ADVERTISEMENT

ചെന്നൈ∙ കൊച്ചിയിലെ ബ്രോഡ് വേ എന്നതു ചെന്നൈയിലെ കോടമ്പാക്കമാകും. പേരിനും മാറ്റം വരും. നൗഷാദെന്നതു കെ.പി.എം.ഭരതനാകും. എന്നാൽ, സ്വന്തം പ്രവൃത്തിയിലൂടെ സമൂഹത്തിലേക്കു അവർ പ്രസരിപ്പിക്കുന്ന നന്മയുടെ സന്ദേശത്തിന് എല്ലായിടത്തും ഒറ്റ പേരാണ്- മനുഷ്യത്വം, സഹജീവി സ്നേഹം. കേരളത്തിലേക്കു ദുരിതാശ്വാസ വസ്തുക്കൾ സംഭരിക്കുന്നതിനായി കോടമ്പാക്കത്തെ ഓഫിസിൽ എയ്മ നടത്തുന്ന കലക്ഷൻ സെന്ററിൽ കെ.പി.എം.ഭരതൻ എന്ന പഴയ പട്ടാളക്കാരനെത്തിയതു ഒരു ബൈക്കും ഓട്ടോയുമായാണ്. കമ്പിളി മുതൽ കുട്ടികൾക്കുള്ള ഉടുപ്പു വരെയുള്ള വസ്തുക്കൾ. എല്ലാം സ്വന്തം പണം നൽകി വാങ്ങിയത്.

ചെന്നൈയിൽ ഇത്തവണ ഒട്ടേറെ സംഘടനകൾ കേരളത്തിലേക്കു ദുരിതാശ്വാസ സാമഗ്രികൾ സംഭരിക്കുന്നുണ്ട്. എല്ലാവർക്കും പങ്കുവയ്ക്കാനുള്ളതു ഒരേ കാര്യം- കഴിഞ്ഞ വർഷത്തേതു പോലെയുള്ള പ്രതികരണമില്ല. കോഴിക്കോട് കുരുവട്ടൂർ ചെറുവറ്റക്കാരനായ ഭരതൻ കഴിഞ്ഞ പ്രളയകാലത്ത് നാട്ടിലായിരുന്നു. അന്നു പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായി. ദുരിത ബാധിതർക്കു സ്വന്തം നിലയ്ക്കു കഴിയാവുന്ന സഹായങ്ങൾ ചെയ്തു. ഇത്തവണ അതിലും വലുതു ചെയ്യണമെന്ന ആഗ്രഹമായാണു ഓട്ടോയിലും ബൈക്കിലും നിറയെ വസ്തുക്കളായി എയ്മയുടെ കലക്ഷൻ സെന്ററിലെത്തിയത്.

കമ്പിളി, ഡെറ്റോൾ, സാനിറ്ററി നാപ്കിൻ, കുട്ടികൾക്കുള്ള ഉടുപ്പുകൾ, സോപ്പുപൊടി തുടങ്ങിയ വസ്തുക്കളാണു വാങ്ങി നൽകിയത്. 22 വർഷം ഇന്ത്യൻ സൈന്യത്തിലായിരുന്ന ഭരതൻ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിലെ ജൂനിയർ കമ്മിഷൻഡ് ഓഫിസറായാണു വിരമിച്ചത്. ചെറുപ്പത്തിലെ കഷ്ടപ്പാടിന്റെ വഴികൾ മറന്നിട്ടില്ലാത്തതിനാൽ സഹജീവികൾക്കു നേരെ കാരുണ്യത്തിന്റെ കരം നീട്ടാനുള്ള അവസരങ്ങളൊന്നും പാഴാക്കിയില്ല. സൈന്യത്തിൽ‌നിന്നു വിരമിച്ചു തമിഴ്നാട് പൊലീസിന്റെ സ്പെഷൽ വിങ്ങിൽ കുറച്ചു കാലം ജോലി ചെയ്തു. ഇപ്പോൾ വിമാനത്താവളത്തിൽ സ്വകാര്യ ഏജൻസിയിൽ ജീവനക്കാരനാണ്.

15 വർഷത്തിലേറെയായി വിശേഷ ദിവസങ്ങളിൽ സ്കൂട്ടറിനു പിന്നിൽ പൊതിച്ചോറുമായി ഭരതൻ തെരുവിലേക്കിറങ്ങും. ഓണം, വിഷു, ക്രിസ്മസ്, ഈദ്, പൊങ്കൽ, ദീപാവലി ദിവസങ്ങളിലെങ്കിലും ആരും വിശന്നിരിക്കുന്നില്ലെന്നുറപ്പാക്കും. ചുറ്റുമുള്ള മനുഷ്യരെ സഹായിക്കുകയെന്നതു ഭരതനു ജീവിതത്തിലെ ശീലങ്ങളിലൊന്നാണ്. പ്രളയത്തിലും മുങ്ങിപ്പോകാത്ത ഇത്തരം നന്മകളല്ലേ ഭൂമിയെ കൂടുതൽ സുന്ദരമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com