ADVERTISEMENT

തിരുവനന്തപുരം ∙ പിഎസ്‌സിയുടെ സിപിഒ പരീക്ഷയില്‍ ക്രമക്കേട് നടന്നതു യൂണിവേഴ്സിറ്റി കോളജിലെ ജീവനക്കാരുടെ സഹായത്തോടെയാകാമെന്നു പൊലീസ്. ഇതു സംബന്ധിച്ച് കേസ് റജിസ്റ്റര്‍ ചെയ്തു. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. സംഘത്തില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തുമെന്നു തീരുമാനിച്ചിട്ടില്ല.

പരീക്ഷാ ക്രമക്കേടില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നവരുടെ മൊബൈല്‍ നമ്പര്‍‌ പരിശോധിച്ചപ്പോഴാണ് ഈ നിഗമനത്തെ ശക്തിപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചത്. റജിസ്റ്റര്‍ ചെയ്തശേഷം പിഎസ്‌സി പരീക്ഷ എഴുതാത്തവരുടെ ചോദ്യപേപ്പര്‍ ശേഖരിക്കുന്നതു സെന്ററുകളിലെ (സ്കൂള്‍- കോളജ്) ജീവനക്കാരാണ്. ഇതിന്റെ കണക്ക് പിഎസ്‌സി പരിശോധിക്കാറില്ല. 

യൂണിവേഴ്സിറ്റി കോളജിലെ ചില ജീവനക്കാര്‍ ക്രമക്കേടിനു കൂട്ടുനിന്നതായി പൊലീസ് സംശയിക്കുന്നു. ജീവനക്കാര്‍ വിചാരിച്ചാൽ ചോദ്യപേപ്പർ മൊബൈലിൽ ഫോട്ടോ എടുത്തോ മൊത്തമായോ പുറത്തെത്തിക്കാം. പരീക്ഷാ സമയത്ത് പ്രണവിനു സന്ദേശമയച്ച സുഹൃത്തും എസ്എപി ക്യാംപിലെ പൊലീസുകാരനുമായ ഗോകുലിനെ ചോദ്യം ചെയ്തപ്പോഴും ഈ നിഗമനത്തെ ശക്തിപ്പെടുത്തുന്ന വിവരങ്ങള്‍ ലഭിച്ചു. തട്ടിപ്പിന് ചൈനീസ് സ്മാര്‍ട് വാച്ച് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

മുഖ്യ പ്രതികൾക്ക് ഉന്നത റാങ്ക്

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികള്‍ സിവിൽ പൊലീസ് ഓഫിസര്‍ റാങ്ക് പട്ടികയില്‍ മുന്നിലെത്തതോടെയാണ് പരീക്ഷ വിവാദത്തിലായത്. ഹൈടെക് സെല്ലിന്റെ സഹായത്തോടെ പിഎസ്‌സി വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വലിയ ക്രമക്കേടിന്റെ ചുരുളഴിഞ്ഞു. പരീക്ഷാ ക്രമക്കേടില്‍ ആരോപണം ഉയര്‍ന്ന ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും നസീമിന്റെയും മൊബൈല്‍ നമ്പറുകള്‍ ഹൈടെക് സെല്ലിന്റെ സഹായത്തോടെ വിജിലന്‍സ് പരിശോധിച്ചു. പിഎസ്‌സിയുടെ ഒറ്റത്തവണ റജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തിയിരുന്ന ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും ഫോണിലേക്കു പരീക്ഷാ സമയത്ത് നിരവധി സന്ദേശങ്ങള്‍ വന്നതായി കണ്ടെത്തി.

കുത്തുകേസിലെ ഒന്നാം പ്രതിയും സിവിൽ പൊലീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരനുമായ ശിവരഞ്ജിത്തിന് 96ഉം, 17ാം പ്രതിയും പരീക്ഷയിലെ രണ്ടാം റാങ്കുകാരനുമായ പ്രണവിന് 78ഉം സന്ദേശങ്ങളാണു വന്നത്. പുറത്തുനിന്ന് ഉത്തരങ്ങള്‍ സന്ദേശമായി ലഭിച്ചുവെന്നാണു പൊലീസ് സംശയിക്കുന്നത്. പരീക്ഷയിലെ 28ാം റാങ്കുകാരനും കുത്തുകേസിലെ രണ്ടാം പ്രതിയുമായ നസീം പിഎസ്‌സിയില്‍ റജിസ്റ്റര്‍ ചെയ്ത ഫോണിലേക്ക് പരീക്ഷാസമയത്ത് സന്ദേശങ്ങളെത്തിയില്ല. നസീം മറ്റൊരു ഫോണ്‍ ഉപയോഗിച്ച് ക്രമക്കേട് നടത്താനുള്ള സാധ്യതകളെക്കുറിച്ച് വിജിലന്‍സ് അന്വേഷിച്ചു. ഇതോടൊപ്പം, നസീം പിഎസ്‌സിയില്‍ റജിസ്റ്റര്‍ ചെയ്ത ഫോണ്‍ പരീക്ഷാസമയത്ത് എവിടെയായിരുന്നെന്നും അന്വേഷിച്ചു.

