യമാണിത്’.

English Summary: Dr K Sivan: A humble farmers son's journey to Indian Space agency ISRO top job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com