sections
MORE

പ്രളയബാധിതർക്കു പിന്തുണ; കശ്മീരിൽ നടപ്പാക്കിയത് പട്ടേലിന്റെ സ്വപ്നം: പ്രധാനമന്ത്രി

pm-narendra-modi-at-redfort
സ്വാതന്ത്രദിനത്തിൽ ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു. ടിവി ചിത്രം ∙ കടപ്പാട് – ദൂരദർശൻ
SHARE

ന്യൂഡൽഹി ∙ രാജ്യത്തെ വിവിധ ഇടങ്ങളിൽ പ്രളയത്തിൽ ഉഴലുന്നവർക്കു പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനുച്ഛേദം 370 ഒഴിവാക്കിയതോടെ കശ്മീരിൽ സർക്കാർ നടപ്പാക്കിയത് സർദാർ വല്ലഭായ് പട്ടേലിന്റെ സ്വപ്നമാണ്. എഴുപത്തിമൂന്നാം സ്വാതന്ത്രദിനത്തിന്റെ നിറവിൽ ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ത്രിവർണ പതാകയുയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ സ്മരിച്ചും രാജ്യത്തെ വിവിധയിടങ്ങളിലുണ്ടായ പ്രളയത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയുമാണ് തന്റെ രണ്ടാം സർക്കാരിനു കീഴിൽ ആദ്യമായി നടത്തിയ സ്വാതന്ത്രദിന പ്രസംഗം പ്രധാനമന്ത്രി ആരംഭിച്ചത്.

പ്രളയത്തിൽ വലിയൊരു വിഭാഗം പൗരന്മാർ കഷ്ടപ്പെടുന്നു. പ്രളയരക്ഷാപ്രവർത്തനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കും. ദാരിദ്രനിർമാർജനവും പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിനാണ് മുത്തലാഖ് നിരോധിച്ചത്. മുത്തലാഖ് നിരോധനത്തിലൂടെ മുസ്‌ലിം സ്ത്രീകൾക്ക് സർക്കാർ നീതി നടപ്പാക്കി. മുസ്‌ലിം സഹോദരിമാർക്കും അമ്മമാർക്കും മേൽ തൂങ്ങി നിന്ന വാളായിരുന്നു മുത്തലാഖ്. അവരെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അത് അനുവദിച്ചില്ല. പല ഇസ്‌ലാമിക രാജ്യങ്ങളും ഇത് വളരെ മുൻപ് നിരോധിച്ചിരുന്നു. എന്നാൽ എന്തു കൊണ്ടോ ഇന്ത്യയിൽ അത് നടപ്പാക്കിയിരുന്നില്ല. സതി നടപ്പാക്കുന്നതിനെതിരെ ശബ്ദമുയർത്താൻ നമുക്കായെങ്കിൽ മുത്തലാഖിനെതിരെയും അതിനാകണം. അംബേദ്കറുടെ ഭാവന ഉൾക്കൊണ്ട് ജനാധിപത്യത്തിന്റെ പൊരുൾ ഉൾക്കൊണ്ടാണ് സർക്കാർ മുത്തലാഖ് നിരോധിച്ചതെന്ന് മോദി പറഞ്ഞു.

പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന സർക്കാരല്ലിത്. ഏഴുപതു വർഷമായി ചെയ്യാനാകാത്തത് 70 ദിവസത്തിനകം നടപ്പാക്കാൻ പുതിയ സർക്കാരിനായെന്ന് ഇരുസഭകളും കശ്മീർ വിഷയം സംബന്ധിച്ച ബിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കിയത് പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ലഡാക്കിലെയും ജമ്മു കശ്മീരിലെയും ജനങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. 130 കോടി ജനങ്ങളും അതിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കുടിവെള്ളമില്ലാത്ത നിരവധി വീടുകൾ രാജ്യത്തുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ എല്ലാ പൗരന്മാർക്കും കുടിവെളളം ലഭ്യമാക്കുന്നതിനായി ജൽ ജീവൻ മിഷൻ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി 3.5 ലക്ഷം കോടി രൂപ വകയിരുത്തും. എല്ലാവർക്കും കുടിവെള്ളം എന്ന ലക്ഷ്യത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നിച്ചു പ്രവർത്തിക്കും. പിന്നിട്ട എഴുപതു വർഷം ചെയ്തതിനേക്കാൾ നാലു മടങ്ങ് ഏറെ ഇതിനായി ചെയ്യേണ്ടതുണ്ട്. ജൽ ജീവൻ മിഷൻ ഒരു സർക്കാർ പദ്ധതി മാത്രമാവില്ല. സ്വച്ഛതാ മിഷൻ എന്ന ദൗത്യത്തിലേതു പോലെ ഇത് ജനപങ്കാളിത്തം ഉറപ്പാക്കുന്ന ദൗത്യമാക്കാനാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. എല്ലാവർക്കും ആരോഗ്യമെന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി സ്വാതന്ത്രദിനപ്രസംഗത്തിൽ പറഞ്ഞു.

രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. വിവിധ സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമായിരുന്നു ചെങ്കോട്ടയിൽ അദ്ദേഹം പതാകയുയര്‍ത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA