ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരം മുതൽ എറണാകുളം വരെ സ്വന്തം കാറിൽ സഞ്ചരിച്ചു പ്രളയബാധിതർക്കായി സാമഗ്രികൾ സ്വരൂപിച്ച് നടൻ ടിനി ടോം. ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം പട്ടത്ത് നിന്ന് ശശി തരൂർ എംപി തുടക്കം കുറിച്ച യാത്ര രാത്രി എട്ടിന് എറണാകുളത്തെത്തിയപ്പോൾ സ്വന്തം എസ്‌യുവി നിറഞ്ഞതിനാൽ മറ്റ് രണ്ട് മിനി ലോറികൾ കൂടി പിടിച്ചാണ് സാമഗ്രികൾ എത്തിച്ചത്.

ശേഖരിച്ച സാധനങ്ങൾ രാത്രി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അൻപോട് കൊച്ചിയുടെ കലക്ഷൻ സെന്ററിനു കൈമാറി. നടൻ ഇന്ദ്രജിത്താണ് സാധനങ്ങൾ ഏറ്റുവാങ്ങിയത്. ഇന്ദ്രജിത്തും പൂര്‍ണിമയുമാണ് അന്‍പോട് കൊച്ചിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ദുരിതാശ്വാസ യജ്ഞത്തിനിറങ്ങുന്ന കാര്യം ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചാണ് ടിനി യാത്ര തുടങ്ങിയത്. സുഹൃത്തുക്കളായ മനു, യാസിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിൽ നൽകിയിരുന്ന ഫോൺ നമ്പറിലേക്ക് സഹായ വാഗ്ദാനവുമായി നിരവധി വിളികളെത്തി. ദേശീയപാതയിലൂടെയുള്ള യാത്രയിൽ അവരെല്ലാം വിവിധ കേന്ദ്രങ്ങളിലായി സാധനങ്ങൾ എത്തിച്ചു

‘പാവപ്പെട്ടവരാണ് സാധനങ്ങളുമായി കാത്തുനിന്നത്. ആലപ്പുഴയിൽ ഏഴാം ക്ലാസുകാരൻ അമ്മയോട് പറഞ്ഞ് ഒരു കിറ്റ് സാധനങ്ങളുമായെത്തി. ദുരിതം അനുഭവിക്കുന്നവരോടുള്ള അവരുടെയെല്ലാം കരുതൽ വിലമതിക്കാനാവാത്തതാണ്’- ടിനി പറ‍ഞ്ഞു.

ദുരിതാശ്വാസ ക്യാംപിൽ നിന്ന് രക്ഷാപ്രവർത്തനത്തിനു പോയപ്പോൾ‌ ജീവൻ നഷ്ടപ്പെട്ട കോഴിക്കോട് എറഞ്ഞിരക്കാട്ട് സ്വദേശി ലിനുവിന്റെ കുടുംബത്തിന് നടൻ ജയസൂര്യ 5 ലക്ഷം രൂപ കൈമാറി. ലിനുവിന്റെ അമ്മയെ ഫോണിൽ വിളിച്ച് സംസാരിച്ച ജയസൂര്യ എന്താവശ്യത്തിനും  കൂടെയുണ്ടാവുമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com