ADVERTISEMENT

തിരുവനന്തപുരം∙ ഏഴു ബറ്റാലിയനുകളിലേക്ക് നടന്ന സിവില്‍പൊലീസ് പരീക്ഷയിലെ ക്രമക്കേടുകളുടെ ചുരുളഴിയുന്നു. പരീക്ഷ നടക്കുന്ന ഹാളില്‍നിന്ന് വാട്സാപ് വഴി ചോദ്യക്കടലാസ് പുറത്തെത്തിച്ച് ഉത്തരമെഴുതാനുള്ള സാധ്യതയിലേക്കാണ് വിജിലന്‍സ് അന്വേഷണം വിരല്‍ ചൂണ്ടുന്നത്.

പരീക്ഷ നടന്ന 2018 ജൂലൈ 22ന് ഉച്ചയ്ക്ക് 2നും 3.15നും ഇടയില്‍, യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയും കാസര്‍കോഡ് കെഎപി 4ാം ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരനുമായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു ഫോണുകളില്‍നിന്ന് 96 മെസേജുകളാണ് വന്നത്. ഇതില്‍ ആറെണ്ണം 2.08നും 2.15നും ഇടയിലായിരുന്നു. 2.15നും 3.15നും ഇടയില്‍ 81 സന്ദേശങ്ങളെത്തി. 9 സന്ദേശങ്ങളുടെ സമയം പൊലീസ് റിപ്പോര്‍ട്ടിലില്ല. കേസില്‍ 17ാം പ്രതിയും റാങ്ക് ലിസ്റ്റില്‍ രണ്ടാം സ്ഥാനക്കാരനുമായ പ്രണവിന്റെ ഫോണിലേക്ക് പരീക്ഷാ സമയത്ത് 78 സന്ദേശങ്ങളെത്തി. 2.04ന് ശേഷമാണ് സന്ദേശങ്ങളെല്ലാം എത്തിയത്. കേസിലെ രണ്ടാം പ്രതിയും 28ാം റാങ്കുകാരനുമായ നസീമിന്റെ പിഎസ്‌സിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ടു ഫോണിലേക്കും സന്ദേശങ്ങളെത്തിയിട്ടില്ല. മറ്റേതെങ്കിലും ഫോണ്‍ ഉപയോഗിച്ചോ എന്ന് വിശദമായ പരിശോധനയിലേ വ്യക്തമാകൂ.

അതേസമയം പരീക്ഷാ സമയത്ത് ശിവരഞ്ജിത്തിന്റെ ഫോണിലേക്കു സന്ദേശം അയച്ചുവെന്നു പിഎസ്്‌സി അവകാശപ്പെടുന്നയാളുമായി മനോരമ ഓണ്‍ലൈന്‍ സംസാരിച്ചു. ശിവരഞ്ജിത്ത് തന്റെ സുഹൃത്താണെന്നും പരീക്ഷയ്ക്കു മുമ്പ് ആറ് സന്ദേശങ്ങളാണ് അയാളുടെ ഫോണിലേക്ക് അയച്ചതന്നും അദ്ദേഹം. പറഞ്ഞു. എന്നാല്‍ ഇതു തികച്ചും വ്യക്തിപരമായ സന്ദേശങ്ങളാണ്. പരീക്ഷയുമായി ബന്ധപ്പെട്ട് ഒറ്റ സന്ദേശം പോലും അയച്ചിട്ടില്ല. പൊലീസ്് അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷ കഴിഞ്ഞ ഉടന്‍ പ്രണവിന്റെ ഫോണില്‍നിന്ന് ഒരു കോള്‍ പോയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പിഎസ്‌സി ആവശ്യപ്പെടുന്നതനുസരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുമ്പോള്‍ ഈ നമ്പറിന്റെ ഉടമയെക്കുറിച്ച് പരിശോധിക്കും. ഏഴ് ബറ്റാലിയനുകളിലെയും ആദ്യ നൂറ് റാങ്കില്‍ ഉള്‍പ്പെട്ടവരുടെ മൊബൈല്‍ നമ്പര്‍ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശിവരഞ്ജിത്തും പ്രണവും പരീക്ഷയില്‍ വരുത്തിയ തെറ്റുകള്‍‌ക്ക് സാമ്യമുണ്ടെന്നും പിഎസ്‌സി പരിശോധനയില്‍ കണ്ടെത്തി. പരീക്ഷാ ക്രമക്കേട് കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന്റെ സഹായം തേടിയതോടെ തട്ടിപ്പിനു പിഎസ്‌സിയും സ്ഥിരീകരണം നല്‍കുകയാണ്.

തിരുവനന്തപുരം എസ്എപി, മലപ്പുറം എംഎസ്പി, കെഎപി 1 മുതല്‍ 5 വരെയുള്ള ബറ്റാലിയനുകളിലേക്ക് നടന്ന സിവില്‍പൊലീസ് പരീക്ഷയില്‍ 6,56,058 പേരാണ് അപേക്ഷിച്ചത്. 3,59,456 പുരുഷന്‍മാരും, 2,96,602 വനിതകളും. ഇതില്‍ രണ്ടു ലക്ഷത്തോളംപേര്‍ പരീക്ഷ എഴുതിയില്ല. ജൂലൈ ഒന്നിന് റാങ്ക് ലിസ്റ്റ് വന്നു. വനിതാ സിവില്‍പൊലീസ് ഓഫിസര്‍മാരുടെ ഷോര്‍ട്ട് ലിസ്റ്റ് വന്നെങ്കിലും കായികക്ഷമതാ പരീക്ഷ നടക്കാനിരിക്കുന്നതേയുള്ളൂ. ശിവരഞ്ജിത്തും പ്രണവും നസീമും കാസര്‍കോഡ് ബറ്റാലിയനിലാണ് അപേക്ഷിച്ചത്. അപേക്ഷ നല്‍കുമ്പോള്‍, പരീക്ഷ എഴുതേണ്ട ജില്ലയും താലൂക്കും ഓപ്ഷന്‍ നല്‍കാം. മൂന്നുപേരും തിരുവനന്തപുരം ജില്ലയാണ് ഓപ്ഷന്‍ നല്‍കി പരീക്ഷ എഴുതിയത്. 

പരീക്ഷാ തട്ടിപ്പിന്റെ സാധ്യതകള്‍

പരീക്ഷാ ഹാളിലെ ബഞ്ചില്‍ രണ്ടുപേരാണ് ഉണ്ടാകുക. പിഎസ്‌സി ജീവനക്കാരന്‍ ചീഫ് സൂപ്രണ്ടിനെ ചോദ്യം ഏല്‍പിക്കും. ബന്ധപ്പെട്ട സ്കൂളിലെ മേധാവിയായിരിക്കും സാധാരണ ചീഫ് സൂപ്രണ്ട്. ഈ സൂപ്രണ്ട് ചോദ്യപേപ്പര്‍ ഇന്‍വിജിലേറ്ററെ ഏല്‍പ്പിക്കും. ഒരു ക്ലാസില്‍ 20 പേര്‍ പരീക്ഷ എഴുതാനുണ്ടാകും. ഹാജരായ വിദ്യാര്‍ഥികള്‍ക്ക് ചോദ്യം ൈകമാറും. എ, ബി, സി, ഡി കോഡുകളില്‍ 4 തരം ചോദ്യപേപ്പറുകളുണ്ടാകും. അടുത്തിരുന്നവര്‍ക്ക് വ്യത്യസ്ത കോഡുകളിലുള്ള ചോദ്യ പേപ്പറായിരിക്കും. നൂറു ചോദ്യങ്ങള്‍ നാല് കോഡുകളിലും ഒന്നായിരിക്കും. പക്ഷേ ഒരേ ക്രമത്തിലായിരിക്കില്ല. അടുത്തിരിക്കുന്നയാളിന്റെ അടുത്തുനിന്ന് ഉത്തരം ലഭിക്കണമെങ്കില്‍ ഓരോ ചോദ്യമായി ചോദിച്ച് ഉത്തരം എഴുതേണ്ടി വരും. 

