ADVERTISEMENT

ന്യൂ‍ഡൽഹി∙  കശ്മീര്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് സേനയെ പിന്‍വലിക്കുമെന്ന് പാക്കിസ്ഥാന്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികവിന്യാസം നടത്താനാണിതെന്ന് യുഎസിലെ പാക്ക് അംബാസിഡര്‍ അസാദ് മജീദ് ഖാന്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ നീക്കം അഫ്ഗാനിസ്ഥാനില്‍ സമാധാന സ്ഥാപനത്തിനുള്ള അമേരിക്കന്‍ നീക്കത്തെ ബാധിക്കും. കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയെ സമീപിക്കാനുള്ള പാക്ക് നീക്കം പൊളിഞ്ഞതിനു പിന്നാലെയാണ് പുതിയ നീക്കം. 

ലഡാക്കിനു സമീപമുള്ള പാക്കിസ്ഥാന്റെ ഫോർവേഡ് ബേസായ സ്കർദുവിൽ യുദ്ധവിമാനങ്ങളും ഉപകരണങ്ങളും പാക്കിസ്ഥാൻ വൻതോതിൽ വിന്യസിക്കുന്നതായി  രഹസ്യാന്വേഷണ ഏജൻസികൾ വിവരം നൽകിയതിനു പിന്നാലെ പാക്ക് സൈനികനീക്കം ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ചൈനീസ് സഹായത്തോടെ നിർമിച്ച ജെ.എഫ്-17 യുദ്ധവിമാനങ്ങളും വിന്യസിക്കാനുള്ള സാധ്യതയും കൂടുതലാണ്. പാക്കിസ്ഥാന്‍റെ നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏത് നീക്കത്തെയും ചെറുക്കാൻ സൈന്യം സജ്ജമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കശ്മീരിന്‍റെ പ്രത്യേക പദവി നീക്കിയ ഇന്ത്യൻ സര്‍ക്കാരിന്‍റെ നടപടിക്കു പിന്നാലെയാണ് ഇന്ത്യൻ അതിര്‍ത്തിയിൽ പാക്കിസ്ഥാൻ സൈനിക നീക്കം നടത്തിയത്. പാക്ക്  വ്യോമസേനയുടെ സി 130 വിമാനങ്ങള്‍ ഉപയോഗിച്ചാണ്  ലഡാക്കിനോട് ചേര്‍ന്നു കിടക്കുന്ന സ്കര്‍ദു എയര്‍ബേയ്സിലേക്ക് യുദ്ധോപകരണങ്ങള്‍ എത്തിക്കുന്നത്.  ഇന്ത്യൻ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്കര്‍ദു എയര്‍ബേയ്സ് പുതുതായി രൂപീകരിച്ച ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി നീക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി പാക്കിസ്ഥാൻ രാജ്യാന്തര വിവാദമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പുതിയ സൈനിക നീക്കം.

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയെക്കാള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികവിന്യാസം ആവശ്യമായി വന്നിരിക്കുകയാണെന്ന് അംബാസിഡര്‍ അസാദ് മജീദ് ഖാന്‍ രാജ്യാന്തര മാധ്യമത്തിനു നൽകി അഭിമുഖത്തില്‍ വ്യക്തമാക്കി. അഫ്ഗാനും കശ്മീരും വ്യത്യസ്ത വിഷയങ്ങളെങ്കിലും സൈനിക വിന്യാസത്തിന്‍റെ കാര്യത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഇസ്ലമാബാദിന്‍റെ നിലപാട്. ഈ നിലപാട് അമേരിക്കയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. താലിബാനുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ നിന്ന്  അയ്യായിരത്തിലേറെയുള്ള യുഎസ് സൈനികരെ പിന്‍വലിക്കാനിരിക്കുകയാണ് വാഷിങ്ടണ്‍. താലിബാനുമായി ചര്‍ച്ചകള്‍ നടത്തി രണ്ട് ദശാബ്ധം നീണ്ട അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാനായിരുന്നു ട്രംപ് സര്‍ക്കാരിന്‍റെ പദ്ധതി.

എന്നാല്‍ പാക്ക് സൈന്യം കൂടി പിന്‍വാങ്ങുന്നത് മേഖലയില്‍ താലിബാന്‍റെ ശക്തി വര്‍ധിപ്പിക്കും. കശ്മീര്‍ വിഷയത്തില്‍ അമേരിക്കയെ സമ്മര്‍ദത്തിലാക്കാനും ഇതുവഴി പാക്കിസ്ഥാന്‍ സാധിക്കും.  ഇന്ത്യയുമായുള്ള ബന്ധം ഏറ്റവും മോശമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് അസാദ് മജീദ് ഖാന്‍ പറഞ്ഞു. രണ്ട് വലിയ ആണവശക്തികള്‍ തമ്മിലുള്ള ബന്ധം വഷളായാല്‍ സംഭവിക്കാവുന്നത് എന്താണെന്ന് ഉൗഹിക്കാമല്ലോയെന്നും ഖാന്‍ ചോദിച്ചു.

അതേസമയം ജമ്മുകശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയെ സമീപിക്കാനുള്ള  പാക്കിസ്ഥാന്‍ നീക്കം സുരക്ഷസമിതി പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന പോളണ്ട് തള്ളി. അഭിപ്രായഭിന്നതകള്‍ ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് പോളണ്ട് ആവശ്യപ്പെട്ടു. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിന് പിന്നാലെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ പോളണ്ട് വിദേശകാര്യമന്ത്രിയുമായി ആശയവിനിമയം നടത്തിയിരുന്നു.

English Summary: Pakistan deploying fighter jets to Skardu near Ladakh, India watching closely

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com