sections
MORE

നവകേരള നിർമിതിക്കു ചരടുകളുള്ള വിദേശ ഫണ്ട്: ഇടത് സർക്കാരിനെതിരെ പരിഷത്ത്

Rebuild-Kerala
SHARE

പാലക്കാട് ∙ നവകേരള നിർമിതിക്കു വിദേശ ഏജൻസികളുടെ ചരടുകളുള്ള ഫണ്ടിനെ മാത്രം ആശ്രയിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സ്വരംകടുപ്പിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത്. തദ്ദേശശേഷിയും മനുഷ്യവിഭവവും പൂർണമായി അവഗണിച്ചുള്ള നീക്കം സംസ്ഥനത്തെ അപകടത്തിലാക്കും. കേരളത്തിന് വിദേശഫണ്ട് ആവശ്യമില്ലെന്നും സംഘടന പറയുന്നു.

പ്രളയ പുനരധിവാസത്തിന് വിദേശഫണ്ട് ഉപയേ‍‍ാഗിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ  ശ്രമത്തിനെതിരെ ഒരു വർഷമായി പരിഷത്തിനുള്ളിൽ അമർഷവും അസ്വാരസ്യവും ഉണ്ടായിരുന്നു. പ്രകടമായി പ്രതികരിക്കാൻ നേതൃത്വം തയാറായിരുന്നില്ല. കേരളത്തിന്റെ സാങ്കേതിക, മനുഷ്യശേഷി ഒഴിവാക്കി നവകേരള നിർമിതി ഉദ്യേ‍ാഗസ്ഥവൽക്കരിക്കാനുള്ള ശ്രമം സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കുമെന്നാണ് സംഘടനയിലെ മുതിർന്ന നേതാക്കൾ പറയുന്നത്.

എൽഡിഎഫിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്നുള്ള മാറ്റം സർക്കാരിനെ മാത്രമല്ല, പ്രസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കും. വായ്പകൾ വാങ്ങിക്കൂട്ടുന്നതിലൂടെ ഏജൻസികൾ ഭരണസംവിധാനത്തെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടാകും. നാട്ടിൽതന്നെയുള്ള വസ്തുക്കളെയും ആളുകളെയും നോക്കുകുത്തിയാക്കിയുള്ള നവകേരള നിർമിതി ഗുരുതരമായ രാഷ്ട്രീയ പ്രശ്നങ്ങൾക്കു വഴിയെ‍ാരുക്കും.

വിദേശ ഏജൻസികളെ വികസന പങ്കാളികളാക്കുമ്പോൾ പരിസ്ഥിതി മുൻഗണന അട്ടിമറിക്കപ്പെടും. അത്തരത്തിലെ‍ാരു അവസ്ഥ താങ്ങാൻ ഇനി കേരളത്തിന് കഴിയില്ല. തേ‍ാന്നുന്നതുപേ‍ാലുള്ള ഭൂവിനിയോഗം, തണ്ണീർത്തടങ്ങളെ ഒഴിവാക്കൽ, അനിയന്ത്രിത ഖനനം എന്നിവ ആക്കം കൂട്ടുന്ന നിർമാണങ്ങൾ ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തും. ഇപ്പേ‍ാഴത്തെ പ്രതിസന്ധി പരിഹരിക്കാൻ വിദേശഫണ്ടിനെ ബദൽമാർഗമായി കാണുന്ന സർക്കാർ നിലപാട് പരിഹാസ്യമാണ്.

പരിസ്ഥിതി സൗഹൃദ നടപടികൾക്കു പകരം ലോകബാങ്ക്, എഡിബി ഉദ്യോഗസ്ഥർ തയാറാക്കിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് സർക്കാർ നീങ്ങുന്നത്. 36,500 കോടി രൂപ ചെലവുള്ള പുനർനിർമാണത്തിൽ 60% പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണത്തിനാണു ഉപയേ‍ാഗിക്കുന്നത്. ഇത്തരം ഭീമമായ വായ്പകൾ തിരിച്ചടയ്ക്കാനുള്ള ശേഷി കേരളത്തിനുണ്ടേ‍ാ? തദ്ദേശ സ്ഥാപനങ്ങൾ അവരുടെ അവകാശങ്ങളും അധികാരങ്ങളും ഉപയോഗിച്ചാൽ വിദേശ വായ്പയിലെ ആശ്രിതത്വം കുറയ്ക്കാനാകും. കൂടുതൽ പണം നിബന്ധനകളില്ലാത്ത തദ്ദേശ വായ്പകളായി സ്വരൂപിക്കാമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

ബദൽ സംവിധാനം അവതരിപ്പിക്കാനാണു സംഘടനയുടെ തീരുമാനമെങ്കിലും അതിന് ത്രാണിയും നൈപുണ്യവും ഉള്ളവർ പ്രസ്ഥാനത്തിൽ എത്രയുണ്ടെന്ന ചോദ്യവുമുയരുന്നു. വിധേയയരുടെ എണ്ണം സംഘടനയിൽ കൂടുന്നതായും വിമർശനമുണ്ട്. സർക്കാർ വിദേശഫണ്ട് സ്വീകരിക്കുന്നതിൽ ഭിന്നാഭിപ്രായമുള്ളവരും സംഘടനയിൽ സജീവമാണ്. സിപിഎമ്മിലെ നാലാംലേ‍ാക വിവാദത്തിനുശേഷം ഇപ്പോഴാണു വിദേശഫണ്ട് സംബന്ധിച്ചു ഗൗരവമായ ചർച്ച നടക്കുന്നത്.

English Summary: Kerala Sastra Sahitya Parishad against Government policy to receive foreign funds for Rebuild Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA