ADVERTISEMENT

ഒറ്റ സ്നാപ്പില്‍ ഒരു ജന്മസത്യം ഒതുക്കാനാവുമോ? കെവിൻ കാർട്ടർ എന്ന ഫൊട്ടോഗ്രഫറെ ലോകപ്രശസ്തനാക്കിയതും ആത്മഹത്യയിലേക്കു വഴിനയിച്ചതും ഒരേയൊരു ഫോട്ടോയാണ്. ജീവൻ നിലനിർത്താൻ പൊരുതുന്ന കുഞ്ഞും, പട്ടിണിക്കോലമായ കുരുന്നിന്റെ അന്ത്യനിമിഷത്തിനായി കാത്തിരിക്കുന്ന കഴുകനും. ജീവിതവും മരണവും ഒറ്റ ഫ്രെയിമിൽ ആവാഹിച്ച ചിത്രം. വിമർശനശരങ്ങളിലും കുറ്റബോധത്താലും മുറിവേറ്റ കെവിൻ, ഓർമകളുടെ വെളിച്ചമണച്ചു മരണത്തിന്റെ ഇരുട്ടിലേക്കു നടന്നിട്ട് ജൂലൈ 27ന് 25 വർഷം.

‘ജീവിതത്തിന്റെ വേദന എല്ലാ സന്തോഷങ്ങളെയും മറികടക്കുന്നു. കൊലപാതകങ്ങളുടെ, മരണത്തിന്റെ, മൃതശരീരങ്ങളുടെ, പട്ടിണി കിടക്കുകയും മുറിവേൽപ്പിക്കപ്പെടുകയും ചെയ്ത കുട്ടികളുടെ ഓർമകൾ.. അവയെല്ലാം എന്നെ വേട്ടയാടുന്നു. കെന്നിനടുത്തേക്ക് ഞാന്‍ പോകുന്നു, ഭാഗ്യമുണ്ടെങ്കിൽ കെന്നുമായി ഒത്തുചേരാം.’– ആത്മഹത്യാക്കുറിപ്പിൽ കെവിൻ കുറിച്ചിട്ടു. ദക്ഷിണ സുഡാനിൽനിന്നു പകർത്തിയ ചിത്രമായിരുന്നു കെവിനെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം.

ഓപ്പറേഷൻ ലൈഫ്‍ലൈൻ സുഡാൻ

ആഭ്യന്തരയുദ്ധം മൂലം ജനം നരകയാതന അനുഭവിച്ചിരുന്ന സുഡാനിലേക്കു ഭക്ഷണമെത്തിക്കാനുള്ളതായിരുന്നു ‘ഒാപ്പറേഷൻ ലൈഫ്‍ലൈൻ സുഡാൻ’ എന്ന യുഎൻ പദ്ധതി. സുഡാനിലെ അവസ്ഥ ലോകത്തിനു മുന്നിൽ എത്തിക്കുന്നതിനു ഫോട്ടോ ജേണലിസ്റ്റുകളെയും ക്ഷണിച്ചിരുന്നു. ലൈഫ് ലൈൻ സുഡാനിൽ അംഗമായിരുന്ന റോബർട്ട് ഹാഡ്‍ലിയാണു ജോവ സിൽവയോടും കെവിൻ കാർട്ടറോടും യാത്രയുടെ കാര്യം പറഞ്ഞത്. കാർട്ടറും സിൽവയും ഇതൊരവസരമായി കണ്ട് യുഎൻ സംഘത്തിനൊപ്പം ചേർന്നു.

കൊടും പട്ടിണിയുടെയും മരണത്തിന്റെയും ഭീകരത തളംകെട്ടി നിൽക്കുന്ന ദക്ഷിണ സുഡാനിലെ അയോഡിലേക്കു ഭക്ഷണമെത്തിക്കാൻ ഒരു വിമത പോരാളി സംഘടന യുഎന്നിന് അനുമതി കൊടുത്തു. ഹാഡ്‍ലി കാർട്ടറെയും സിൽവയെയും തങ്ങളുടെകൂടെ പോരുന്നതിനു ക്ഷണിച്ചു. ഭക്ഷണം വിതരണം ചെയ്യാനുള്ള 30 മിനിറ്റു മാത്രമേ ചെലവഴിക്കാനാവുകയുള്ളൂ എന്ന മുന്നറിയിപ്പും യുഎൻ സംഘം നൽകി. ഗറില്ല പോരാളികളുടെ ഫോട്ടോയെടുക്കുന്നതിനായി സിൽവ പോയപ്പോൾ കെവിൻ ഭക്ഷണവിതരണ ക്യാംപിലേക്ക് ഓടിയെത്തിയ പട്ടിണിക്കോലങ്ങളായ സുഡാനികളുടെ ചിത്രങ്ങളെടുത്തു.

പട്ടിണിയുടെയും മരണത്തിന്റെയും ദയനീയമായ അവസ്ഥ കണ്ട് മനംമടുത്ത കെവിൻ ഏതാനും ക്ലിക്കുകൾക്കുശേഷം ക്യാംപിലേക്കു മടങ്ങാനൊരുങ്ങവേ ഒരു കരച്ചിൽ കേട്ടു. ആ ഭാഗത്തേക്കു ചെന്ന കെവിൻ കണ്ടത് കൊടുംവെയിലത്തു തല കുമ്പിട്ടു കൂനിക്കൂടി നിലത്തിരിക്കുന്ന ഒരു കുട്ടിയെയാണ്. ശരീരത്തിലെ എല്ലുകൾ പുറത്തേക്ക് ഉന്തിനിന്നിരുന്നു. എഴുന്നേറ്റു നിൽക്കാൻപോലും ത്രാണിയില്ലാത്ത കുട്ടി ഭക്ഷണവിതരണ കേന്ദ്രത്തിലേക്കു നിരങ്ങിനീങ്ങുകയായിരുന്നു. കെവിൻ കുട്ടിയുടെ അടുത്തേക്കു നീങ്ങിയതും ഏറെയകലെയല്ലാതെ ഒരു ശവംതീനി കഴുകൻ പറന്നിറങ്ങി.

Kevin Carter

കെവിനിലെ ഫൊട്ടോഗ്രഫർ ഉണർന്നു. മരണവും ജീവിതവും ഒറ്റ ഫ്രെയിമിൽ. ജീവൻ നിലനിർത്താൻ പൊരുതുന്ന കുഞ്ഞ്. കുഞ്ഞിന്റെ ജീവൻ നിലയ്ക്കാൻ കാത്തിരിക്കുന്ന കഴുകൻ ചിറകു വിരിക്കുന്ന ഫോട്ടോയ്ക്കായി കെവിൻ കാത്തിരുന്നെങ്കിലും അതുണ്ടായില്ല. വിമാനം പുറപ്പെടുന്നതിന് ഏതാനും മിനിറ്റു മാത്രം. ആ ആംഗിളിൽത്തന്നെ ഫോട്ടോ പകർത്തി, കഴുകനെ ആട്ടിപ്പായിച്ചു കെവിൻ സുഹൃത്തുമൊരുമിച്ചു വിമാനത്തിൽ തിരികെ പറന്നു.

ലോകത്തെ ഞെട്ടിച്ച ഫോട്ടോ

ദക്ഷിണാഫ്രിക്കയിൽ മടങ്ങിയെത്തിയ കെവിൻ താനെടുത്ത ചിത്രങ്ങൾ ന്യൂയോർക്ക് ടൈംസിന് അയച്ചുകൊടുത്തു. 1993 മാർച്ച് 26 ലെ പത്രത്തിന്റെ ഒന്നാം പേജിൽ ആ ചിത്രം അച്ചടിച്ചുവന്നു. ലോക വ്യാപകമായി ചിത്രം പ്രചരിച്ചതോടെ, പിന്നീട് കുട്ടിക്കെന്തു സംഭവിച്ചു എന്നു ചോദിച്ച് നൂറുകണക്കിനു ഫോൺ വിളികളും കത്തുകളും ന്യൂയോർക്ക് ടൈംസ് ഓഫിസിലേക്ക് എത്തി. ‘കുട്ടിക്ക് ഭക്ഷണവിതരണ ക്യാംപിലെത്താനുള്ള ആരോഗ്യമുണ്ടായിരുന്നു. ക്യാംപിലെത്തിയോ എന്ന് അറിയില്ല’ – കാർട്ടറെ ഉദ്ധരിച്ച് പത്രം കുറിപ്പ് ഇറക്കി.

സുഡാനിലെ അത്യന്തം ഭീകരവും ദയനീയവുമായ അവസ്ഥ ലോകത്തിനു കാണിച്ചുകൊടുത്തെങ്കിലും കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിക്കാതിരുന്ന ഫൊട്ടോഗ്രഫർക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. ചിത്രത്തിലുള്ള കഴുകനെക്കാൾ ക്രൂരനായ കഴുകൻ കെവിൻ കാർട്ടറാണെന്നു വരെ പ്രചാരണമുണ്ടായി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാതെ ചിത്രമെടുക്കാൻ കാത്തിരുന്നതിന്റെ കുറ്റബോധത്തിൽ നീറിയ കെവിന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. നീണ്ടകാലത്തെ പ്രണയബന്ധവും വഴിപിരിഞ്ഞതോടെ മാനസികമായി തകർന്ന കെവിൻ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽനിന്നും അകന്നു.

തേടിയെത്തി പുലിറ്റ്സർ പ്രൈസ്

1994 ഏപ്രിൽ 12 ന് ന്യൂയോർക്ക് ടൈംസിൽനിന്നും കെവിനെ ആ സന്തോഷവാർത്ത വിളിച്ചറിയിച്ചു. ഏതൊരു പത്രപ്രവർത്തകനും ആഗ്രഹിക്കുന്ന പരമോന്നത അമേരിക്കൻ പുരസ്കാരം പുലിറ്റ്സർ പ്രൈസ് ‘സുഡാനിലെ പെൺകുട്ടി’ എന്ന ചിത്രത്തിന്. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും അഭിനന്ദന പ്രവാഹങ്ങളായിരുന്നു. കുറ്റബോധത്താൽ നീറിക്കൊണ്ടിരുന്ന കെവിനെ പുലിറ്റ്സർ നേട്ടവും അഭിന്ദനങ്ങളും സ്പർശിച്ചതേയില്ല. അടുത്ത സുഹൃത്ത് കെൻ ഓസ്റ്റർബ്രൂക്ക് ഈ സമയത്തു കൊല്ലപ്പെട്ടത് കെവിനു കടുത്ത ആഘാതമായി.

മേയ് 23ന് കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ തകർന്ന മനസ്സുമായി കെവിൻ പുലിറ്റ്സർ പുരസ്കാരം ഏറ്റുവാങ്ങി. കെവിന്റെ ഫോട്ടോ വീണ്ടും ചർച്ചയായി. ഫൊട്ടോഗ്രഫറുടെ ധാർമികത ചോദ്യം ചെയ്യപ്പെട്ടു. കെവിൻ എന്തുകൊണ്ടു കുട്ടിയ രക്ഷിക്കാൻ ശ്രമിച്ചില്ല എന്ന ചോദ്യം പലരിൽനിന്നുമുയർന്നു. ജോലിയോടുള്ള ആത്മാർഥതയ്ക്കോ മാനുഷിക പരിഗണനയ്ക്കോ കൂടുതൽ പ്രാധാന്യം എന്ന ചോദ്യത്തിനുത്തരം കിട്ടാതെ കെവിന്റെ മനസ്സ് ആടിയുലഞ്ഞു.

കടുത്ത വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തിയ കെവിൻ 1994 ജൂലൈ 27ന് ഓസ്റ്റർബ്രൂക്കിന്റെ വിധവയെ സന്ദർശിച്ച ശേഷം തന്റെ പിക്കപ്പ് വാനുമായി കുട്ടിക്കാലം ചെലവഴിച്ച പാർക്ക്മോറിലേക്ക് പോയി. വാനിന്റെ പുകക്കുഴലിൽ ഒരു ഹോസ് ഘടിപ്പിച്ച് അതിന്റെ ഒരറ്റം വിൻഡോഗ്ലാസിലൂടെ ഡ്രൈവർ ക്യാബിനിലേക്ക് ഇട്ടു. അകത്തു കയറി വാക്മാനിൽ പാട്ടുകേട്ട് എൻജിൻ ഓണാക്കി. കാബിനുള്ളിലിരുന്ന് പുക ശ്വസിച്ച്, തന്റെ കുറ്റബോധത്തിൽനിന്നും എന്നേക്കുമായി മുക്തനായി.

അസ്വസ്ഥമായ കുട്ടിക്കാലം

1960 സെപ്റ്റംബർ 13ന് ജോഹാനസ്ബർഗിലാണു കെവിൻ കാർട്ടർ ജനിച്ചത്. വെളുത്ത വർഗക്കാരുടെ കുടുംബത്തിലായിരുന്നു ജനനമെങ്കിലും ചെറുപ്പത്തിൽ തന്നെ കറുത്ത വർഗക്കാരോടുള്ള വിവേചനവും അനീതിയും കെവിനെ അസ്വസ്ഥനാക്കിയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന‌ുശേഷം ഫാർമസി കോഴ്സിനു ചേർന്നു. വൈകാതെ അതുപേക്ഷിച്ചു നിർബന്ധിത സൈനിക സേവനത്തിനു ദക്ഷിണാഫ്രിക്കൻ സൈന്യത്തിൽ ചേർന്നു. അവിടെനിന്ന് ഒളിച്ചു കടന്ന് ഡിസ്ക് ജോക്കിയായി.

ആ ജോലി പോയപ്പോൾ കടുത്ത വിഷാദരോഗത്തിന് അടിമയായി, ആത്മഹത്യാശ്രമം നടത്തി. പിന്നീട് ക്യാമറ സപ്ലൈ ചെയ്യുന്ന ഒരു സ്ഥാപനത്തിൽ ജോലി കിട്ടിയതോടെയാണു ജീവിതം പുതിയ വഴിത്തിരിവിലേക്ക് എത്തിയത്. ഫൊട്ടോഗ്രഫിയിൽ തൽപരനായിരുന്ന കെവിൻ 1983–ൽ സ്പോർട്സ് ഫൊട്ടോഗ്രഫറായി ജോലി തുടങ്ങി. 1984 ൽ ജൊഹാനസ്ബർഗ് സ്റ്റാർ പത്രത്തിനു വേണ്ടിയും പിന്നീട് റോയിട്ടേഴ്സ് തുടങ്ങിയ ഏജൻസികൾക്കുവേണ്ടിയും ജോലി ചെയ്തു.

നാൽവർ സംഘത്തിന്റെ ബാങ് ബാങ് ക്ലബ്

ഫ്രീലാൻസ് ഫൊട്ടോഗ്രഫറായി ജോലി ചെയ്തിരുന്ന കാലത്താണ് കെൻ ഓസ്റ്റർബ്രൂക്ക്, ഗ്രെഗ് മറിനോവിച്ച്, ജോവ സിൽവ എന്നിവരെ കെവിൻ കണ്ടുമുട്ടുന്നത്. നാലുപേരും ദക്ഷിണാഫ്രിക്കയിലെ വംശീയ അതിക്രമങ്ങൾക്കെതിരെ ക്യാമറ കൊണ്ട് പ്രതിഷേധിക്കുന്നവരായിരുന്നു. ബാങ് ബാങ് ക്ലബ് എന്ന പേരിലാണ് നാൽവർ സംഘം അറിയപ്പെട്ടിരുന്നത്. കറുത്ത വർഗക്കാർക്കാരെ പെട്രോളിൽ മുക്കിയ ടയർ കഴുത്തിലിട്ട് തീകൊളുത്തുന്ന നെൿലേസിങ് എന്ന കൊടുംക്രൂരത ലോകത്തിനു മുന്നിലെത്തിച്ചത് കെവിൻ കാർട്ടറുടെ ക്യാമറയാണ്.

1991 ൽ മറിനോവിച്ച് പുലിറ്റ്സർ പുരസ്കാരം നേടിയതോടെ ക്ലബിന്റെ പ്രശസ്തി ഉയർന്നു. 1994 ൽ കെവിൻ കാർട്ടറും പുലിറ്റ്സർ പ്രൈസ് നേടി. 1993 ലെ വേൾഡ് പ്രസ് ഫൊട്ടോഗ്രഫി മത്സരത്തിൽ കെൻ ഓസ്റ്റർബ്രൂക്ക് രണ്ടാം സ്ഥാനം നേടി. പ്രശസ്തിയോടൊപ്പം ദുരന്തങ്ങളും ക്ലബിനെ വേട്ടയാടി. 1994 ൽ ദക്ഷിണാഫ്രിക്കയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന പോരാട്ടം ക്യാമറയിലാക്കുന്നതിനിടെ കെൻ ഓസ്റ്റർബ്രൂക്ക് വെടിയേറ്റു മരിച്ചു. കൂടെയുണ്ടായിരുന്ന മറിനോവിച്ചിന് ഗുരുതരമായി പരുക്കേറ്റു.

1994 ൽ കെവിൻ കാർട്ടർ ആത്മഹത്യ ചെയ്തു. 2010 ൽ അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈന്യത്തിനൊപ്പം പട്രോളിങ്ങിൽ പങ്കെടുക്കവേ മൈൻ പൊട്ടിത്തെറിച്ച് ജോവ സിൽവയ്ക്ക് ഇരുകാലുകളും നഷ്ടപ്പെട്ടു. മറിനോവിച്ചും സിൽവയും ചേർന്ന് 2000 ൽ ‘ദി ബാങ് ബാങ് ക്ലബ്: സ്നാപ്ഷോട്ട്സ് ഫ്രം എ ഹിഡൻ വാർ’ എന്ന പേരിൽ അവരുടെ അനുഭവങ്ങൾ പുസ്തകമാക്കി. ഇൗ പുസ്തകത്തെ ആധാരമാക്കി 2010 ൽ ‘ബാങ് ബാങ് ക്ലബ്’ എന്ന പേരിൽ സ്റ്റീവൻ സിൽവർ സംവിധാനം ചെയ്ത സിനിമയും പുറത്തിറങ്ങി.

ബാങ് ബാങ് ക്ലബിനെയും കെവിൻ കാർട്ടറെയും ആസ്പദമാക്കി ഡോക്യുമെന്ററികളും ഗാനങ്ങളും നിർമിക്കപ്പെട്ടു. മാനിക് സ്ട്രീറ്റ് പ്രീച്ചേഴ്സ് തങ്ങളുടെ ‘എവരിതിങ് മസ്റ്റ് ഗോ’ എന്ന ആൽബത്തിൽ കെവിൻ കാർട്ടർ എന്ന പേരിൽ ഗാനം ഉൾപ്പെടുത്തി. ആഭ്യന്തര കലഹങ്ങളും യുദ്ധങ്ങളും ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും കോടിക്കണക്കിനു സാധാരണക്കാരെയും കുട്ടികളെയും ദുരിതങ്ങളിലേക്കു നയിക്കുന്നു.

പാകിസ്ഥാനിൽ സ്കൂൾ ആക്രമിച്ച് ഭീകരർ കൊന്നൊടുക്കിയ കുട്ടികൾ, സിറിയൻ യുദ്ധത്തിന്റെ ഇരയായ ഉമ്രാൻ ദഖ്നീശ്, യൂറോപ്പിലേക്കുള്ള പലായനത്തിനിടെ മുങ്ങി മരിച്ച സിറിയൻ കുരുന്ന് ഐലാൻ കുർദി, അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നതിനിടെ പിതാവിനൊപ്പം റിയോ ഗ്രാൻഡെ നദിയിൽ മുങ്ങി മരിച്ച രണ്ടു വയസുകാരി വലേറിയ.... ഇന്നും ആ കഴുകൻ ചിറകുവിടർത്താതെ ഇരകളെയും കാത്തിരിക്കുന്നു എന്നതാണ് ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നത്. കെവിന്റെ ചിത്രത്തിലെ കഴുകൻ ഒരു പ്രതീകമാണ്. യഥാർഥ കഴുകൻ ആരെന്ന ചോദ്യമാണ് ആ ചിത്രം ഇന്നും ലോകത്തിനു മുന്നിൽ ഉയർത്തുന്നത്.

English Summary: Kevin Carter’s iconic photograph of a starving Sudanese girl, who collapsed on her way to a feeding centre while a vulture waited nearby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com