ഉണ്ണിക്കുട്ടന്‍ ഇനി 'അശോകേട്ടാ'ന്ന് വിളിക്കും; മലയാളം പഠിച്ച് നേപ്പാള്‍ സ്വദേശികള്‍

Yoddha-Malayalam-Movie
മലയാളം ചിത്രം യോദ്ധയിലെ രംഗം
SHARE

തിരുവനന്തപുരം ∙ 'അക്കുസോട്ടോ' എന്നല്ല അശോകേട്ടാ എന്നു തന്നെ ഇനി ഉണ്ണിക്കുട്ടൻ ധൈര്യമായും സ്ഫുടമായും വിളിച്ചേക്കും. അപ്പുക്കുട്ടനെ 'അമ്പട്ട നാ'ക്കുകയുമില്ല. നേപ്പാളി ഭാഷ അറിയാത്തതിനാൽ ഇനി 'അശോകന്' നേപ്പാളിൽ വട്ടം ചുറ്റേണ്ടി വരികയുമില്ല. ഭാഷ അറിയാതെ നേപ്പാളിൽ കറങ്ങിയ സിനിമയിലെ കഥാപാത്രങ്ങളായ അശോകനും അപ്പുക്കുട്ടനും വേണ്ടി നേപ്പാളികൾ ഇങ്ങു കേരളത്തിൽ പരിഹാരം കണ്ടെത്തി. നേപ്പാൾ സ്വദേശികളും മലയാളം പഠിക്കാൻ  തുടങ്ങി!

ഇതര  സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാമിഷന്റെ ‘ചങ്ങാതി’ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നേപ്പാളിൽ നിന്നുള്ള 26 പേർ റജിസ്റ്റർ ചെയ്തു. ഇടുക്കിയിലാണു നേപ്പാളികളുടെ പങ്കാളിത്തം ഏറ്റവും കൂടുതൽ. 20 പേർ. ആലപ്പുഴ 3, പത്തനംതിട്ട 1, കാസർകോട് എന്നിങ്ങനെയാണു മറ്റുള്ളവരുടെ കണക്ക്്. ഒന്നാംഘട്ടത്തിൽ ബംഗാൾ, ബിഹാർ, ഒഡീഷ സംസ്ഥാനക്കാർ മലയാളം പഠിക്കാനെത്തിയിരുന്നു. 

മൊത്തം 2886 പേരാണു രണ്ടംഘട്ട സർവേയിൽ മലയാളം പഠിക്കാൻ പേർ റജിസ്റ്റർ ചെയ്തത്. ഇതിൽ 145 പേർ സ്ത്രീകളാണ്. 15 മുതൽ 40 വരെ പ്രായമുള്ള 1932 പേരും 40 വയസ്സിനു മേൽ പ്രായമുള്ള 954 പേരുമുണ്ട്. ബിഹാർ (245), അസം (459), ഒഡീഷ (181), തമിഴ്നാട് (166), ഉത്തർപ്രദേശ് (121), ജാർഖണ്ഡ് (94), കർണാടക (84), ഛത്തീസ്ഗഡ് (49), രാജസ്ഥാൻ (46), ത്രിപുര (7), ആന്ധ്രപ്രദേശ് (6), മണിപ്പൂർ (3), മഹാരാഷട്ര (6), ഡൽഹി (1), ഗുജറാത്ത് (1), മധ്യപ്രദേശ് (1) എന്നിങ്ങനെയാണു വിവിധ സംസ്ഥാനക്കാരുടെ എണ്ണം. 

രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി മൊത്തം 144 ഇൻസ്ട്രക്ടർമാരെ തിരഞ്ഞെടുത്തു. ഇതര സംസ്ഥാന തൊഴിലാളികളിലെ യോഗ്യതയുള്ളവരെയും സാക്ഷരതാമിഷന്റെ ഹയർ സെക്കൻഡറി തുല്യതാപഠിതാക്കളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്കുള്ള പരിശീലനം നടന്നുവരുന്നു. 14 ജില്ലകളിലും തിരഞ്ഞെടുത്ത ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണു രണ്ടഘട്ടം നടപ്പാക്കുകയെന്ന് സാക്ഷരത മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. 

നേരത്തെ, എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നടപ്പിലാക്കിയ ‘ചങ്ങാതി’ മാതൃകാ പ്രോജക്ടിനു മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിൽ പദ്ധതി സംസ്ഥാനതലത്തിൽ ഒന്നാംഘട്ടമായി മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. 2018 ഏപ്രിൽ ഒന്നിന് ആരംഭിച്ച ഒന്നാംഘട്ടത്തിൽ 1738 പേർ പരീക്ഷ എഴുതി വിജയിച്ചു. ഇതിൽ ഭൂരിഭാഗവും ഒഡീഷയിൽ നിന്നുള്ളവരായിരുന്നു. പെരുമ്പാവൂരിൽ നടത്തിയ മാതൃക പദ്ധതിയിൽ പരീക്ഷയെഴുതിയ 503 പേരിൽ 469 പേർ വിജയിച്ചു. അന്നു വിജയിച്ചവരിൽ ഭൂരിഭാഗവും അസമിൽ നിന്നുള്ളവരായിരുന്നു. 4 മാസം കൊണ്ടു തൊഴിലാളികളെ മലയാളത്തിൽ സാക്ഷരരാക്കുന്നതാണു പദ്ധതി. ആഴ്ചയിൽ 5 മണിക്കൂർ വിദ്യാകേന്ദ്രങ്ങൾ, തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലാണു ക്ലാസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA