ADVERTISEMENT

കൊച്ചി ∙ സിപിഐ നടത്തിയ ഡിഐജി ഓഫിസ് മാർച്ചിൽ എംഎൽഎ എൽദോ ഏബ്രഹാം ഉൾപ്പെടെയുള്ളവർക്കു പൊലീസ് മർദനമേറ്റ സംഭവത്തിൽ, സെൻട്രൽ എസ്ഐ വിപിൻദാസിന് സസ്പെൻഷൻ. സംഭവത്തിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെങ്കിലും എംഎൽഎയെ എസ്ഐ തിരിച്ചറിയേണ്ടതായിരുന്നുവെന്നു കൊച്ചി സിറ്റി അഡീഷണൽ കമ്മിഷണറും ഡിഐജിയുമായ കെ.പി.ഫിലിപ്പിന്റെ ഉത്തരവിൽ പറയുന്നു.

ലാത്തിച്ചാർജിൽ പൊലീസിന്റെ ഭാഗത്തു വീഴ്ചയില്ലെന്നും നടപടി ആവശ്യമില്ലെന്നുമായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ട്. പൊലീസിന്റെ ഭാഗത്തു വീഴ്ചയുള്ളതായി നേരത്തേ ജില്ലാ കലക്ടർ എസ്.സുഹാസ് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. റിപ്പോർട്ടിൽ പൊലീസിനെതിരെ പരാമർശമുണ്ടെന്നായിരുന്നു മുൻപു പുറത്തുവന്ന സൂചന. കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ആവശ്യമില്ലെന്ന ശുപാർശയാണു ഡിജിപി നൽകിയിരുന്നത്.

കലക്ടറുടെ അന്വേഷണ റിപ്പോർട്ടിന്മേൽ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം നീണ്ടുപോയി. സിപിഐയുടെ പ്രതിഷേധം കനത്തതോടെയാണ് എസ്ഐക്കെതിരെ നടപടി വന്നത്. കഴിഞ്ഞ മാസം 23നുണ്ടായ ലാത്തിച്ചാർജിൽ എൽദോ ഏബ്രഹാമിന്റെ ഇടതു കൈയ്ക്കും മുതുകിലും പരുക്കേറ്റിരുന്നു. പരുക്കേറ്റ കയ്യിലെ പ്ലാസ്റ്റർ വെട്ടിയെങ്കിലും ശാരീരിക അസ്വസ്ഥതകൾ തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു.

English Summary: Action Against SI in Kochi Police Attack Issue 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com