ADVERTISEMENT

കോഴിക്കോട്∙ പ്രളയജലമിറങ്ങിയതോടെ അഭയം തേടി ദുരിതാശ്വാസ ക്യാംപിലെത്തിയ കുടുംബങ്ങൾ തിരികെ പോയപ്പോഴും തിരികെ പോകാനോ സ്വന്തമെന്നു പറയാനോ ആരുമില്ലാതെ പകച്ചുനിന്ന മാനുഷ എന്ന നാലാംക്ലാസുകാരിയെ നെഞ്ചോട് ചേർത്തു പിടിക്കുകയാണ് കേരളം. തെരുവു സർക്കസുകാരനായ രാജു ക്യാംപിൽ കുഴഞ്ഞു വീണ് മരിച്ചതോടെ രാജുവിന്‍റെ മക്കൾ എങ്ങോട്ട് പോകണമെന്നറിയാതെ ക്യാംപിൽ തന്നെ തുടർന്നു. നേരത്തെ അമ്മ ഉപേക്ഷിച്ചു പോയ മാനുഷയ്ക്കും സഹോദരൻമാർക്കും കല്ല് കാലാക്കിയ ഒരു കട്ടിൽ ‍മാത്രമാണ് സ്വന്തമായി ഉണ്ടായിരുന്നതും. 

മാനുഷയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന രതീഷ് എന്ന വ്യക്തി രംഗത്തെത്തിയതായി കോഴിക്കോട് ജില്ലാകലക്ടർ എസ്. സാംബശിവറാവു മനോരമ ഓൺലൈനോട് പറഞ്ഞു. നിരവധി പേർ മാനുഷയെ സഹായിക്കാൻ രംഗത്തു വന്നിട്ടുണ്ട്. ദത്തുനൽകുന്നത് ഉൾപ്പെടെയുള്ള നിയമപരമായ കാര്യങ്ങൾ പരിശോധിക്കുകയാണ്. മാനുഷയെ സഹായിക്കാൻ നിരവധി പേർ രംഗത്തു വരുന്നതിൽ സന്തോഷം, മാനുഷയുടെ രണ്ട് സഹോദരൻമാരെ കൂടിയും സുരക്ഷിതരാക്കേണ്ടതുണ്ടെന്ന് കലക്ടർ എസ് സാംബശിവറാവു മനോരമ ഓൺലൈനോട് പറഞ്ഞു. 

മാവൂർ പഞ്ചായത്ത് അധികൃതരാണ് നിലവിൽ മാനുഷയ്ക്കു അഭയം ഒരുക്കിയിരിക്കുന്നത്. സ്ഥിരം സംവിധാനം ഉണ്ടാകുന്നതുവരെ താമസിക്കാന്‍ മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കണ്ണിപറമ്പ് വൃദ്ധസദനമാണ് മനുഷയ്ക്കും സഹോദരൻമാർക്കും അധികൃതര്‍ അനുവദിച്ചത്. സാധ്യമായ എല്ലാ സഹായങ്ങൾക്കും മാനുഷയ്ക്കും സഹോദരങ്ങൾക്കുമായി ചെയ്യുന്നുണ്ടെന്നും  മാവൂർ പഞ്ചായത്ത് പ്രസിഡന്റ്  മുനീറത്ത് സി. മനോരമ ഓൺലൈനോട് പറഞ്ഞു. ദത്തെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് നിരവധിയാളുകൾ വിളിക്കുന്നുണ്ടെന്നും താത്പര്യമുള്ളവർ കോഴിക്കോട് ജില്ലാ കലക്ടറെ സമീപിക്കണമെന്നും മുനീറത്ത് മനോരമ ഓൺലൈനോട് പറഞ്ഞു.. 

നേരത്തെ അമ്മ ഉപേക്ഷിച്ച് പോയ മാനുഷയുടെ വീടെന്ന് വിളിക്കാവുന്ന ഷെഡും മഴവെള്ളപ്പാച്ചിലിൽ തകർന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ നിരവധിയാളുകളാണ് മാനുഷയ്ക്കു സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്.  11 വർഷം കുട്ടികളില്ലാതെ വിഷമിച്ചിരിക്കുന്ന ജിതീഷും ഭാര്യയും തങ്ങളുടെ വാടകവീട്ടിലേക്കു മാനുഷയെ സ്വാഗതം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ജിതീഷിന്റെ നല്ല മനസ് കണ്ട് ജിജു ജേക്കബ്  മൂഞ്ഞേലി എന്ന വ്യക്തി ഇവർക്ക് എറണാകുളത്ത് സ്വന്തമായി ഒരു കൊച്ചുവീട് നൽകാമെന്ന വാഗ്ദാനം നൽകി. ദത്തെടുക്കൽ നിയമപ്രകാരം സ്വന്തമായി സ്വത്തുള്ളവർക്കു മാത്രമേ ദത്തെടുക്കാൻ അവകാശമുള്ളൂ. മാനുഷയെ ജിതീഷും  ഭാര്യയും കൈവിടില്ലെങ്കിൽ എറണാകുളം എളക്കുന്നപ്പുഴയിൽ അവർക്ക് സ്വന്തമായി ഒരു ചെറിയ വീട് നൽകാമെന്നാണ് ജിജുവിന്റെ വാഗ്ദാനം.

അങ്കമാലി പവിഴപൊങ്ങ് സ്വദേശി മിനി വിവേകും മാനുഷയെ ദത്തെടുക്കാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തി. ഇസ്രായേലിൽ നഴ്സായി ജോലി ചെയ്തിരുന്ന മിനിക്ക് രണ്ട് ആൺമക്കൾക്കു ശേഷം ഒരു പെൺകുഞ്ഞ് വേണമെന്ന അതിയായ ആഗ്രഹമാണ് ഈ തീരുമാനത്തിൽ എത്തിച്ചത്. ജിജു ജേക്കബ് മൂഞ്ഞേലിയുടെ പോസ്റ്റിൽ നിന്നാണ് കുഞ്ഞിനെ കുറിച്ച് അറിഞ്ഞത്. നിയമവശങ്ങൾ ഒന്നും അറിയില്ലെന്നും അർഹതയുണ്ടെന്ന് അധികാരികൾക്കു തോന്നുന്ന പക്ഷം മാനുഷയെ സ്വീകരിക്കാൻ തയാറാണെന്നും മിനി വിവേക് മനോരമ ഓൺലൈനോട് പറഞ്ഞു. സംവിധായകൻ സുഗീത്, സംഗീത സംവിധായകൻ രാഹുൽ രാജ് തുടങ്ങിയവരും മാനുഷയുടെ വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

കനത്ത മഴയിലും കാറ്റിലുംപെട്ട് ഇവരുടെ പുറമ്പോക്കിലെ കൂര പറന്ന് പോയതോടെയാണ്  രാജുവും മാനുഷയും അടക്കമുള്ള കുടുംബാംഗങ്ങൾ ദുരിതാശ്വാസ ക്യാംപിലെത്തിയത്. രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് രാജു ക്യാംപിൽ കുഴഞ്ഞു വീണ് മരിച്ചു. മണക്കാട് സ്കൂളിൽ ‍നാലാംക്ലാസിലാണ് മാനുഷ പഠിച്ചിരുന്നത്. 22 വർഷമായി രാജു താമസിച്ചിരുന്ന ഷെഡാണ് മഴവെള്ളപ്പാച്ചിലിൽ തകർന്നത്. മണക്കാട് യു.പി സ്കൂളിലെ ക്യാംപ് തിങ്കളാഴ്ച ഉച്ചയോടെ  പിരിച്ചുവിട്ടു. രാജുവിന്റെ സംസ്കാരത്തിനു ശേഷം എങ്ങോട്ടു പോകണമെന്നറിയാത്ത നിന്നിരുന്ന കുഞ്ഞുങ്ങളെ ജനപ്രതിനിധികളും നാട്ടുകാരും കൂടിയാലോചിച്ച ശേഷം താത്കാലികമായി അടുത്തുള്ള വൃദ്ധസദനത്തിൽ പാർപ്പിക്കാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. 

English Summary: Manusha the girl who lost her father in relief camp gets aid from social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com