ADVERTISEMENT

തിരുവനന്തപുരം∙ പി‌എസ്‌സിയുടെ സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടിക വിവാദത്തില്‍ ക്രൈംബ്രാഞ്ച് സംഘം സെന്‍ട്രല്‍ ജയിലിലെത്തി യൂണിവേഴ്സിറ്റി കോളജ് മുൻ എസ്എഫ്‌ഐ നേതാക്കളായ നസീമിന്റെയും ശിവരഞ്ജിത്തിന്റെയും മൊഴി രേഖപ്പെടുത്തി. പരീക്ഷാ സമയത്ത് ഫോണുപയോഗിച്ചിട്ടില്ലെന്നും, സുഹൃത്തുക്കള്‍ സാധാരണ അയയ്ക്കുന്ന സന്ദേശമാണ് ഫോണിലേക്കുവന്നതെന്നുമാണ് ഇവർ മൊഴി നൽകിയത്.

എന്നാൽ ഇതു പൂര്‍ണമായി വിശ്വാസത്തിലെടുക്കാതെ പ്രതികളെ പ്രത്യേകമായി തയ്യാറാക്കിയ തുടർചോദ്യങ്ങളിലൂടെ ‘കുരുക്കിട്ട്’ കുറ്റകൃത്യം തെളിയിക്കാൻ വേണ്ട നിർണായക വിവരങ്ങൾ ശേഖരിച്ചതായാണ് സൂചന. ചോദ്യപേപ്പര്‍ പുറത്തുപോയത് സംബന്ധിച്ച് നസീമും ശിവരഞ്ജിത്തും നൽകിയ മൊഴികളിലും വൈരുധ്യം കണ്ടെത്തി. കോപ്പിയടിയുണ്ടായിട്ടില്ലെന്ന മൊഴിയിൽ ഉറച്ചു നിന്നെങ്കിലും പിഎസ്‌സി പരീക്ഷയ്ക്ക് ശരിയായി ഉത്തരം നൽകിയ ചില ചോദ്യങ്ങൾക്ക് ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിൽ ഇവർക്ക് കൃത്യമായ ഉത്തരം നൽകാനായില്ല. പരീക്ഷാ ക്രമക്കേടിൽ സഹായിച്ച പൊലീസുകാരനുൾപ്പെടെ ഒളിവിലാണ്.

പിഎസ്‌സിയുടെ സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷാ തട്ടിപ്പില്‍ ചോദ്യക്കടലാസ് ചോര്‍ന്നത് യൂണിവേഴ്സിറ്റി കോളജില്‍നിന്നാണെന്നു സൂചിപ്പിക്കുന്ന രേഖകള്‍ പിഎസ്‌സി വിജിലന്‍സ് നേരത്തെ പൊലീസിനു കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എ.ഷാനവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പൊലീസുകാരന്‍ ഉള്‍പ്പെടെ അഞ്ചു പേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരും ഇവര്‍ക്ക് പരീക്ഷാ സമയത്ത് സന്ദേശങ്ങള്‍ ഫോണിലൂടെ നല്‍കിയ പേരൂര്‍ക്കട എസ്എപി ക്യാംപിലെ ഗോകുല്‍, കല്ലറ സ്വദേശി സഫീര്‍ എന്നിവരുമാണ് കേസിലെ പ്രതികള്‍. ഗോകുലിന്റെ ഫോണില്‍നിന്ന് ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് സന്ദേശങ്ങള്‍ പോയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗോകുലിനെ സ്പെഷല്‍ ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഗോകുലും സഫീറും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. പിഎസ്‌സി ചെയര്‍മാന്‍ പത്രസമ്മേളനം നടത്തി ആഭ്യന്തര വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ പുറത്തുവിട്ടതിനുശേഷം ഇരുവരും വീട്ടിലെത്തിയിട്ടില്ല.

രണ്ടുപേരും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തന രഹിതമാണ്. ലുക്ക് ഔട്ട് നോട്ടിസിലുള്ളവര്‍ നേരത്തെ ഉപയോഗിച്ചിരുന്ന നമ്പരുകളും ഓഫ് ആണ്. ഇവര്‍ മറ്റു നമ്പരുകള്‍ ഉപയോഗിച്ച് പരസ്പരം ബന്ധപ്പെടുന്നതായി ക്രൈംബ്രാഞ്ച് സംശയിക്കുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരച്ചില്‍ നടക്കുന്നതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസില്‍ രണ്ടാമത് പുറത്തിറക്കിയ ലുക്ക് ഔട്ട്നോട്ടിസിലെ 11പേരെയും പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. പിഎസ്‌സി റാങ്ക് ലിസ്റ്റ് വിവാദത്തിലെ പി.പി.പ്രണവും ലുക്ക് ഔട്ട് നോട്ടിസിലുണ്ട്. യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതികള്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് വിവാദത്തിലായ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് പട്ടികയില്‍ രണ്ടാം റാങ്കുകാരനും കുത്തുകേസില്‍ 17-ാം പ്രതിയുമാണ് പ്രണവ്. പിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്കുകാരനും കുത്തുകേസിലെ ഒന്നാംപ്രതിയുമായ ശിവരഞ്ജിത്തും കുത്തുകേസിലെ രണ്ടാംപ്രതിയും പിഎസ്‌സി പരീക്ഷയിലെ 28-ാം റാങ്കുകാരനുമായ നസീമും സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.

പ്രണവിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് കന്റോണ്‍മെന്റ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രണവും ലുക്ക്ഔട്ട് നോട്ടിസിലെ ചിലരും തിരുവനന്തപുരത്തെ സുഹൃത്തുക്കളുടെ വീടുകളിലുണ്ടെന്നും ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ലഭിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. കുത്തു കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും സൂചനയുണ്ട്. പ്രതികളായവരുടെ സുഹൃത്തുക്കളാണ് ഇതിനുള്ള നീക്കങ്ങള്‍ നടത്തുന്നത്.

യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥികളായ മുഹമ്മദ് ഇബ്രാഹിം, പി.പി.പ്രണവ്, നിധിന്‍, മുഹമ്മദ് അസ്ലം, ഹരീഷ്, രഞ്ജിത്ത്, അമര്‍, കോളജിലെ മുന്‍ വിദ്യാര്‍ഥികളായ നന്ദകിഷോര്‍, ഹൈദര്‍ ഷാനവാസ്, സംസ്കൃത കോളജ് വിദ്യാര്‍ഥികളായ അരുണ്‍കുമാര്‍, നസീം എന്നിവരാണ് രണ്ടാമത്തെ ലുക്ക് ഔട്ട് നോട്ടിസിലുള്ളത്. എല്ലാവരും എസ്എഫ്ഐ പ്രവര്‍ത്തകരാണ്. ആദ്യ ലുക്ക് ഔട്ട് നോട്ടിസിലെ ആറു പേര്‍ ഉള്‍പ്പെടെ എട്ടു പേരാണ് ഇതുവരെ പിടിയിലായത്. ഇതിൽ പലരും കീഴടങ്ങുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com