sections
MORE

അപകടകാരണം ശ്രീറാമിന്റെ ‘അമിത ലഹരി’; നടപടിയില്‍ വെള്ളം ചേർക്കില്ല: മുഖ്യമന്ത്രി

Pinarayi Vijayan Sriram Venkataraman
പിണറായി വിജയൻ, ശ്രീറാം വെങ്കിട്ടരാമൻ
SHARE

തിരുവനന്തപുരം∙ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ അന്വേഷണത്തിലും നിയമനടപടികളിലും വെള്ളം ചേര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെങ്കിലും വെള്ളംചേര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കും. അപകടം സംബന്ധിച്ച് അന്വേഷിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. എന്തുകൊണ്ട് ശ്രീറാമിന്റെ രക്തം പരിശോധിക്കാന്‍ വൈകി. കേസില്‍ ആരുടെയെങ്കിലും ഇടപെടല്‍ ഉണ്ടായോ? ഇതെല്ലാം അന്വേഷിക്കും. ഒരു ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അമിതമായ ലഹരിക്ക് അടിമപ്പെട്ടാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് അപകടം  ഉണ്ടാക്കിയതെന്നാണു പ്രാഥമിക വിവരം. ഇത്തരം കാര്യങ്ങള്‍ അറിയാത്ത ആളല്ലല്ലോ ശ്രീറാമെന്ന് മുഖ്യമന്ത്രി ചോദിച്ചു. അദ്ദേഹം എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് തലത്തിലുള്ള ആളാണ്. അപ്പോള്‍ ആ ധാരണ ഉണ്ടാകുമല്ലോ. നിയമപരമായ കാര്യങ്ങള്‍ അറിയാവുന്നവര്‍ അതു ലംഘിക്കുമ്പോള്‍ ഗൗരവം കൂടും. താന്‍ ചെയ്യുന്നത് തെറ്റാണെന്നു അറിയാതെയല്ല ശ്രീറാം വാഹനമോടിക്കുകയും അപകടം ഉണ്ടാക്കുകയും ചെയ്തത്. 

മദ്യപിച്ച കാര്യം ശ്രീറാം നിഷേധിച്ചെങ്കിലും സമൂഹം അംഗീകരിച്ചിട്ടുണ്ട്. ശ്രീറാമിനെ ആ സമയത്ത് നേരിട്ടു കണ്ടവര്‍ പറയുന്നത് നല്ലതുപോലെ മദ്യപിച്ചിരുന്നു എന്നാണ്. മദ്യപിച്ചവര്‍ വണ്ടിയോടിക്കാന്‍ പാടില്ലെന്നു അദ്ദേഹത്തിന് അറിയാവുന്ന കാര്യമാണ്. ഇനി മദ്യം കഴിച്ചില്ലെങ്കില്‍ പോലും അമിത വേഗതയില്‍ വാഹനം ഓടിക്കരുതെന്ന് അദ്ദേഹത്തിന് അറിയാമല്ലോ. അമിതവേഗതയിലാണ് ശ്രീറാം വാഹനം ഓടിച്ചത്. തെറ്റാണെന്ന പൂര്‍ണ ബോധ്യത്തോടെ തെറ്റു െചയ്യുകയാണ് ചെയ്തത്. നിയമത്തെക്കുറിച്ച് അറിയാത്തയാള്‍ തെറ്റു ചെയ്യുന്നതു പോലെയല്ലിത്. പുതിയ പൊലീസ് സംഘത്തിന്റെ അന്വേഷണത്തില്‍ എല്ലാ കാര്യങ്ങളും ബോധ്യമാകും.

മദ്യത്തിന്റെ അംശം രക്ത പരിശോധനയില്‍ കാണാതിരിക്കാനുള്ള മരുന്ന് ഉപയോഗിച്ചോ എന്നടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും. പഴുതില്ലാത്ത ഗൗരവമായ അന്വേഷണം നടത്തും. ഐഎഎസിലെ മൊത്തം പേരെയും ആക്ഷേപിക്കുന്നത് ശരിയല്ലെന്നു ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ശ്രീറാം തെറ്റു ചെയ്തു. ശ്രീറാമിനു കൂട്ടുനില്‍ക്കുന്നവരെക്കുറിച്ചും അന്വേഷിക്കും.

ഐഎഎസുകാരില്‍ നല്ലതുപോലെ കാര്യങ്ങള്‍ ചെയ്യുന്നവരുമുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് അവര്‍ കൂട്ടുനില്‍ക്കില്ല. ബഷീറിന്റെ കുടുംബത്തെ സഹായിക്കാന്‍ എന്തു ചെയ്യണമെന്നു സര്‍ക്കാര്‍ ആലോചിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് അവര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്‍സിയുടെ  വിശ്വാസ്യത കളങ്കപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

പിഎസ്‍സിയുടെ വിശ്വാസ്യത പ്രധാനമാണെന്നും അതിനെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചില വ്യക്തികള്‍ക്ക് സിവില്‍ പൊലീസ് പരീക്ഷയില്‍ അസാധാരണ നേട്ടമുണ്ടായി എന്ന് ആക്ഷേപം വന്നപ്പോള്‍ പിഎസ്‌സി ആഭ്യന്തരമായി വിജിലന്‍സിനെകൊണ്ട് അന്വേഷിപ്പിച്ചു. ആരുടെയും സമ്മര്‍ദം കൊണ്ടല്ല സ്വന്തമായാണ് പിഎസ്‌സി അക്കാര്യം തീരുമാനിച്ചത്. ആരോപണം ഉയര്‍ന്നതിന്റെ 15-ാം ദിവസം പിഎസ്‌സി അന്വേഷണം പൂര്‍ത്തിയാക്കി. വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ചിലരെ അയോഗ്യരാക്കി.

മുന്‍പും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 2003ല്‍ എല്‍ഡിസി പരീക്ഷ റദ്ദാക്കി. 2010ല്‍ എസ്ഐ പരീക്ഷ റദ്ദാക്കി. ഇതൊന്നും ബാഹ്യ സമ്മര്‍ദത്തിന്റെ ഭാഗമായല്ല. പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്തണമെന്ന പിഎസ്‌സിയുടെ നിലപാടിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്. പിഎസ്‌സിയാണ് ഈ കേസിലും അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്.

ആ സ്ഥാപനത്തിന്റെ വിശ്വാസ്യത കളങ്കപ്പെട്ടിട്ടില്ല എന്നാണ് ഇതു തെളിയിക്കുന്നത്. പിഎസ്‌സി വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പൊലീസിനു കൈമാറുമെന്നു പിഎസ്‌സി പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. പിഎസ്‌സിയുടെ പ്രൊഫഷണലിസം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

English Summary: HC refuses to stay Sriram’s bail; censures police, Response of CM

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA