ADVERTISEMENT

കൊച്ചി∙ പ്രളയം തകർത്തെറിഞ്ഞ സംസ്ഥാനത്തെ 25 സ്കൂളുകൾക്ക് പുതിയ മുഖം നൽകി കോഗ്നിസന്റ് ഔട്ട്റീച്ചും റൗണ്ട് ടേബിൾ ഇന്ത്യയും. തദ്ദേശ ഭരണനേതൃത്വത്തിന്റെ സഹായത്തോടെ വയനാട്, കോട്ടയം, കൊല്ലം, കൊച്ചി ജില്ലകളിലെ തിരഞ്ഞെടുത്ത സ്കൂളുകളുടെ പുനരുദ്ധാരണ പ്രവർത്തനമാണ് സന്നദ്ധ സംഘടനകളായ കോഗ്നിസന്റ് ഔട്ട്റീച്ചും റൗണ്ട് ടേബിൾ ഇന്ത്യയും നിർവഹിച്ചത്. ‘പ്രോജക്ട് 25 സ്കൂൾസ്’ എന്ന പേരിൽ സംഘടിപ്പിച്ച പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പൂർത്തീകരണ ചടങ്ങിൽ എറണാകുളം ജില്ലാ അസിസ്റ്റന്റ് കലക്ടർ എം.എസ്. മാധവിക്കുട്ടി പങ്കെടുത്തു. സ്മരണികകൾ സ്കൂൾ പ്രധാന അധ്യാപകർക്ക് കൈമാറി. റൗണ്ട് ടേബിൾ നാഷനൽ‌ പ്രസിഡന്റ് പീയുഷ് ധാഗ, ഏരിയ ചെയർമാൻ സഹീർ, കോഗ്നിസന്റ് ഔട്ട്റീച്ച് ഗ്ലോബൽ ഹെഡ് ദീപക് പ്രഭു മാട്ടി, സീനിർ ഡയറക്ടർ സജി കോയിട്ടി, അഡ്മിൻ ഹെഡ് ടി.വിജയകുമാർ എന്നിവർ പങ്കെടുത്തു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്ന സംസ്ഥാനത്തെ ആറു ജില്ലകളിലുള്ള ഗവൺമെന്റ്, എയ്ഡഡ്, സ്വകാര്യ സ്കൂളുകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് സന്നദ്ധ സംഘടനകൾ കൈകോർത്തത്. 20 രാജ്യങ്ങളിലായി വിദ്യാഭ്യാസ മേഖലയിൽ സന്നദ്ധ സേവനം ചെയ്യുന്ന സംഘടനയാണ് കോഗ്നിസന്റ് ഔട്റീച്ച്. വിദ്യാഭ്യാസ മേഖലയിൽ തന്നെ സന്നദ്ധ സേവനം നടത്തുന്ന റൗണ്ട് ടേബിൾ ഇന്ത്യയ്ക്ക് രാജ്യത്ത് 76 നഗരങ്ങളിലായി 200ലേറെ ശാഖകളുണ്ട്. അഞ്ച് ദശലക്ഷം കുട്ടികളെ വിദ്യാസമ്പന്നരാക്കുക എന്ന ലക്ഷ്യത്തിലാണ് റൗണ്ട് ടേബിൾ ഇന്ത്യയുടെ പ്രവർത്തനം.

Cognizant Outreach
ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ. ചിത്രം: റോബർട്ട് വിനോദ്

ഏകദേശം 1.26 കോടി ചെലവിട്ടായിരുന്നു 25 സ്കൂളുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.  സംഭാവനകളിലൂടെയാണ് കോഗ്നിസന്റ് ഔട്ട് റീച്ചും റൗണ്ട് ടേബിൾ ഇന്ത്യയും ഇതിനുള്ള പണം കണ്ടെത്തിയത്. സ്കൂൾ തുറക്കുന്നതിനു മുമ്പ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനും വിദ്യാർഥികൾക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും സന്നദ്ധ പ്രവർത്തകർ അത്യധ്വാനം ചെയ്യേണ്ടിവന്നു. സമയബന്ധിതമായി കാര്യങ്ങൾ പൂർത്തിയാക്കാൻ സന്നദ്ധപ്രവർത്തർക്കൊപ്പം നിന്ന ജില്ലാ കലക്ടർമാരോടും പ്രാദേശിക നേതൃത്വത്തോടും സ്കൂൾ അധികൃതരും കോഗ്നിസന്റ് ഔട്ട് റീച്ച്, റൗണ്ട് ടേബിൾ ഇന്ത്യ പ്രതിനിധികൾ നന്ദി അറിയിച്ചു. 

school-project-JPG

സ്കൂൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു പുറമെ പ്രളയകാലത്ത് ഇരു സംഘടനകളും കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രളയബാധിതർക്കുള്ള സേവനങ്ങളുമായി മുൻപന്തിയിലുണ്ടായിരുന്നു. ഏകദേശം 80 ലക്ഷം രൂപ വരുന്ന 2000 ദുരിതാശ്വാസ കിറ്റുകളാണ് റൗണ്ട് ടേബിൾ ഇന്ത്യ വിതരണം ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കഴിഞ്ഞ വർഷം കോഗ്നിസന്റ് ഫൗണ്ടേഷൻ രണ്ടു കോടി രൂപ ദുരിതാശ്വാസ സഹായം നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com