ഉദ്യോഗാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍, പരീക്ഷ നടക്കുന്നതിനു മുന്‍പ് ഇന്‍വിജിലേറ്ററിന്റെ അടുത്തുള്ള മേശയില്‍ വയ്ക്കാന്‍ ആവശ്യപ്പെടും. ഫോണ്‍ മേശയില്‍ വയ്ക്കാതെ ഉദ്യോഗാര്‍ഥിക്ക് ഫോണുപയോഗിച്ച് തട്ടിപ്പു നടത്താം. രണ്ടു ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ഫോണ്‍ മേശയില്‍വച്ചശേഷം രണ്ടാമത്തെ ഫോണ്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്താനും കഴിയും.  

550 രൂപയാണ് ഇന്‍വിജിലേറ്ററിന്റെ പ്രതിഫലം. അധ്യാപകര്‍ക്കോ അനധ്യാപകര്‍ക്കോ ഇന്‍വിജിലേറ്ററാകാം. ഓരോ ഉത്തരകടലാസിലും ഇന്‍വിജിലേറ്റര്‍‌ ഒപ്പിടണം. ഇന്‍വിജിലേറ്റര്‍മാരില്‍ ഭൂരിപക്ഷം പേരും പരീക്ഷയെഴുതുന്നവരെ ശ്രദ്ധിക്കാറില്ലെന്ന് ആരോപണമുണ്ട്. ഈ സമയത്ത് തട്ടിപ്പ് നടത്താന്‍ കഴിയും. ചില ഇന്‍വിജിലേറ്റര്‍മാര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഉത്തരം പറഞ്ഞുകൊടുക്കാറുണ്ട്. സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷ നടന്നപ്പോള്‍ വാട്സ്ആപ്പ് വഴി ചോദ്യപേപ്പര്‍ പുറത്തെത്തിക്കാനും ഇവരുടെ സഹായം ലഭിച്ചിരിക്കാം. അല്ലെങ്കില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയപ്പോള്‍ കണ്ടില്ലെന്നു നടിച്ചിരിക്കാം. ചുരുക്കം ചില ഇന്‍വിജിലേറ്റര്‍മാരാണ് പരീക്ഷയെ ഗൗരവമായി കാണുന്നത്. 

പിഎസ്‌സി ജീവനക്കാര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങള്‍ വീതിച്ചു നല്‍കുകയാണ് ചെയ്യുന്നത്. 5 സെന്ററില്‍വരെ ചോദ്യം വിതരണം ചെയ്തശേഷം ഏതെങ്കിലും സെന്ററില്‍ ഇവര്‍ കേന്ദ്രീകരിക്കും. ഇവരും പരീക്ഷാ നടത്തിപ്പില്‍ ശ്രദ്ധിക്കാറില്ലെന്ന് ആരോപണമുണ്ട്. സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ ആയിരത്തിലേറെ സെന്ററുകളാണ് ഉണ്ടായിരുന്നത്. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ ഇത്രയും സെന്ററുകളിലും ജീവനക്കാരെ നിയമിക്കാന്‍ പിഎസ്‌സിക്ക് കഴിയില്ല. പരീക്ഷയ്ക്കുശേഷം അധികംവരുന്ന ചോദ്യപേപ്പറുകളുടെ കൃത്യമായ കണക്ക് മുന്‍പ് രേഖപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ വിവാദത്തിനുശേഷം രേഖപ്പെടുത്തി തുടങ്ങി.

പരീക്ഷയ്ക്കുശേഷം പിഎസ്‌സി ജീവനക്കാര്‍ ഉത്തരകടലാസുകള്‍ ശേഖരിച്ച് പിഎസ്‌സിയുടെ ജില്ലാ ഓഫിസുകളിലേക്ക് കൊണ്ടുപോകും. പിന്നീട് പട്ടത്തെ കേന്ദ്ര ഓഫിസിലെത്തിക്കും. ഒഎംആര്‍ ഉത്തരകടലാസുകള്‍ സ്കാന്‍ ചെയ്യുന്നതിന് അഞ്ചിലധികം സ്കാനിങ് മെഷീനുകള്‍ പിഎസ്‌സി ഓഫിസിലുണ്ട്. ഒരു മണിക്കൂറില്‍ 3,000 കടലാസുകള്‍വരെ ഇത്തരത്തില്‍ സ്കാന്‍ ചെയ്യാന്‍ കഴിയും. ഇതിനുശേഷം ഫലം പ്രസിദ്ധീകരിക്കും.

English summary: PSC Civil police exam fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com