ADVERTISEMENT

ഫ്ലോറിഡ ∙ പതിമൂന്നാം വയസ്സിൽ തന്നെ അതിക്രൂരമായി പീഡിപ്പിച്ചിരുന്ന രണ്ടാനച്ഛനെ ഗുരുതരമായി പരുക്കേൽപ്പിച്ചാണ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും രക്തദാഹിയായ െകാലയാളി ഗാരി റേ ബൗൾസിന്റെ കുറ്റകൃത്യ ചരിത്രം ആരംഭിക്കുന്നത്. ചരിത്രം ഒരിക്കലും ആവർത്തിക്കില്ലെന്ന പഴമൊഴിയാണ് ബൗൾസ് തിരുത്തിയത്. ഗാരി റിഡ്‌വേ, ടെഡ് ബണ്ടി, ജോൺ വെയ്ൻ ഹെയ്‌സി എന്നിങ്ങനെ, യുഎസിന്റെ ചരിത്രത്തിലെ അതിഭീകരരായ പരമ്പരക്കൊലയാളികളുടെ നിരയിലാണ് ബൗൾസിന്റെയും സ്ഥാനം.

എട്ടുമാസത്തിനിടെ ആറു കൊലപാതകങ്ങൾ. 22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഓഗസ്റ്റ് 22 വ്യാഴം വൈകിട്ട് ആറിന് അതിഭീകരനായ ആ െകാലയാളി വധശിക്ഷയ്ക്ക് വിധിക്കപ്പെടും. രാജ്യം സ്പോൺസർ ചെയ്യുന്ന അരുംകൊലയാണ് വധശിക്ഷയെന്നും ഗാരി റേ ചെയ്ത കൊലകളെ ന്യായീകരിക്കുന്നില്ലെങ്കിലും വധശിക്ഷ ഒഴിവാക്കണമെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം. ഓഗസ്റ്റ് 13 ന് ഫ്ലോറിഡയിലെ സുപ്രീംകോടതി ഗാരി റേയുടെ അപ്പീൽ തള്ളിയതോടെയാണ് വധശിക്ഷയ്ക്കു വഴിയൊരുങ്ങിയത്.

ഹാരി സ്ട്രാസ് എന്ന കൊടുംകുറ്റവാളിയോട് ആരാധന; സമാനതകളില്ലാത്ത കൊലയാളി

അമേരിക്കയിലെ അതിഭയാനകവും മൃഗീയവുമായ കൊലകളിൽ കുറ്റാന്വേഷകർക്കു മറക്കാനാവാത്ത പേരാണ് ഹാരി സ്ട്രാസ് എന്ന പരമ്പരക്കൊലയാളിയുടേത്. പിസ്റ്റൽ, മഞ്ഞുകട്ട, കയർ എന്നിവ ഉപയോഗിച്ച് മുപ്പതിലേറെ ആളുകളെ ഹീനമായി കൊന്നു തള്ളിയ ഹാരി സ്ട്രാസ് മരിച്ച് 58 വർഷം കഴിഞ്ഞിട്ടും പേടിസ്വപ്നമായി തുടരുന്നു.അതിനെക്കാൾ ഭയാനകമാണ് ഗാരി റേ ബൗൾസിന്റെ രീതികൾ. എഫ്ബിഐയുടെ, ഏറ്റവും അപകടകാരികളായ ക്രിമിനലുകളുടെ പട്ടികയിൽ ഗാരി ഇടം പിടിച്ചിരുന്നു. ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത കൊലയാളിയെന്നായിരുന്നു ഗാരി റേയെ അന്വേഷണ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്.

എട്ടുകാലി ഇരകളെ വേട്ടയാടുന്നതു പോലെ ഗാരി തന്റെ ഇരകൾക്കായി കാത്തിരുന്നു, വന്യമൃഗത്തെപ്പോലെ ഇരകൾക്കു മേൽ ചാടി വീണു. അവസാന ശ്വാസത്തിനായി നിലവിളിക്കുന്ന ഇരകളുടെ വായിൽ കയ്യിൽ കിട്ടുന്നതെല്ലാം അയാൾ തിരുകിക്കയറ്റി. ഇരകളുടെ വായിൽ നിന്ന് ടവൽ, ടോയ്‌ലറ്റ് പേപ്പറുകൾ, മഞ്ഞുകട്ടകൾ, ചെളി എന്നിവ പൊലീസ് കണ്ടെത്തിയിരുന്നു.

മുറിവേറ്റ കുട്ടി; രണ്ടാനച്ഛനെ മുറിവേൽപ്പിച്ച് നാടുവിട്ടു

ഖനിത്തൊഴിലാളിയായ അച്ഛൻ ശ്വാസകോശ രോഗം മൂലം മരിച്ചതോടെയാണ് ബാലനായ ഗാരി റേയുടെ ജീവിതം നരകതുല്യമായത്. അച്ഛൻ മരിച്ച് ആറുമാസം പിന്നിട്ടപ്പോൾ അമ്മ പുനർവിവാഹിതയായി. മദ്യപാനിയും അതിക്രൂരനുമായിരുന്ന രണ്ടാനച്ഛൻ ഗാരിയെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. മൂത്തസഹോദരങ്ങളും െകാടിയ പീഡനങ്ങൾക്ക് ഇരയായി. പതിമൂന്നാം വയസ്സിൽ രണ്ടാനച്ഛനെ മാരകമായി മുറിവേൽപ്പിച്ചാണ് അന്നുവരെ ശരീരത്തിലും മനസ്സിലും ഏറ്റ മുറിവുകൾക്ക് ആ ബാലൻ പ്രതികാരം ചെയ്തത്.

അമ്മ ആ വിവാഹബന്ധത്തിൽനിന്നു പിൻമാറില്ലെന്നു മനസ്സിലായതോടെ പതിമൂന്നാം വയസ്സിൽ നാടുവിട്ടു. സ്ത്രീകളെപ്പോലെ വേഷം ധരിച്ച് വേശ്യാവൃത്തി നടത്തിയാണ് പിന്നീട് ജീവിതം തള്ളി നീക്കിയത്. 1982 ൽ പെൺസുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചതിനും ശാരീരികമായി ഉപദ്രവിച്ചതിനും അറസ്റ്റിലായി. ആറുവർഷത്തെ ജയിൽ ശിക്ഷയ്ക്കു ശേഷം പുറത്തിറങ്ങിയ ബൗൾസ് ഒരു വൃദ്ധയിൽനിന്നു പണം അപഹരിച്ച കേസിൽ വീണ്ടും അകത്തായി. ഇത്തവണ നാലു വർഷം തടവ്. ജയിൽ അധികാരികളുടെ പ്രീതിക്കു പാത്രമായതോടെ ശിക്ഷയിൽ ഇളവ് ലഭിച്ചു. രണ്ടു വർഷത്തിനുശേഷം മോചിതനായി.

സ്വവർഗാനുരാഗികളെ നോട്ടമിട്ടു; പണവും സെക്സും വാഗ്ദാനം

അഭയം നൽകിയ 59 കാരനെയും ഡേടോണ ബീച്ചിനടുത്ത് താമസമാക്കിയ ജോൺ ഹാർഡി റോബർട്സ് എന്നയാളെയുമായിരുന്നു ഗാരി റേ ആദ്യമായി കൊലപ്പെടുത്തിയത്. പണത്തിനു വേണ്ടി അടിച്ചും ശ്വാസംമുട്ടിച്ചും 1994 മാർച്ച് 14 നാണ് ജോൺ റോബർട്സിനെ ഗാരി കൊലപ്പെടുത്തിയത്. മേരിലാൻഡ്, ഫ്ലോറിഡ എന്നിവിടങ്ങളിലും ജോർജിയയിൽ രണ്ടിടത്തും നടന്ന െകാലപാതകങ്ങളിലും ഗാരിക്കു പങ്കുണ്ടെന്ന് പിന്നീടു തെളിഞ്ഞു. സെക്സും ജോലിയും പണവുമെല്ലാം വാഗ്ദാനം ചെയ്താണ് ഇയാൾ ഇരകളെ കുടുക്കിയിരുന്നത്.

അമിത മദ്യപാനാസക്തി പ്രകടിപ്പിച്ചിരുന്ന ഇയാൾ സ്വവർഗാനുരാഗികളെയാണ് നോട്ടമിട്ടിരുന്നത്. 1994 നംവബർ 17നായിരുന്നു അവസാനത്തെ കൊലപാതകം. തെളിവുകൾ നശിപ്പിക്കാനും ശിക്ഷയിൽനിന്ന് സമർഥമായി രക്ഷപ്പെടാനും മിടുക്കുള്ള ഗാരിയെ അമിത ആത്മവിശ്വാസമാണു കുടുക്കിയത്.

40 പൗണ്ട് തൂക്കമുള്ള കല്ല് ഉരുട്ടി മുഖത്തിട്ടു

ഗാരിയുടെ അവസാന ഇരയായ വാൾട്ടർ ഹിൽട്ടൻ അതിഭീകരമായാണ് കൊലചെയ്യപ്പെട്ടത്. ഒരു പകലും രാത്രിയും തുടർച്ചയായി ഹിൽട്ടനൊപ്പം മദ്യപിച്ച ശേഷം 40 പൗണ്ട് തൂക്കം വരുന്ന കല്ല് ഉരുട്ടി ഹിൽട്ടന്റെ മുഖത്തേക്കിടുകയായിരുന്നു. തിമോത്തി എന്ന പേരുള്ള ഒരാൾ ഹിൽട്ടനൊപ്പം താമസിച്ചിരുന്നതായി ഹിൽടണിന്റെ സഹോദരി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതാണ് കേസിൽ നിർണായകമായത്. തിമോത്തി എന്ന പേരിലായിരുന്നു ഗാരി അവിടെ കഴിഞ്ഞിരുന്നത്.

ഹിൽടണിന്റെ കൊലപാതകത്തോടെ, തെളിയാതെ കിടന്ന അഞ്ചു കൊലപാതകങ്ങൾ കൂടി തെളിഞ്ഞു. ഇരകളെ വലവീശിപ്പിടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു ഗാരി റേ സമ്മതിച്ചു. 1996 ൽത്തന്നെ സുപ്രീംകോടതി ഗാരിക്ക് വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും നിരന്തരമായ നിയമപോരാട്ടങ്ങളും അപ്പീലുകളും വിധി നടപ്പാക്കുന്നതിനു തടസ്സം സൃഷ്ടിക്കുകയായിരുന്നു.

വധശിക്ഷയ്ക്കെതിരെ പ്രതിഷേധം; തൂക്കുമരമല്ലാതെ മറ്റൊന്നും പകരമല്ലെന്നും വാദം

ഗാരി റേയുടെ വധശിക്ഷ യുഎസിൽ വൻപ്രതിഷേധങ്ങൾക്കും വഴിവച്ചു. വധശിക്ഷ പ്രാകൃതമാണെന്നും ഭരണകൂടം നടപ്പാക്കുന്ന കൊലപാതകം തന്നെയാണെന്നുമുള്ള വാദം ഉന്നയിച്ച് മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത കൊലയാളിക്കു തൂക്കുമരമല്ലാതെ മറ്റൊരു ശിക്ഷയും പകരമാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.

Gary Ray Bowles Serial Killer
ഗാരി റേ ബൗൾസ്

English Summary: Killer of gay men faces execution Thursday: Gary Bowles’ murders ended in Jacksonville Beach in 1994

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com