യൂണിവേഴ്സിറ്റി കോളജിനടുത്തു പാളയത്താണു ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. സംശയിക്കുന്ന മറ്റു ചിലരുടെ ഫോണും യൂണിവേഴ്സിറ്റി കോളജ് പരിസരത്തായിരുന്നു. പ്രണവിന്റെ ഒരു സുഹൃത്ത് പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തെങ്കിലും എഴുതിയില്ലെന്നും ഇയാളുടെ ഫോണില്‍നിന്ന് പരീക്ഷാ സമയത്ത് പ്രണവിനു നിരവധി സന്ദേശങ്ങള്‍ ലഭിച്ചെന്നും വ്യക്തമായി. സാധാരണ മൊബൈല്‍ കമ്പനികള്‍ മൊബൈല്‍ രേഖകള്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സൂക്ഷിക്കാറില്ല. അവരുടെ മാസ്റ്റര്‍ സ്റ്റോറേജില്‍ ഈ രേഖകള്‍ കാണുമെങ്കിലും ലഭിക്കുന്നത് എളുപ്പമല്ല. ഉന്നത ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥന അനുസരിച്ചാണു മൊബൈല്‍ കമ്പനികള്‍ ഹൈടെക് സെല്ലിനു രേഖകള്‍ കൈമാറിയത്.

ഹൈടെക് സെല്ലിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ വലിയ അട്ടിമറി സാധ്യത മനസിലാക്കിയ പിഎസ്‌സി വിജിലന്‍സ് അന്വേഷണം പൊലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ടു. ഇന്നലെ ഡിജിപിയുടെ നിര്‍ദേശാനുസരണം ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി. അന്വേഷണ സംഘത്തെ രൂപീകരിച്ചില്ലെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശനുസരണം ഗോകുലിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതുവരെയുള്ള അന്വേഷണം ശരിയായ ദിശയിലാണെന്നു പൊലീസിനു മനസിലായത്.

ജീവനക്കാരനു ചോര്‍ത്തൽ എളുപ്പം

പിഎസ്‌സി പരീക്ഷാ കേന്ദ്രങ്ങളിൽ ചോദ്യപേപ്പർ കൈകാര്യം ചെയ്യുന്നതു യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ്. പരീക്ഷ നടക്കുന്ന സെന്ററിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ വിചാരിച്ചാൽ പോലും ചോദ്യങ്ങൾ നിസാരമായി ചോർത്താം. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ എഴുതുന്ന എൽഡിസി, സിവിൽ പൊലീസ് ഒാഫിസർ പോലെയുള്ള പരീക്ഷകൾ ഉച്ചയ്ക്ക് രണ്ടു മുതൽ 3.15 വരെയാണു നടക്കുന്നത്. ഉദ്യോഗാർഥികൾ 1.30നുതന്നെ പരീക്ഷാ കേന്ദ്രത്തിൽ എത്തണം. ‌രണ്ടു മണിക്കേ ചോദ്യം വിതരണം ചെയ്യൂ.

20 പേരാണ് ഒരു ക്ലാസിൽ പരീക്ഷ എഴുതുന്നത്. കുറപ്പേർ പരീക്ഷ എഴുതാനെത്തില്ല. ഈ രീതിയിൽ അധികം വരുന്ന ചോദ്യപേപ്പറുകൾ പരീക്ഷാ കേന്ദ്രത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണു ശേഖരിക്കുന്നത്. അവര്‍ വിചാരിച്ചാൽ ചോദ്യപേപ്പർ പുറത്തെത്തിക്കാം. അധികം വരുന്ന ഉത്തരക്കടലാസുകളുടെ കണക്കെടുക്കാറുണ്ടെങ്കിലും ചോദ്യപേപ്പറുകളുടെ കണക്ക് പിഎസ്‌സി സൂക്ഷിക്കാറില്ല. അധികം വരുന്ന ചോദ്യപേപ്പർ പരീക്ഷാ കൺട്രോളറുടെ ഒാഫിസിനടുത്തുള്ള കാർഷെഡിൽ കൂട്ടിയിടുകയാണു പതിവ്. 

ലുക്ക് ഔട്ട് നോട്ടിസ്

വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ ഒളിവിൽ പോയവര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. അരുണ്‍കുമാര്‍, മുഹമ്മദ് അസ്‌ലം, ഹരീഷ്, അമര്‍, നസീം, രഞ്ജിത്ത് ഭാസ്കര്‍, മുഹമ്മദ് ഇബ്രാഹിം, പ്രണവ്, നന്ദകിഷോര്‍, നിഥിന്‍, ഹൈദര്‍ ഷാനവാസ് എന്നിവര്‍ക്കായാണു തിരച്ചിൽ നോട്ടിസ് ഇറക്കിയത്.

English Summary: SFI members PSC CPO exam malpractice, University College employees in suspect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com