ADVERTISEMENT

മെൽബൺ (ഓസ്ട്രേലിയ) ∙ മലയാളി യുവാവ് സാം ഏബ്രഹാമിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ കമലാസനന്റെ ശിക്ഷയിൽ ഇളവ് അനുവദിച്ചു കോടതി. 27 വർഷത്തെ തടവുശിക്ഷ 24 വർഷമായി കുറച്ചാണ് വിക്ടോറിയ സുപ്രീം കോടതിയുടെ മൂന്നംഗ അപ്പീൽ ബെഞ്ചിന്റെ ഉത്തരവ്. 23 വർഷത്തിനു ശേഷമെ പരോൾ നൽകാവൂ എന്ന വിധി 20 വർഷം ആക്കുകയും ചെയ്തു.

ശിക്ഷയിൽ ഇളവു വരുത്തിയെങ്കിലും, താൻ കുറ്റക്കാരനല്ലെന്ന അരുൺ കമലാസനന്റെ വാദം കോടതി തള്ളി. സാം ഏബ്രഹാം ആത്മഹത്യ ചെയ്തതാകാമെന്ന അരുണിന്റെ വാദവും അതു സ്ഥാപിക്കാനായി മുന്നോട്ടുവച്ച വാദങ്ങളുമാണ് കോടതി തള്ളിയത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അരുൺ കമലാസനൻ കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങൾ വിചാരണസമയത്ത് ജൂറി പരിശോധിച്ചിരുന്നെന്നും സയനൈഡ് നൽകിയാണ് സാമിനെ കൊലപ്പെടുത്തിയതെന്ന് അരുൺ പറയുന്നത് ഈ ദൃശ്യങ്ങളിൽ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കേസിലെ കൂട്ടുപ്രതിയും സാം ഏബ്രഹാമിന്റെ ഭാര്യയുമായ സോഫിയ നൽകിയ ഹർജി കോടതി പരിഗണിച്ചില്ല. 22 വർഷത്തെ തടവാണ് കേസിൽ സോഫിയയ്ക്ക് വിധിച്ചിരിക്കുന്നത്. 18 വർഷത്തിനു ശേഷമെ പരോൾ അനുവദിക്കാവൂ എന്നും വ്യവസ്ഥയുണ്ട്. അപ്പീൽ കോടതിയുടെ വിധിക്കെതിരെ പ്രതികൾക്ക് ഇനി ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ അവകാശമുണ്ട്.

അരുൺ കമലാസനനും സോഫിയയ്ക്കും കുറ്റകൃത്യത്തിൽ ഏകദേശം തുല്യ പങ്കാളിത്തമാണമെന്നും അതുകൊണ്ടു തന്നെ അരുണിനു കൂടൂതൽ ശിക്ഷ നൽകുന്നത് നീതിയല്ലെന്നു അപ്പീൽ കോടതി നിരീക്ഷിച്ചു. ഇരുവരുടെയും ജീവിത രീതികളും സാഹചര്യങ്ങളുമെല്ലാം സമാനമാണ്. അതിനാൽ 22 ശതമാനം കൂടുതൽ ജയിൽ ശിക്ഷ അരുണിന് നൽകാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശിക്ഷയിൽ ഇളവ് അനുവദിച്ചത്.

പ്രണയവിവാഹം, പിന്നീട് അരുംകൊല

യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന, പുനലൂർ കരുവാളൂർ ആലക്കുന്നിൽ സം ഏബ്രഹാം (34) ഭാര്യയ്ക്കും മകനുമൊപ്പം താമസിച്ചിരുന്ന മെൽബണിലെ വീട്ടിലെ കിടപ്പുമുറിയിൽ 2015 ഒക്ടോബർ 14ന് ആണു മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൃദയാഘാതംമൂലം മരിച്ചതാണെന്നു വീട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിച്ച സോഫിയ, മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കരിച്ചശേഷം മകനോടൊപ്പം മെൽബണിലേക്കു മടങ്ങി. പൊലീസ് 10 മാസത്തിനുശേഷം, 2016 ഓഗസ്റ്റ് 12നാണു സോഫിയയെയും കാമുകൻ അരുൺ കമലാസനനെയും അറസ്റ്റ് ചെയ്തത്.

sam-abraham-sofia
സാം ഏബ്രഹാമും സോഫിയയും. ചിത്രം: ഫെയ്സ്ബുക്ക്

കോളജിൽ ആരംഭിച്ച തീവ്രപ്രണയത്തിന്റെ ഒടുവിലാണ് സാമും സോഫിയയും വിവാഹിതരാകുന്നത്. കോട്ടയത്ത്‌ കോളജിൽ പഠിക്കുമ്പോഴാണ് സോഫിയ സാമുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. പിന്നീട് വിവാഹിതരായ ഇരുവരും ഓസ്ട്രേലിയയിൽ എത്തുകയും ചെയ്തു. സാമുമായി അടുപ്പത്തിലായിരിക്കുമ്പോൾത്തന്നെ കൊല്ലം സ്വദേശിയും അതേ കോളജിലെ വിദ്യാർഥിയുമായ അരുണുമായും സോഫിയ ബന്ധം സ്ഥാപിച്ചിരുന്നു. വിവാഹത്തിനു ശേഷവും ആ അടുപ്പം നിലനിർത്തിയ സോഫിയ പിന്നീട് അരുൺ ഓസ്ട്രേലിയയിൽ എത്തിയതോടെ കൂടുതൽ തീവ്രമായ ബന്ധത്തിലായി. ഈ ബന്ധം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനാണ് സാമിനെ ഇല്ലാതാക്കാൻ തീരുമാനിച്ചത്.

സാമിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ച ശേഷം സോഫിയ മെൽബണിലേക്കു മടങ്ങി. ഏതാനും മാസത്തിനുശേഷം താമസിച്ചിരുന്ന വീട് ഒഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് ഇവർ താമസം മാറ്റി. സോഫിയയും അരുണും അറസ്റ്റിൽ ആകുന്നതുവരെ സാമിന്റേതു സാധാരണ മരണം എന്നാണു ബന്ധുക്കളും സുഹൃത്തുക്കളും വിശ്വസിച്ചിരുന്നത്. ആകസ്മിക മരണം എന്നു വിശ്വസിച്ച മെൽബൺ മലയാളികൾ, സാമിന്റെ മരണത്തെത്തുടർന്നു സാമ്പത്തികമായി പ്രതിസന്ധിയിലായ കുടുംബത്തെ സഹായിക്കാൻ മുപ്പതിനായിരം ഡോളർ സ്വരൂപിച്ച് സോഫിയയ്ക്ക് നൽകിയിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ആന്തരാവയവങ്ങളിൽ സയനൈഡിന്റെ അംശം കാണപ്പെട്ടതിൽ പൊലീസിന് സംശയം തോന്നി. അതീവ രഹസ്യമായി ഡിറ്റക്ടീവ് വിഭാഗം നടത്തിയ അന്വേഷണത്തിൽ സോഫിയയും അരുണും കുരുക്കിലായി. ഇവർ തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ നിർണായക തെളിവായി. സോഫിയയും അരുണും തമ്മിൽ ആറായിരത്തോളം തവണ ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തി. 100 മണിക്കൂറോളം വരുന്ന ഈ സംഭാഷണങ്ങളത്രയും മലയാളത്തിൽ നിന്ന് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി കോടതിയിൽ സമർപ്പിച്ചു.

മരിക്കുന്നതിനു മൂന്നു മാസം മുൻപ് സാമിനെതിരെ റെയിൽവേ സ്റ്റേഷൻ പാ‍ർക്കിങ്ങിൽ ഉണ്ടായ കൊലപാതകശ്രമം അന്വേഷിച്ച പൊലീസിന്റെ നിരീക്ഷണം അരുണിലേക്കും സോഫിയയിലേക്കും ചെന്നെത്തുകയായിരുന്നു. പലവട്ടം സാമിനെ കൊലപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ വിജയിക്കാതെ വന്നപ്പോഴാണ് ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകാൻ ഇവർ തീരുമാനിച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

sam-sofia-file
സാം ഏബ്രഹാമിന്റെ മൃതദേഹത്തിനരികെ ഭാര്യ സോഫിയ (ഫയൽചിത്രം)

2018 ജനുവരി 29നാണ് 14 അംഗ ജൂറിക്കു മുമ്പിൽ വിചാരണ ആരംഭിച്ചത്. രണ്ടാഴ്ച നീണ്ട വിചാരണയ്ക്കൊടുവിൽ ഇരുവരും കുറ്റക്കാരാണെന്നു കണ്ടെത്തി. മകന്റെ ഭാവിയെ കരുതി കുറഞ്ഞ ശിക്ഷ നൽകണമെന്ന് സോഫിയ അപേക്ഷിച്ചപ്പോൾ, മകനോടൊപ്പം ഒരേ കട്ടിലിൽ ഉറങ്ങിക്കിടന്ന ഭർത്താവിനു വിഷം നൽകുമ്പോൾ മകനെക്കുറിച്ചു പ്രതി ചിന്തിച്ചില്ലെന്നും അവൻ ഉറക്കമുണരുമ്പോൾ തൊട്ടടുത്ത്‌ പിതാവ് മരിച്ചുകിടക്കുന്നത് കാണേണ്ടിവരുമെന്ന കാര്യം പരിഗണിച്ചില്ലെന്നും അതിനാൽ കടുത്ത ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അരുണിനു മാനസിക പ്രശ്നങ്ങളുണ്ടെന്നു തെളിയിക്കാനായി ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമുള്ള വിദഗ്ധരുടെ റിപ്പോർട്ടുകൾ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. അരുണിനെ ശിക്ഷിച്ചാൽ കേരളത്തിലുള്ള തങ്ങൾ പ്രതിസന്ധിയിലാകുമെന്നു കാട്ടി ഭാര്യയും കുട്ടിയും പ്രായമായ മാതാപിതാക്കളും കത്തെഴുതിയിരുന്നെങ്കിലും അതിനെല്ലാം ഉത്തരവാദി അരുൺ ആണെന്നതിനാൽ പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. രണ്ടാഴ്ച കൊണ്ടു പൂർത്തിയായ വിചാരണയ്ക്കു ശേഷം കഴിഞ്ഞ വർഷം ജൂൺ 21–നാണ് ഇരുവർക്കും കോടതി ശിക്ഷ വിധിച്ചത്.

English Summary: Sam Abraham Murder Case Culprit Arun Kamalasanan's Sentence Reduced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com