ADVERTISEMENT

ന്യൂഡൽഹി∙ പാര്‍ട്ടികള്‍ പലതായിരുന്നു. പ്രത്യയശാസ്ത്രങ്ങള്‍ വ്യത്യസ്തമായിരുന്നു. പരസ്പരം പോരാടിയിട്ടുമുണ്ട്. പക്ഷെ, സൗഹൃദത്തിന്‍റെ ഇമ്മിണി ബല്യ ആകാശം അവര്‍ക്കിടയിലുണ്ടായിരുന്നു. അന്തരിച്ച മുന്‍വിദേശകാര്യമന്ത്രി സുഷമ സ്വരാജും സമകാലികരായ വനിത നേതാക്കളും തമ്മില്‍. സോണിയ ഗാന്ധി, ബൃന്ദ കാരാട്ട്, മായാവതി തുടങ്ങി സുഷമ സ്വരാജ് കലഹിച്ചും കൈകോര്‍ത്തു പിടിച്ചും മുന്നോട്ടുപോയ നേതാക്കള്‍. സുഷമ സ്വരാജിന്‍റെ വീട്ടില്‍ പുലര്‍ച്ചെയെത്തുമ്പോള്‍ തിരക്കുകളില്ല.

പ്രിയനേതാവിന് അന്തിമോപചാരമര്‍പ്പിക്കാന്‍ സഹപ്രവര്‍ത്തകരും പ്രമുഖരും എത്തിത്തുടങ്ങിയിട്ടില്ല. സുരക്ഷ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ തുടങ്ങുന്നതേയുള്ളൂ. ബഹളങ്ങള്‍ക്കോ, വാര്‍ത്താ തലക്കെട്ടിനോ കാത്തുനില്‍ക്കാതെ 'ബഹന്‍ജി' മായാവതി പ്രിയ സുഹൃത്തിന് യാത്രാമൊഴി നേരാനെത്തിയത് കേവലം ഒൗപചാരികതകള്‍ക്കപ്പുറം ഹൃദയങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പത്തിന്‍റെ പ്രതിഫലനമായിരുന്നു. പിന്നീട് സോണിയ ഗാന്ധിയെത്തിയപ്പോള്‍ വികാരാധീനയായി. 

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ചങ്ങാതിക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തി. 2009 മുതല്‍ 2014വരെയുള്ള കാലഘട്ടത്തിലായിരുന്നു സുഷമ സ്വരാജുമായി കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതെന്ന് ബൃന്ദ കാരാട്ട് പറയുന്നു. പാര്‍ലമെന്‍റായിരുന്നു വേദി. സുഷമ സ്വരാജ് പ്രതിപക്ഷ നേതാവ്. രാജ്യത്തിന്‍റെ പ്രതിപക്ഷ നേതൃനിരയില്‍ കരുത്തുറ്റ പെണ്‍ശബ്ദം. ചരിത്ര നേട്ടത്തിലേയ്ക്ക് പാതി ദൂരം നടന്നെത്തിയ ആ രാത്രിയാണ് ബൃന്ദ കാരാട്ടിന്‍റെ മനസില്‍ നിറഞ്ഞു നല്‍ക്കുന്നത്. 2010 ല്‍ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വനിത സംവരണ ബില്‍ രാജ്യസഭ പാസാക്കിയ ദിനം.

ലോക്സഭയിലെയും നിയമസഭകളിലെയും സീറ്റുകളില്‍ 33 ശതമാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്യുന്നതാണ് ബില്ലിന്‍റെ കാതല്‍. 1996 ലാണ് ആദ്യമായി വനിത സംവരണ ബില്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനയ്ക്ക് വരുന്നത്. എന്നാല്‍ ലക്ഷ്യം കണ്ടില്ല. പിന്നീട് വാജ്പേയി സര്‍ക്കാര്‍ 1998ല്‍ വീണ്ടും ബില്‍ കൊണ്ടുവന്നു. ‘സുഷമ സ്വരാജായിരുന്നു ആ നീക്കത്തില്‍ പ്രധാന പങ്കുവഹിച്ചത്’ ബൃന്ദ കാരാട്ട് പറഞ്ഞു. വാജ്പേയി സര്‍ക്കാരിന്‍റെ നീക്കവും പരാജയപ്പെട്ടു. കോണ്‍ഗ്രസ് നിസഹകരിച്ചുവെന്നാണ് ബിജെപി കുറ്റപ്പെടുത്തിയത്. ഒടുവില്‍, പന്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്‍റെ കോര്‍ട്ടില്‍. 

