ADVERTISEMENT

കൊച്ചി ∙ രാജ്യത്തെ 44 തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്തു 4 തൊഴിൽ ചട്ടങ്ങൾ രൂപീകരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തൊഴിലാളി സംഘടനകൾ ഒാഗസ്റ്റ് 2 നു രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ. ‘ഈസ് ഒാഫ് ഡൂയിങ് ബിസിനസ്’ എന്ന പേരിൽ തൊഴിലാളി പ്രശ്നങ്ങൾ പൂർണമായി നിരാകരിക്കുന്ന സമീപനം രാജ്യത്തെ തൊഴിൽ മേഖലയെ തകർക്കും. 

കേരളത്തിൽ രാജ്ഭവനു മുന്നിൽ ധർണ നടത്തുന്നതിനു പുറമേ, ജില്ലാ ആസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ഒാഫിസുകളിൽ മുന്നിലും ധർണ നടത്തും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി നിർത്തലാക്കുന്നതിനെതിരെ ഒാഗസ്റ്റ് 9 നു സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിലേക്കു പ്രതിഷേധ പ്രകടനം നടത്തും. ഐഎൻടിയുസി സംഘടനാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കും. ജനുവരി – ഫെബ്രുവരി മാസങ്ങളിൽ ജില്ലാ കമ്മിറ്റികളിലേക്കും മാർച്ചിൽ സംസ്ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുപ്പു നടത്തും. തിരഞ്ഞെടുപ്പു നടപടികൾക്കായി 5 അംഗ കമ്മിറ്റിയെ നിയോഗിച്ചു. 

'അച്ചടക്ക നടപടികളുടെ ഭാഗമായി ഏതാനും നേതാക്കളെ സംഘടനാ പദവികളിൽ നിന്നു മാറ്റി നിർത്തിയതിന് എതിരെ അവർ ദേശീയ പ്രസിഡന്റിനു പരാതി നൽകിയിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം എനിക്കു കത്തു നൽകി. എന്നാൽ, ആ കത്ത് എനിക്കു കിട്ടും മുൻപേ വാട്സാപ്പിലൂടെ പ്രചരിപ്പിക്കുകയും വാർത്തയാക്കുകയും ചെയ്തു. അതുവഴി ഗുരുതര അച്ചടക്ക ലംഘനമാണ് അവർ നടത്തിയതെന്നു പ്രസിഡന്റിനു മറുപടി നൽകിയിട്ടുണ്ട്. അവരൊക്കെ തിരഞ്ഞെടുപ്പു നടപടികളിലേക്കു വരട്ടെ. അല്ലാതെ, പരാതി നൽകുന്നതിനായി ഡൽഹിയിലും ഹൈദരാബാദിലും കറങ്ങി നടക്കേണ്ട കാര്യമുണ്ടോ? കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പിനെതിരെ കോടതികളിൽ കേസ് നൽകിയവർ തന്നെയാണ് ഇപ്പോഴും പരാതികളുമായി നടക്കുന്നത്' – ചന്ദ്രശേഖരൻ പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com