ADVERTISEMENT

ഇന്ത്യയുടെ അഭിമാനമുയർത്തി അഭിനന്ദൻ വർധമാൻ അതിർത്തിയിൽ പാക്ക് പോർവിമാനങ്ങളുമായി യുദ്ധം ചെയ്യുമ്പോൾ അണിയറയിൽ എല്ലാത്തിനും ചുക്കാൻ പിടിച്ചത് ഒരു വനിതയായിരുന്നു, മിന്റി അഗർവാൾ എന്ന വ്യോമസേന സ്ക്വാഡ്രൻ ലീഡർ. യുദ്ധ സേവാ പുരസ്കാരം കരസ്ഥമാക്കുന്ന ആദ്യ വനിതാ വ്യോമസേനാംഗമാണു മിന്റി. അഭിനന്ദന്റെ പോരാട്ടവീര്യത്തിന് എണ്ണ പകർന്ന പെൺകരുത്തിനെ വാഴ്‍ത്തുകയാണു രാജ്യം.

പുൽവാമയിൽ സൈനികർക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടിയായിരുന്നു പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണം. ഇവിടെയുള്ള ഭീകരക്യാംപുകൾ വ്യോമസേന തകർത്തു. ബാലാക്കോട്ട് ആക്രമണത്തിൽ മാരകമായി മുറിവേറ്റ ശത്രുരാജ്യം തിരിച്ചടിക്കുമെന്നു സേന കണക്കുകൂട്ടി, ഒരുങ്ങിയിരുന്നു. ഒരു ദിവസത്തിനുശേഷം, 2019 ഫെബ്രുവരി 27ന് പാക്കിസ്ഥാൻ വ്യോമാക്രമണവുമായി മാനം കാക്കാനിറങ്ങി. പക്ഷേ, അചഞ്ചലരായ ഇന്ത്യൻ സൈനികർക്കു മുന്നിൽ ശത്രുസൈന്യം വിറച്ചു, മുട്ടുമടക്കി.

ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ മിഗ് 21 പോര്‍വിമാനത്തില്‍ പറന്നെത്തി പാക്കിസ്ഥാന്റെ എഫ്–16 യുദ്ധവിമാനം വെടിവച്ചിട്ടതു രാജ്യം മാത്രമല്ല, ലോകം മുഴുവനും അദ്ഭുതത്തോടെയാണു കേട്ടത്. അത്രയ്ക്കും അസാധ്യമെന്നു തോന്നിയ കാര്യമാണ് അഭിനന്ദനിലെ ആകാശപ്പോരാളി ആത്മധൈര്യത്താൽ സ്വന്തമാക്കിയത്. അഭിനന്ദൻ യുദ്ധവിമാനവുമായി പുറപ്പെട്ടതു മുതൽ അദ്ദേഹത്തിനു നിർദേശങ്ങൾ നൽകിയിരുന്നതു മിന്റിയായിരുന്നു. യുദ്ധവിമാനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകുന്ന ഏഴംഗ സംഘത്തിലായിരുന്നു മിന്റി.

എതിരാളിയുടെ വിമാനങ്ങളെക്കുറിച്ച് കൃത്യമായ സൂചനകൾ മിന്റി നൽകിയതിനാലാണ് അഭിനനന്ദന് സേനയുടെയും രാജ്യത്തിന്റെയും അഭിമാനം സംരക്ഷിക്കാനായത്. അഭിനന്ദന്‍റെ മിഗ് 21 വിമാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് മിന്റി പിന്തുടർന്നു, മുന്നോട്ടു നയിച്ചു. ‘പറക്കുന്ന ഏത് വസ്തുവിനെയും കണ്ടെത്തുന്ന മികച്ച സെന്‍സറുകളാണു കൺട്രോൾ റൂമിലുള്ളത്. ബാലാക്കോട്ടിനു പ്രത്യാക്രമണം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എല്ലാ ദിവസത്തേയും പോലെ, അതിനേക്കാൾ ജാഗ്രതയിലായിരുന്നു ഞങ്ങൾ. റഡാറിൽ ചുവന്ന പൊട്ടുകൾ ശ്രദ്ധയിൽപ്പെട്ടു. ശത്രുവിമാനങ്ങൾ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിക്കാനുള്ള ശ്രമമാണെന്നു മനസ്സിലായി’– മിന്റി ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ശത്രുവിമാനത്തെ നശിപ്പിക്കുകയാണ് ഇനിയുള്ള അടിയന്തര ദൗത്യം. റഡാറിൽ ചുവന്ന പൊട്ടുകളുടെ എണ്ണം കൂടി. എതിരാളിയുടെ കൂടുതൽ വിമാനങ്ങൾ യുദ്ധ സജ്ജമായെന്നു തിരിച്ചറിഞ്ഞു. ജമ്മു കശ്മീരിന്‍റെ ഭാഗങ്ങളില്‍ അവ നിരക്കുകയാണെന്നു ബോധ്യമായി. മുന്നിലുണ്ടായിരുന്ന സ്ക്രീന്‍ മുഴുവന്‍ ചുവപ്പ് നിറം. ഇന്ത്യൻ സേനയുടെ പോർവിമാനങ്ങളും കുതിച്ചുയർന്ന് പ്രതിരോധക്കോട്ട കെട്ടി. ശത്രുക്കളെ തുരത്തുന്നതിനൊപ്പം നമ്മുടെ വിമാനങ്ങൾക്കു കേടുപാടുണ്ടാകാതെ നോക്കുകയെന്ന ഉത്തരവാദിത്തവുമുണ്ട്, കൺട്രോൾ റൂമിലുള്ളവർക്ക്.

അഭിനന്ദന് ആകാശചിത്രം വിവരിച്ചു കൊടുത്തു. ഇന്ത്യയ്ക്കു നേരെ പാഞ്ഞടുത്ത ശത്രുവിന്റെ എഫ് 16ന് നേരെ അഭിനന്ദൻ ആക്രമണം നടത്തി. അതെല്ലാം സ്ക്രീനിൽ തൽസമയം കണ്ടു. അപ്രതീക്ഷിത പ്രഹരത്തിൽ പകച്ച എഫ് 16 സ്ക്രീനില്‍ നിന്ന് അപ്രത്യക്ഷമായപ്പോഴത്തെ വികാരം പറഞ്ഞറിയിക്കാനാവില്ല. ആവേശത്താൽ അഭിനന്ദൻ മുന്നോട്ടു പോയി. ശത്രുനിരയ്ക്കു നേരെ ആക്രമണം കനത്തു. അൽപ്പസമയത്തിനകം മിഗ് 21നെ കാണാതായപ്പോൾ ഞങ്ങൾ ആശങ്കപ്പെട്ടു. അഭിനന്ദനുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. പാക്കിസ്ഥാനിലെ ജാമർ സംവിധാനം ഞങ്ങളുടെ സന്ദേശങ്ങൾ കൈമാറുന്നതു തടസ്സപ്പെടുത്തി.

അഭിനന്ദനെ കിട്ടാതായ ആ നിമിഷത്തെക്കുറിച്ച് ഒന്നും പറയാനാകുന്നില്ല. എങ്കിലും പോരാട്ടം അവസാനിച്ചപ്പോൾ ഞാൻ മാത്രമല്ല, രാജ്യമാകെ സന്തോഷത്തിലാണെന്നു തോന്നി. നമുക്കൊരു മിഗ് 21 മാത്രമാണു നഷ്ടപ്പെട്ടത്. ശത്രുപക്ഷത്ത് സൈനികമായും മാനസികമായും വലിയ പ്രഹരം ഏൽപ്പിക്കാനായി. ആനന്ദത്തിന്റെ നിമിഷങ്ങൾ. ഇനിയുമൊരവസരം കിട്ടിയാൽ ഇതേ ഊർജത്തിലും കൂട്ടായ്മയോടെയും ദൗത്യം ഏറ്റെടുക്കും. അങ്ങനെയൊരു അവസരം തരണേയെന്നു ദൈവത്തിനോടു പ്രാർഥിക്കുകയാണ്’– ആവേശത്തിളക്കമുള്ള കണ്ണുകളോടെ മിന്റി പറഞ്ഞു.

നിയന്ത്രണരേഖയ്ക്കപ്പുറത്തേക്ക് ഇടിച്ചിറക്കിയ അഭിനന്ദനെ പാക്ക് സൈന്യം തടവിലാക്കി. നയതന്ത്ര സമ്മർദങ്ങളെ തുടർന്ന് മൂന്ന് ദിവസത്തിനു ശേഷം അഭിനന്ദന്‍ മോചിപ്പിക്കപ്പെട്ടു.

English Summary: Sq Ldr Minty Aggarwal becomes 1st woman awardee of Yudh Seva Medal; vectored Abhinandan's MiG that downed F-16

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com