ADVERTISEMENT

റോത്തക്ക്∙ കോൺഗ്രസ് വലിയ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനമാണ് ഹരിയാന. താഴേത്തട്ട് മുതൽ പാർട്ടിയുടെ സംഘടനാ സംവിധാനം നിശ്ചലമാണ്. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയും ഹരിയാന കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാറും തമ്മിലുള്ള ഭിന്നതയിൽ ചെറുവിരൽ അനക്കാത്ത ദേശീയ നേതൃത്വത്തോട് കോൺഗ്രസിൽ തന്നെ വൻ അമർഷമാണു പുകയുന്നത്. 1998ൽ റോത്തക്കിലെ റാലിയിൽ ജനസാഗരത്തെ സാക്ഷിയാക്കി രാഷ്ട്രീയ ജീവിതത്തിനു തുടക്കമിട്ട സോണിയ ഗാന്ധിക്കു രണ്ടാം വരവിൽ റോത്തക്ക് വീണ്ടും പരീക്ഷണ വേദിയാകും. 

എല്ലാ കണ്ണുകളും ഞായാറാഴ്ച ഭൂപീന്ദര്‍ സിങ് ഹൂഡ എന്ന ഹരിയാന കോൺഗ്രസിലെ അതികായൻ തന്റെ ശക്തികേന്ദ്രമായ റോത്തക്കിൽ വിളിച്ചു ചേർത്ത റാലിയിലാണ്. ഞായാറാഴ്ച ഹൂഡ തന്റെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നതോടെ രാഷ്ട്രീയ കക്ഷികളും ആകാംക്ഷയിലാണ്. സംസ്ഥാനത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് ബിജെപിയും രംഗത്തുണ്ട്. 

മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് ഹരിയാന ഭരിക്കുന്നത്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയമാണ് ബിജെപി നേടിയത്. 2005 ൽ രണ്ടും 2009ൽ നാലും മാത്രം സീറ്റുകൾ നേടിയ ബിജെപി 2014 ൽ 90 നിയമസഭാ സീറ്റുകളിൽ 47 സീറ്റിൽ വിജയിച്ച് കേവലഭൂരിപക്ഷം നേടിയിരുന്നു. 2005 ൽ 67 ഉം 2009 ൽ 40 സീറ്റും നേടിയ കോൺഗ്രസ് 2014 ൽ 15 സീറ്റിൽ ഒതുങ്ങി. ബിജെപി– 47, ഐഎൻഎൽഡി– 19, കോൺഗ്രസ്–15, എച്ച്ജെസി–2 മറ്റുള്ളവർ– 5 എന്നിങ്ങനെയാണു നിയമസഭയിലെ കക്ഷിനില.

ജമ്മുകശ്മീർ വിഷയത്തിൽ ബിജെപിയെ പിന്തുണച്ച് ഭൂപീന്ദര്‍ ഹൂഡയുടെ മകൻ ദീപേന്ദർ ഹൂഡ രംഗത്തെത്തിയതോടെ ഹൂഡ ബിജെപി പാളയത്തിലേക്കു പോകുമെന്ന് അഭ്യൂഹങ്ങൾ പരന്നു. 15 എംഎൽമാരിൽ 12 പേരും ഹൂഡയ്ക്കൊപ്പം നിൽക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തു. എന്നാൽ ഹരിയാനയിൽ ബിജെപിക്കും കൃത്യമായ ലക്ഷ്യങ്ങളുണ്ട്. നല്ല ആളുകൾക്ക് ബിജെപിയിൽ ഇടമുണ്ടാകും. അവരെ പാർട്ടി ബഹുമാനിക്കുകയും ചെയ്യുമെന്ന് ഹരിയാനയിലെ റാലിയിൽ അമിത് ഷാ പ്രസംഗിച്ചത് ഈ സാഹചര്യങ്ങൾ മുന്നിൽ കണ്ടാണെന്നും പ്രചരണമുണ്ട്.

എന്നാൽ ഹൂഡ കോൺഗ്രസ് വിടില്ലെന്നു തന്നെയാണു നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. വിവിധ കേസുകളിൽ സിബിഐ അന്വേഷണം നേരിടുന്ന ഹൂഡ ഈ സാഹചര്യത്തിൽ കോൺഗ്രസ് വിടില്ലെന്നാണു പ്രതീക്ഷയെന്നു മുതിർന്ന നേതാക്കൾ പ്രതികരിക്കുകയും ചെയ്തു. ബിജെപിക്കുള്ള ശക്തമായ മറുപടിയാണ് പരിവര്‍ത്തന്‍ (മാറ്റം) എന്ന ലക്ഷ്യവുമായി ഹൂ‍ഡ നടത്തുന്ന റാലിയെന്നാണു വിശദീകരണമെങ്കിലും പാർട്ടിയുമായുള്ള വിലപേശലായി ഹൂഡയുടെ റാലിയെ കാണുന്നവരുണ്ട്. സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിഭാഗം പേരും ഹൂഡയ്ക്കൊപ്പമാണെന്നും അതിനാൽ തന്നെ ഹൂഡയ്ക്കു മുൻപിൽ ദേശീയ നേതൃത്വത്തിനു മുട്ടുമടക്കേണ്ടി വരുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Bhupinder Singh Hooda
ഭൂപീന്ദർ സിങ് ഹൂഡ

അശോക് തൻവാർ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് തെറിച്ചാൽ തന്റെ നിലപാടുകളിൽ ഹൂഡ മാറ്റം വരുത്തുമെന്നും പുതിയ പാർട്ടിപ്രഖ്യാപനമെന്ന കടുത്ത നടപടികളിൽ നിന്ന് ഹൂ‍‍ഡ വിട്ടുനിൽക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. തന്‍വാറിനെ അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കാൻ ദേശീയ നേതൃത്വം തയാറാകാത്തതാണ് ഹൂഡ ക്യാംപിനെ അസ്വസ്ഥമാക്കുന്നത്. ഹൂഡയെ സംസ്ഥാന അധ്യക്ഷനാക്കണമെന്നാണു മുറവിളി. 

ഹരിയാനയിലെ കോൺഗ്രസ് പിളർപ്പിന്റെ വക്കീലാണെന്നും മുൻ മുഖ്യമന്ത്രി തന്നെ പാർട്ടി പിളർത്തുമെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോഴും വ്യക്തമായ നിലപാടോ കാര്യമായോ നടപടികളോ നേതൃത്വത്തിന്റെ ഭാഗത്തുനിന്നില്ല. എല്ലാം കാത്തിരുന്നു കാണാമെന്നാണു പ്രതികരണം. ഹൂ‍‍ഡ ബിജെപിയെക്കാൾ ഉന്നം വയ്ക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡിനെ തന്നെയാണെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ കോണ്‍ഗ്രസ് ഹൂഡയെ നിയോഗിച്ചില്ലെങ്കിൽ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്നു ഹൂ‍ഡയുടെ അടുത്ത അനുയായികളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ഹൂഡ തള്ളിയെന്നും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി വന്നതോടെ സാഹചര്യങ്ങൾ മാറിയെന്നും ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

Narendra Modi Amit Shah
നരേന്ദ്ര മോദി, അമിത് ഷാ

കോൺഗ്രസ് ദേശീയ നേതാക്കളെയോ പിസിസി അധ്യക്ഷന്‍ തൻവാറിനെയോ ക്ഷണിക്കാതെ നടത്തുന്ന റാലിയിൽ ഹൂഡയ്ക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നു തന്നെയാണു വിവിധ കോണുകളിൽ നിന്ന് ഉയരുന്ന വിമർശനം. മുന്‍ മന്ത്രി കൃഷ്ണ ഹൂഡയാണ് ഈ ആരോപണം ഉയർത്തി ആദ്യം രംഗത്തു വന്നത്. 2014 ൽ അശോക് തൻവാർ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതുമുതൽ പാർട്ടിയിൽ ആരംഭിച്ച ഉൾപ്പോരാണു പിളർപ്പിലേക്കു വഴിതുറക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങിയ ഹരിയാന കോൺഗ്രസിനെ ഈ വർഷം അവസാനത്തോടെ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനു സജ്ജമാക്കുകയെന്നതാണു ദേശീയ അധ്യക്ഷ സോണിയ ഗാന്ധി നേരിടുന്ന പ്രധാന വെല്ലുവിളി. പാർട്ടിയിലെ വിഭാഗീയത പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ ഹരിയാന പിളർപ്പിനു സാക്ഷ്യം വഹിക്കേണ്ടി വരും.  

അശോക് തൻവാറിനെ മാറ്റണമെന്ന ആവശ്യത്തിൽ ഹൂഡയും മകൻ ദീപേന്ദർ സിങ് ഹൂഡയും ഉറച്ചു നിൽക്കുന്നതോടെ ദേശീയ നേതൃത്വത്തിനു വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടി വരും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിൽ ഹൂഡയും മകനും  തോറ്റമ്പിയതോടെ ഇവർക്കെതിരെ അശോക് തൻവർ നടത്തിയ അപ്രതീക്ഷിത നീക്കമാണ് ഹൂഡ ക്യാംപിനെ പ്രകോപിച്ചത്. ലോക്സഭയിലേക്കു പരാജയപ്പെട്ടവര്‍ നിയമസഭയിലേക്കു മത്സരിക്കേണ്ടെന്ന തന്‍വാറിന്‍റെ നിര്‍ദേശം ഹൂഡയെ ഒതുക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് ഉടലെടുത്തതാണെന്ന് അനുകൂലികൾ വിശ്വസിച്ചു. 

English Summary: Eyes on Bhupinder Singh Hooda's rally amid split buzz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com