2010 ഫെബ്രുവരി 25ന് കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി. 2010 മാര്‍ച്ച് 8ന് രാജ്യാന്തര വനിത ദിനത്തില്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബഹളത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ചു. സമാജ്‍വാദി പാര്‍ട്ടി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചു. 2010 മാര്‍ച്ച് 9ന് ബില്‍ രാജ്യസഭയില്‍ വോട്ടിനിട്ടു.

ഒന്നിനെതിരെ 186 വോട്ടിന് ബില്‍ രാജ്യസഭ പാസാക്കി. ‘സുഷമ സ്വരാജ് അന്ന് ലോക്സഭാംഗമാണ്. ‍രാജ്യസഭയില്‍ വോട്ടെടുപ്പ് നടന്നത് രാത്രി ഏറെ വൈകിയാണ്. ലോക്സഭ നടപടികള്‍ അവസാനിച്ചിരുന്നു. ചരിത്ര ബില്‍ ഞങ്ങള്‍ പാസാക്കുന്നതിന് സാക്ഷിയാകാന്‍ സുഷമ സ്വരാജ് പാര്‍ലമെന്‍റില്‍ കാത്തുനിന്നു. ഞങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമായി കാണാനുള്ള അക്ഷമയായുള്ള കാത്തിരിപ്പ്. ബില്ല് പാസാക്കി. ബാക്കി ചരിത്രം..’ പാര്‍ലമെന്‍റ് ഇടനാഴിയിലെ ഒാര്‍മകളിലേയ്ക്ക് ബൃന്ദ കരാട്ട് തിരിഞ്ഞു നടന്നു. ബില്ല് പാസായശേഷം രാജ്യസഭയിലെ വനിത അംഗങ്ങള്‍ക്കൊപ്പം ആഘോഷം പങ്കുവയ്ക്കുന്ന സുഷമ സ്വരാജിന്‍റെ ചിത്രം ഒരു അടയാളപ്പെടുത്തലായി.

വനിത സംവരണ ബില്‍ ലോക്സഭയില്‍ പാസാക്കിയെടുക്കുന്നതിന് മന്‍മോഹന്‍ സിങ് സര്‍ക്കാരിന് കഴിഞ്ഞില്ല. യുപിഎ സഖ്യകക്ഷികളായ സമാജ്‍വാദി പാര്‍ട്ടി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ എതിര്‍പ്പാണ് കാരണം. കോണ്‍ഗ്രസില്‍ നിന്ന് പോലും ബില്ലിനോട് വിയോജിപ്പുണ്ടായി. ‘നേതൃനിരയില്‍ മികവു തെളിയിച്ച സുഷമ സ്വരാജ് പ്രധാനമന്ത്രിയാകുമെന്ന് എല്ലാവരും കരുതിയിരുന്നു. സാഹചര്യങ്ങള്‍ പക്ഷെ മാറി. അത് ബിജെപിയുടെ തീരുമാനം. ആഭ്യന്തര വിഷയം.’ ബൃന്ദ കാരാട്ട് പറഞ്ഞു നിര്‍ത്തി.

സുഷമ സ്വരാജ് പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നവരുണ്ട്. ആഗ്രഹിച്ചിരുന്നവരുണ്ട്. അടല്‍ ബിഹാരി വാജ്പേയി പിന്മാറുകയും എല്‍.കെ അദ്വാനിയുടെ ശബ്ദം ദുര്‍ബലമാകാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ ബിജെപിയെ ലോക്സഭയില്‍ സുഷമ സ്വരാജും രാജ്യസഭയില്‍ അരുണ്‍ ജയ്റ്റ്ലിയും നയിച്ചു. ചരിത്രത്തില്‍ പക്ഷെ, ‘അങ്ങിനെയായിരുന്നെങ്കില്‍’ എന്ന വിലയിരുത്തലുകള്‍ക്ക് ഇടമില്ലല്ലോ..!

English Summary: Brinda Karat Pay Homage To Sushma Swaraj At Her Delhi Residence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com