ADVERTISEMENT

തിരുവനന്തപുരം∙ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ചയെന്ന് ആരോപണം. കാറിലും ശ്രീറാമിന്റെ ശരീരത്തിലും മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നിട്ടും രക്തസാംപിൾ പരിശോധിക്കാൻ പൊലീസ് തയാറായില്ല. കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് വഫയുടെ രക്തസാംപിൾ പരിശോധിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച ചോദ്യത്തിന് ശ്രീറാം രക്തപരിശോധനയ്ക്ക് വിസമ്മതിച്ചുവെന്നാണു തിരുവനന്തപുരം റേഞ്ച് ഐജി സഞ്ജയ്കുമാര്‍ ഗരുഡിൻ മാധ്യമങ്ങളോടു പറഞ്ഞത്.

ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിള്‍ എടുത്തിട്ടില്ലെന്നും നിയമം പാലിച്ചുമാത്രമേ രക്തസാംപിള്‍ എടുക്കാന്‍ പറ്റൂവെന്നും കമ്മിഷണര്‍ പറഞ്ഞു. കയ്യിൽ മുറിവുള്ളതിനാൽ രക്തസാംപിൾ എടുക്കാൻ ശ്രീറാം വിസമ്മതിക്കുകയായിരുന്നു. പ്രതിയുടെ സമ്മതമില്ലാതെ രക്തം പരിശോധിക്കാനാവില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതേസമയം, കാറില്‍ ഫൊറൻസിക് സംഘം പരിശോധന നടത്തി.

അതേസമയം ശ്രീറാം വെങ്കിട്ടരാമൻ  മദ്യപിച്ച് വാഹനം ഓടിച്ചതാണെന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും രക്തസാംപിൾ എടുക്കാതെ  രക്ഷപ്പെടുത്താൻ മ്യൂസിയം പൊലീസ് ശ്രമിച്ചെന്ന പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് മേധാവിക്കൊപ്പം  സിറ്റി പോലീസ് കമ്മിഷണറും ഉടൻ അന്വേഷണം നടത്തണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. പത്തു ദിവസത്തിനകം ഇരുവരും റിപ്പോർട്ട് നൽകണം.

രക്തപരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമനെ പരിശോധിച്ച ഡോക്ടര്‍ മനോരമ ന്യൂസിനോട് പറ​ഞ്ഞു. ക്രൈം നമ്പര്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍ക്കു നിര്‍ബന്ധിക്കാനായില്ല. ദേഹപരിശോധന നടത്താന്‍ മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും ഡോക്ടര്‍ പറഞ്ഞു.

നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമമെന്ന് ഗതാഗതമന്ത്രി

thiruvananthapuram-accident-death
അപകടത്തിൽപെട്ട കാറും ബൈക്കും

ശ്രീറാം നിയമനടപടികളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നുവെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കലക്ടറും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. ഐഎഎസ് ഉദ്യോഗസ്ഥര്‍ നിയമം പാലിക്കുന്നതില്‍ മാതൃകയാകേണ്ടവരാണ്. ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. ഉദ്യോഗസ്ഥ വീഴ്ചയും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.മുഹമ്മദ് ബഷീറാണ് മരിച്ചത്. അമിതവേഗത്തിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരിലുള്ളതാണ് കാര്‍. അപകടസമയത്ത് വഫയും വാഹനത്തിലുണ്ടായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീറാം മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി.

അതേസമയം അപകടത്തിന് ശേഷം പൊലീസ് വഫയെ വൈദ്യപരിശോധനയ്ക്ക് വിധേയാക്കിയിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മുഹമ്മദ് ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച് 100 മീറ്റർ മാറിയെന്ന നിലയിലായിരുന്നു. ഇരുവാഹനങ്ങളും ഒരേ ദിശയിൽ വരികയായിരുന്നു.

English Summary: Journalist Accident - Lapse in police enquiry allegation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com